UPDATES

സിനിമ

ഒരേ ആവശ്യം, പല കോടതികള്‍; അവസാന ചാന്‍സില്‍ നേട്ടമുണ്ടാക്കുമോ ദിലീപ്

തനിക്കത് തെളിയിക്കാനുള്ള അവസരം കിട്ടിയാല്‍ നടിയെ ആക്രമിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നും ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു

                       

കൊച്ചിയില്‍ യുവനടിയെ ലൈംഗികമായി ആക്രമിക്കുന്നതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ദീലീപ് സുപ്രിം കോടതിയിലും. മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഇതേ ആവശ്യവുമായി ചെന്നിരുന്ന ദിലീപ്, രണ്ട് കോടതികളില്‍ നിന്നും പ്രതികൂല പ്രതികരണം കിട്ടിയതുകൊണ്ടാണ് ഇപ്പോള്‍ സുപ്രിം കോടതിയില്‍ എത്തിയിരിക്കുന്നത്.

കേസിലെ പ്രധാന തെളിവാണ് ഈ മൊബാല്‍ ദൃശ്യങ്ങള്‍. പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്റെ കൈവശമുള്ള പ്രധാന ആയുധവും ഇതു തന്നെ. എന്നാല്‍ ഈ തെളിവില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. തനിക്കത് തെളിയിക്കാനുള്ള അവസരം കിട്ടിയാല്‍ നടിയെ ആക്രമിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നും ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യം ഈ ആവശ്യം ദിലീപ് ഉന്നയിക്കുന്നത്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും നല്‍കിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് തിരിമറി നടന്നിട്ടുള്ളതാണ് വ്യക്തമാക്കുന്നതെന്ന് ദിലീപ് വാദിച്ചു. മെമ്മിറി കാര്‍ഡ് നല്‍കാതിരിക്കുന്നത് ബോധപൂര്‍വമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത് ദിലീപിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനായിരുന്നു. ആ തീരുമാനത്തില്‍ തൃപ്താനാകാതെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തന്നെ വേണമെന്ന് ദിലീപ് വീണ്ടും കോടതിയെ അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ ദിലീപിന്റെ ആവശ്യം സാധ്യമായില്ല.

ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ എത്തുന്നത്. ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നിരാകരിച്ചു. അഭിഭാഷകര്‍ ദൃശ്യങ്ങള്‍ കണ്ട് പരിശോധിച്ചതാണല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ സുപ്രിം കോടതിയില്‍ എത്തിയിരിക്കുന്നത്.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും പറഞ്ഞ അതേ കാര്യമാണ് സുപ്രിം കോടതി ഹര്‍ജിയിലും കേസിലെ എട്ടാം പ്രതിയായ ദിലീപ് ഉന്നയിച്ചിരിക്കുന്നത്; . ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തനിക്ക് അവകാശം ഉണ്ട്. പൊലീസ് കൈവശം വച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്ന വാദമാണ് എന്തുകൊണ്ട് ദൃശ്യങ്ങള്‍ തനിക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണമായും ദിലീപ് പറയുന്നത്.

ദിലീപിന്റെ ആരോപണങ്ങള്‍ ഇവയാണ്: കേസിലെ സുപ്രധാന തെളിവായി അന്വേഷണ സംഘം പറയുന്ന നടിയെ ആക്രമിക്കുന്നതിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇതാണ് എഡിറ്റിംഗ് നടന്നിട്ടുണ്ടെന്ന സംശയം ഉണ്ടാക്കുന്നത്.

തനിക്കെതിരേ നടന്ന ഗൂഢാലോചനയാണ് ഈ കേസ് എന്നും സിനിമയിലെ ചില പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പൊലീസിലെ ചില ഉന്നതരും ഇവരും ചേര്‍ന്ന് നടത്തിയിരിക്കുന്ന ഈ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമാണ് ദിലീപ് പറയുന്നത്.

അന്വേഷണ സംഘം കൈവശം വച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഓര്‍ജിനലല്ല. ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ നടിയെ ആക്രമിക്കുന്നത് തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിന്റെ പകര്‍പ്പ് ദൃശ്യങ്ങളാണ് പൊലീസിന്റെ കൈയിലുള്ളത്. ഒറിജന്‍ ദൃശ്യങ്ങള്‍ ഇതുവരെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ആ ദൃശ്യങ്ങള്‍ സുനി ആരുടെ കൈയിലാണ് ഏല്‍പ്പിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ട് അഭിഭാകര്‍ കേസില്‍ പ്രതികളാണ്.

മൊബൈല്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ കോ്്പ്പി ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും തുടക്കം മുതല്‍ എടുക്കുന്നത്. യുവനടിക്കെതിരെ കൂട്ടമാനഭംഗമാണ് നടന്നിരിക്കുന്നതെന്നും പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ശേഷം ആ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നുമാണ് ദീലിപിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ പറഞ്ഞത്. പുറത്തുവിടാന്‍ സാധിക്കാത്തതാണ് ദൃശ്യങ്ങള്‍. പ്രതിയുടെ അവകാശത്തെക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യത എന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. നീലച്ചിത്രം നിര്‍മ്മിക്കാനാണ് നടിയെ ആക്രമിച്ചതെന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നതിനാണ് പ്രതിഭാഗം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ക്കുന്നു.

സുപ്രിം കോടതിയില്‍ നിന്നും മുന്‍ അനുഭവങ്ങള്‍ തന്നെയാണ് നേരിടേണ്ടി വരികയാണെങ്കില്‍ കേസില്‍ ദിലീപിന് അതുണ്ടാക്കുന്നത് വന്‍ തിരിച്ചടിയായിരിക്കും. ദിലീപിന്റെ ആവശ്യപ്രകാരമാണ് നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനം നടത്തിയതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി.

Share on

മറ്റുവാര്‍ത്തകള്‍