UPDATES

സിനിമ

മോഹന്‍ലാല്‍ എന്ന ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരം

ആശ്ചര്യകരമായൊരു ഉയിര്‍പ്പ് എന്നപോലെ മോഹന്‍ലാല്‍ ഇന്ന് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വിലയേറിയ താരമായി എത്തിനില്‍ക്കുകയാണ്‌

                       

രണ്ടായിരത്തിനുശേഷമുള്ള കണക്കില്‍ നിന്നു തുടങ്ങാം. ആ വര്‍ഷം ജനുവരി 26 ന് ആയിരുന്നു നരസിംഹം റിലീസ് ചെയ്യുന്നത്. ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം ചരിത്ര വിജയമാണ് നേടിയത്. ലഭ്യമായ വിവരം അനുസരിച്ച് രണ്ടു കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം സ്വന്തമാക്കിയത് 22 കോടി. ഹരികൃഷ്ണന്‍സിന്റെ നേട്ടം മാറ്റിനിര്‍ത്തിയാല്‍ 2000 നു മുമ്പുള്ള അഞ്ചുവര്‍ഷത്തില്‍ ചെറു വിജയങ്ങളും പരാജയങ്ങളും മാത്രമുണ്ടായിരുന്ന മോഹന്‍ലാലിന്റെ കരിയറില്‍ നരസിംഹം ബിഗ് ബ്രേക്ക് ആയി. എന്നാല്‍ നരസിംഹത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ ആ വര്‍ഷം ലാലിന് ആയില്ല. ഹരികൃഷ്ണന്‍സ് എന്ന മെഗാഹിറ്റ് നല്‍കിയ ഫാസില്‍ വീണ്ടും മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരാജയമായി. പിന്നാലെ വന്ന ശ്രദ്ധ, ദേവദൂതന്‍ എന്നീ ചിത്രങ്ങളും പരാജയം.

2000 ല്‍ നിന്നും 2016 വരെ കണക്ക് നോക്കുമ്പോഴും മോഹന്‍ലാല്‍ സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. രാവണപ്രഭു(2001), ബാലേട്ടന്‍(2003), ഉദയനാണ് താരം(2005), നരന്‍(2005), തന്മാത്ര(2005), രസതന്ത്രം(2006), കീര്‍ത്തിചക്ര(2006), ഛോട്ടാമുംബൈ(2007), ഹലോ(2007), മാടമ്പി(2008), ശിക്കാര്‍(2010), ഗ്രാന്‍ഡ്മാസ്റ്റര്‍(2012), റണ്‍ ബേബി റണ്‍(2012), ദൃശ്യം(2013) എന്നിങ്ങനെയായിരുന്നു വലുതും ചെറുതുമായ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഏകദേശം 80 സിനിമകള്‍ ഈ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്തപ്പോഴാണ് 14 സിനിമകളില്‍ മാത്രം നേട്ടം ഉണ്ടാക്കിയത്. ഈ വിജയക്കണക്ക് മോഹന്‍ലാല്‍ എന്ന മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവിന്റെ കരിയറിന് ആഹ്ലാദം പകരുന്നതായിരുന്നില്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പറ്റുന്നു, സൂപ്പര്‍സ്റ്റാര്‍ ഇമേജിലേക്ക് മോഹന്‍ലാല്‍ മയങ്ങി വീണത് അദ്ദേഹത്തിലെ നടനെ നശിപ്പിക്കുന്നു, സിനിമകള്‍ പരാജയപ്പെടുത്തുന്നു തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. മോഹന്‍ലാലിന്റെ കരിയറിന് അവസാനമാകുന്നു എന്നതരത്തില്‍ വരെ പ്രചാരണങ്ങള്‍ ഉണ്ടായി.

