April 20, 2025 |
Share on

ബിജെപിക്കാരനായ, അംബേദ്കറെ കാവിവത്കരിക്കുന്ന പാ.രഞ്ജിത്ത്; ലീന മണിമേകലൈ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍

പാ. രഞ്ജിത്ത് രജനികാന്തിനെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നതെന്നാണ് പ്രതിപക്ഷം ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ലീന മണിമേകലൈ വിമര്‍ശിക്കുന്നത്

സംവിധായകന്‍ പാ. രഞ്ജിത്തിനെതിരേ രാഷ്ട്രീയ വിമര്‍ശനം ഉയര്‍ത്തി എഴുത്തുകാരിയും സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയുമായ ലീന മണിമേകലൈ. രഞ്ജിത്ത് സിനിമകളിലെ രാഷ്ട്രീയമാണ് ലീന വിമര്‍ശന വിധേയമായി ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷം ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലിനുവേണ്ടി വി കെ അജിത്കുമാറുമായി നടത്തിയ സംഭാഷണത്തിലാണ് ലീന രഞ്ജിത്ത് സിനിമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.

രഞ്ജിത്ത് പറയുന്ന മതേതരത്വത്തെ ശ്രദ്ധിക്കൂ, അയാള്‍ക്ക് മാര്‍ക്‌സ് വേണ്ട പെരിയോറെ വേണ്ട അംബേദ്കറെ വേണം. അയാള്‍ സെക്കുലിറസം പറഞ്ഞ് ദ്രവീഡിയന്‍ മുന്നേറ്റത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്; പ്രതിപക്ഷം ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ലീന മണിമേകലൈ പാ. രഞ്ജിത്തിനെതിരേ ഉയര്‍്ത്തുന്ന നിര്‍ണായക വിമര്‍ശനമാണിത്.

പാ. രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസ് താന്‍ ഇഷ്ടപ്പെട്ട സിനിമയാണെങ്കിലും മറ്റ് സിനിമകളോട് പ്രിമില്ലെന്നാണ് ലീന പറയുന്നത്. രജനികാന്തിനെ നായകനാക്കി ചെയ്ത സിനിമകളെക്കുറിച്ചാണ് അത്തരമൊരു അഭിപ്രായം. വ്യക്തമായ വലുതപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന രജനികാന്തിനെ വച്ച് രഞ്ജിത്ത് രാഷ്ട്രീയ സിനിമ ചെയ്യുന്നതിനെ മറ്റൊരു തരത്തില്‍ വേണം കാണണമെന്നാണ് ലീന പറയുന്നത്. രജനികാന്തിനെപോലെ ഒരു ഹീറോയെ ഉപയോഗിച്ച് ദളിത് രാഷ്ട്രീയത്തെ വാണിജ്യവത്കരിക്കുന്നതിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാണണം എന്നും ലീന മണിമേകളൈ ചൂണ്ടിക്കാണിക്കുന്നു.

രജനികാന്തിനെ ഒരു ചേരിയിലേക്ക് കൊണ്ടു പോവുകയും ആമിര്‍ഖാനാക്കി മാറ്റുകയുമൊക്കെ ചെയ്യുന്നത് അപകടകരമായ കാര്യമാണെന്നാണ് ലീന അഭിപ്രായപ്പെടുന്നത്. രഞ്ജിത്തിന്റെ ഇത്തരത്തിലുള്ള പൊളിറ്റക്കല്‍ സിനിമകളില്‍ തനിക്ക് താത്പര്യം തോന്നുന്നില്ലെന്നും, രജനികാന്തിനെ വച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമകള്‍ ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത് രാഷ്ട്രീയ സിനിമകളാണെന്നു അവകാശപ്പെടുന്നതാണ് അപകടം എന്നും ലീന വിമര്‍ശനം ഉയര്‍ത്തുന്നു.

പാ. രഞ്ജിത്ത് ബിജെപിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്ന ആരോപണങ്ങളെയും ലീന അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈയടുത്തിടയില്‍ രഞ്ജിത്ത് ദളിത് ഏകോപനത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. അതുപോലെ തന്നെ പെരിയോര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയുമൊക്കെ ചെയ്തിരുന്നു. തിരുമാവിലനെ പോലുള്ള ദളിത് നേതാക്കന്മാര്‍ തുറന്നു പറയുന്നു രഞ്ജിത്ത് ബിജെപി എലമെന്റാണ് സിനിമയിലൂടെ സംസാരിക്കുന്നതെന്ന്. രഞ്ജിത്ത് ബിജെപിയുടെ കൈകളില്‍ തന്നെയാണ്. തികച്ചും അപകടകരമായ നീക്കമാണ് അയാള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്തെ ഏതാണ്ടെല്ലാ ചേരികളും കാവിവത്കരിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലും ചേരി പ്രദേശങ്ങളില്‍ ബിജെപി കൊടികള്‍ പറക്കുന്നു. രഞ്ജിത്തിന്റെ സിനിമകളില്‍ അയാള്‍ ചേരിയെ കാവിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അംബേദ്കറെ കാവിവത്കരിക്കുന്നു; ലീന മണിമേകലൈയുടെ അഭിമുഖത്തിലെ വാക്കുകള്‍.

കച്ചവട സിനിമകളില്‍ ലോകത്തുള്ള എന്തും ചെയ്യാന്‍ സാധിക്കുന്ന ഒരു ഹീറോയെ അവതരിപ്പിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും സിനിമയില്‍ എന്തു പറയുന്നതിനുപരി ആരിലൂടെ പറയുന്നുവെന്നതും പ്രധാനമാണെന്നും ലീന ചൂണ്ടിക്കാണിക്കുന്നു. കാലയോ അതുപോലെയുള്ള സിനിമകളോ ബ്രാഹ്മണനല്ലാത്ത ഒരാളെ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതും ബിജെപിയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെട്ട ഒരു മനുഷ്യന്‍. പലപ്പോഴും വളരെ പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന ആള്‍; ലീന ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ്. ഇത്തരം സിനിമകളിലൂടെ സൂപ്പര്‍ താരമായ രജനികാന്തിനെ ദളിതരുടെ സ്‌പെഷ്യല്‍ സൂപ്പര്‍ സ്റ്റാറിക്ക് പ്രതിഷ്ഠിക്കുകയാണ് രഞ്ജിത്ത് ചെയ്യുന്നതെന്നും ലീന മണിമേകലൈ അപലപിക്കുന്നു. രഞ്ജിത്ത് തന്റെ സിനിമകളിലൂടെ ജനപ്രിയ താരങ്ങളെ ഉപയയോഗിച്ച് മാര്‍ക്‌സ് വിരുദ്ധവും പെരിയോര്‍ വിരുദ്ധവും വര്‍ഗ്ഗീയവുമായ സംഭാഷണങ്ങള്‍ പറയിപ്പിക്കുകയാണെന്നും ഇവയൊന്നും ഇല്ലാതെ ദളിത് ഏകീകരണം നടക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ലീന കൂട്ടിച്ചേര്‍ക്കുന്നു. രഞ്ജിത്ത് ഒരു ബിജെപിക്കാരനാണോയെന്നു തിരുമാവിലനെപ്പോലുള്ളവര്‍ സംശയിക്കുന്നതിനു കാരണവും ഇതാണെന്നു ലീന മണിമേകലൈ വി കെ അജിത് കുമാറുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച ലീന മണിമേകലൈയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം 

Leave a Reply

Your email address will not be published. Required fields are marked *

×