ആ എഴുതിതള്ളലില്‍ നിന്നാണ് ആശ്ചര്യകരമായൊരു ഉയിര്‍പ്പ് എന്നപോലെ മോഹന്‍ലാല്‍ ഇന്ന് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വിലയേറിയ താരമായി എത്തിനില്‍ക്കുന്നത്. ഡിസംബര്‍ 14 റിലീസ് ചെയ്യുന്ന ഒടയിന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ തന്റെ മൂല്യം ഇരട്ടിപ്പിക്കുമെന്ന് ഉറപ്പിക്കാം. ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഏറ്റവും ആകര്‍ഷണീയമായ ഘടകം ആയിക്കഴിഞ്ഞ മോഹന്‍ലാല്‍, മലയാളത്തില്‍ മാത്രമായിരിക്കില്ല ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ഒടിയന്‍ തരുന്ന പ്രതീക്ഷകള്‍.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് പറ്റിയ വീഴ്ച്ചകള്‍ തിരിച്ചറിഞ്ഞതും തന്റെ മൂല്യം മനസിലാക്കി അതനുസരിച്ച് സിനിമകള്‍ ചെയ്യാനെടുത്ത തീരുമാനവുമാണ് മോഹന്‍ലാലിന്റെ കരിയറിനെ മാറ്റിമറിച്ചത്. സിനിമകളുടെ എണ്ണം കുറച്ച്, വലിയ ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു. 2016 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം ആണ് ഇപ്പോഴത്തെ വിജയനേട്ടങ്ങള്‍ക്ക് തുടക്കം. ഏകദേശം 65 കോടിയാണ് ഒപ്പം സ്വന്തമാക്കിയത്. മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനമായിരുന്നു ഒപ്പത്തിന്. മറ്റാരും ഒപ്പമില്ലാത്തയത്ര ഉയരത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഉയരാന്‍ പോകുന്നതിന്റെ തുടക്കം മാത്രമായിരുന്നു ഒപ്പം. മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡ് ആയി മാറിയ പുലിമുരുഗന്‍ ഇറങ്ങിയതും 2016 ല്‍ തന്നെയായിരുന്നു. ആദ്യമായി ഒരു മലയാള സിനിമ 100 കോടി ക്ലബ്ബില്‍ കയറുന്നത് മോഹന്‍ലാലിലൂടെയായിരുന്നു. പുലിമുരുഗന്റെ മഹാവിജയം മോഹന്‍ലാലിനെ മലയാളത്തിലെ മാത്രമല്ല, വിവിവിധ ഇന്ത്യന്‍ ഭാഷ ഇന്‍ഡസ്ട്രികളുടെയും പ്രിയതാരവും മൂല്യമേറിയ താരവുമാക്കി. ഹിന്ദിയിലും തെലുഗിലും തമിഴിലുമെല്ലാം മോഹന്‍ലാലിന് മാര്‍ക്കറ്റ് കൂടി. ഇതിന് ഉദ്ദാഹരണമായിരുന്നു തെലുഗില്‍ ഇറങ്ങിയ ജനതഗാരേജ്. തെലുഗിലും മലയാളത്തിലും ഒരുപോലെ സിനിമ വിജയം നേടിയപ്പോള്‍ അതിന്റെ പ്രധാന കാരണം മോഹന്‍ലാല്‍ തന്നെയായിരുന്നു. തമിഴ്-തെലുഗ് ബിഗ് ബിഡ്ജറ്റ് സിനിമകളിലേക്ക് മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും മത്സരിക്കുന്നുണ്ട്.

മലയാള സിനിമയില്‍ ഇപ്പോള്‍ മോഹന്‍ലാലിനു വേണ്ടി ഒരുങ്ങുന്നതെല്ലാം ബിഗ് ബിഡ്ജറ്റ് സിനിമകളാണ്. മലയാളം ഇന്‍ഡ്‌സ്ട്രി ഇതുവരെ അതിന്റെ ബിസിനസ് സാഹചര്യങ്ങളില്‍ മറ്റ് ഭാഷ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് പരിമിതപ്പെട്ടതായിരുന്നു. അന്യഭാഷ സിനിമകള്‍ കേരളത്തില്‍ വന്ന് കോടികള്‍ സ്വന്തമാക്കുമ്പോള്‍ നമ്മുടെ സിനിമ വ്യവസായം തകര്‍ച്ച നേരിടുകയാണെന്ന പരാതിയായിരുന്നു ഇവിടെ. മറ്റ് ഭാഷകളില്‍ മാര്‍ക്കറ്റ് ഉള്ള നടന്മാര്‍ നമുക്കില്ലെന്നതും അതിനൊപ്പം ഉയര്‍ന്നൊരു വാദമായിരുന്നു. ഈ വാദങ്ങളും പരാതികളും കൂടി തകര്‍ക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ബോളിവുഡിലും തെലുഗിലും തമിഴിലുമെല്ലാം കോടികള്‍ റൈറ്റ്‌സ് പോകുന്നുണ്ട്. മലയാളത്തിലെ മറ്റൊരു നടനും ഈ നേട്ടം അവകാശപ്പെടാന്‍ ഇല്ല. രണ്ടും മൂന്നും കോടിക്കു മുകളിലാണ് അന്യഭാഷകളില്‍ മോഹന്‍ലാല്‍ സിനിമകളുടെ റൈറ്റ്‌സ് പോകുന്നത്. എന്നാല്‍ ആ തുകയും തിരുത്തപ്പെട്ടിരിക്കുകയാണെന്നാണ് ഒടിയന്റെ കണക്കുകള്‍ പറയുന്നത്. റീലീസ് ചെയ്യുന്നതിനു മുന്നേ ഒടിയന്‍ 100 കോടി പ്രി ബിസിനസ് ഇനത്തില്‍ സ്വന്തമാക്കിയെന്നതും മോഹന്‍ലാല്‍ എഴുതിയ മറ്റൊരു ചരിത്രം. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ 10 സിനിമകളെ ഒടിയനു മുമ്പ് 100 കോടി പ്രി ബിസിനസ് നേടിയിട്ടുള്ളൂ. തെന്നിന്ത്യയിലാകട്ടെ ആ കണക്കില്‍ ഒടിയന്‍ മൂന്നാം സ്ഥാനത്തും ആണ്. മോഹന്‍ലാലിന്റെ താരമൂല്യം എത്രത്തോളം ഉയര്‍ന്നുവെന്നതിന് ഇതു തന്നെ തെളിവ്. മാത്രമല്ല, മൂവായിരം സക്രീനുകളിലാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. അതും ഒരു റെക്കോര്‍ഡ്. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും ഒടിയന്‍ റിലീസ് ചെയ്യുന്നു എന്നു പറയുമ്പോഴും മോഹന്‍ലാലിന്റെ വില ഭാഷാവ്യത്യസമില്ലാതെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി ഒടിയന്റെ വ്യത്യസ്ത റൈറ്റുകള്‍ ഏകദേശം 30 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്ന കണക്കും അമ്പരിപ്പിക്കുന്നതാണ്. ഒരു മലയാള നടന്റെ ചിത്രത്തിന് ഇതത്രവലിയ തുക മറ്റ് ഭാഷകളില്‍ നിന്നും കിട്ടുക എന്നത് അടുത്തകാലം വരെ ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത കാര്യമാണ്. അവിടെ നിന്നാണ് ദശകോടികളുടെ മൂല്യത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയിലാകെയായി വളര്‍ന്നിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി ബഡ്ജറ്റ് നൂറു കോടിയും അതിനു മുകളിലും ചെലവാക്കാന്‍ സംശയമില്ലാതെ നിര്‍മാതാക്കള്‍ രംഗത്തു വരുന്നതും ഇതുകൊണ്ടാണ്. ഹിന്ദി, തെലുഗ് ഭാഷകളില്‍ റിമേക്ക് ചെയ്യാന്‍ പാകത്തില്‍ കഥയും പ്രമേയങ്ങളും തയ്യാറാക്കാനാണ് മോഹന്‍ലാല്‍ സിനിമകളുമായി വരുന്നവര്‍ക്കുള്ള നിര്‍ദേശമെന്നും ഇന്‍ഡസ്ട്രി സംസാരമുണ്ട്. ഇതെല്ലാം കാണിക്കുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ വില തന്നെയാണ്. എത്ര വലിയ പരാജയങ്ങള്‍ നേരിട്ടിട്ടാണ് ഇന്ന് മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയൊരു നായകനായി തിളങ്ങി നില്‍ക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍, ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്.

Share on

മറ്റുവാര്‍ത്തകള്‍