UPDATES

ഒരു കാപ്പി ഉണ്ടായ കഥ

ഇന്ത്യന്‍ കോഫി ഹൗസിന്റെ പൈതൃകം, പോരാട്ടങ്ങള്‍, തിരിച്ചുവരവ്; നടയ്ക്കല്‍ പരമേശ്വരന്‍ പിള്ളയുടെ ‘കോഫി ഹൗസിന്റെ കഥ’ എന്ന പുസ്തകം പരിചയപെടുത്തുന്നു

                       

ഇന്ത്യന്‍ കോഫി ഹൗസിലെ (ഐസിഎച്ച്) ഭക്ഷണത്തിന്റെ രുചി അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. ബീറ്റ്‌റൂട്ട് ചേര്‍ത്ത് പാകം ചെയ്യുന്ന ദി ഐകോണിക് മസാല ദോശയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വിഭവം. ബീറ്റ്‌റൂട്ട് കട്‌ലെറ്റും, ടോംട്ടാറ്റോ ഓംലെറ്റും, ഐതിഹാസികമായ കാപ്പിയും മറ്റ് എസ്‌ക്ലൂസിവ് വിഭവങ്ങളും, പഴമ വിളിച്ചോതുന്ന അന്തരീക്ഷവും എല്ലാം കോഫി ഹൗസിനെ ജനങ്ങള്‍ക്ക് പ്രിയപെട്ടതാക്കുന്നു.

രസകരമായ അനുഭൂതി നല്‍കുന്ന ഒരു പാനിയത്തിനുപരി വ്യക്തിപരവും സാംസ്‌കാരികപരവുമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് കാപ്പി. ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രശസ്തമാണെങ്കിലും, ആഗോള തലത്തില്‍ ഏറ്റവും കുറവു കാപ്പി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ രാജ്യത്താണ് ഇന്ത്യന്‍ കോഫി ഹൗസ് എന്ന ശൃംഖല സകല പ്രതിസന്ധികളെയും അതിജീവിച്ച ഒരു തൊഴിലാളി പ്രസ്ഥാനമായി മുന്നേറുന്നത്.

കാപ്പിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചില രസകരമായ വസ്തുതകള്‍ ഇവയാണ്. ലോകത്ത് പ്രതിദിനം 2.25 ബില്യണ്‍ കപ്പ് കാപ്പി ആളുകള്‍ കുടിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കാപ്പി കുടിക്കുന്നത് ലക്‌സംബെര്‍ഗുകാരാണ്. എന്നാല്‍ കാപ്പി കുടിക്കാന്‍ ഏറ്റവും ചെലവുകൂടിയ സ്ഥലം സൗത്ത് കൊറിയ ആണ്, ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലമാകട്ടെ ഇറാനും. ഏറ്റവും കുറവ് കാപ്പി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കൂടാതെ, നേപ്പാളും പാകിസ്ഥാനും ഉള്‍പ്പെടുന്നു.

ഇന്ന് ഇന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കോഫി ഹൗസുകള്‍ക്ക് നാം അറിയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട പോരാട്ട വീര്യങ്ങളുടെ ചരിത്രമുണ്ട്. അതിനെക്കുറിച്ചാണ് ഇന്ത്യന്‍ കോഫി ഹൗസിന്റെ സഹസ്ഥാപകരിലൊരാളായ ശ്രീ നടക്കല്‍ പരമേശ്വരപിള്ള (1931-2010) എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘കോഫി ഹൗസിന്റെ കഥ’ എന്ന പുസ്തകം സംസാരിക്കുന്നത്. ഒരു പക്ഷെ ഐസിഎച്ച് പ്രസ്ഥനത്തെക്കുറിച്ച് മലയാളത്തില്‍ എഴുതിയിട്ടുള്ള ഒരേയൊരു പുസ്തകം 2005-ല്‍ പ്രസിദ്ധീകരിച്ച ‘കോഫി ഹൗസിന്റെ കഥ’ മാത്രമായിരിക്കും. 2007-ല്‍ മികച്ച ആത്മകഥക്കുള്ള അബുദാബി ശക്തി അവാര്‍ഡ് ഈ പുസ്തകത്തിന് ലഭിച്ചു.

ഏതൊരാള്‍ക്കും എളുപ്പത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന വളരെ ലളിതമായ ആഖ്യായന ശൈലി ആണ് രചയിതാവ് സ്വീകരിച്ചിട്ടുള്ളത്. കാപ്പിയുടെ ഉല്‍ഭവം മുതല്‍ ഐസിഎച്ചുകള്‍ ലാഭത്തിലായ കാര്യങ്ങള്‍ വരെ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോഫി ഹൗസുകളുടെ മാതൃകയില്‍ തുടങ്ങിയ ഇന്ത്യന്‍ കോഫി ഹൗസ് ശൃഖലയുടെ പിന്നിലുള്ള അധ്വാനത്തിന്റെയും, വിയര്‍പ്പിന്റെയും, കണ്ണുനീരിന്റെയും, സഹനത്തിന്റെയും ചരിത്രം ആലേഖനം ചെയ്യുന്ന ഒരു പുസ്തകം കൂടിയാണിത്. മലയാളത്തിന്റെ എം ടി വാസുദേവന്‍ നായര്‍ അവതാരിക എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ എട്ട് അധ്യായങ്ങളുണ്ട്. കോഫി ഹൗസുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പാവങ്ങളുടെ പടത്തലവന്‍ എ കെ ഗോപാലനാണു പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ആദ്യമായി കോഫി ഹൗസ് തുറക്കുന്നത് 1780-ല്‍ കല്‍ക്കട്ടയിലാണ്. അതിന് ശേഷം 1792-ല്‍ മദ്രാസിലും കോഫി ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ കോഫി ഹൗസുകള്‍ ബില്യാര്‍ഡ്സ്, കാരംസ് എന്നിവ കളിക്കാനും, പത്രം വയ്ക്കാനുമുള്ള വിനോദ കേന്ദ്രങ്ങള്‍ കൂടി ആയിരുന്നുവെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. നാല്പതുകളുടെ തുടക്കത്തില്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ തുറന്നതോടുകൂടി അതൊരു പ്രസ്ഥാനമായി മാറി. കൂടാതെ നഗരവാസികളുടെ ഇടയില്‍ കോഫി ഹൗസുകള്‍ക്കു വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. അന്ന് ഭൂരിഭാഗം തൊഴിലാളികളും മലയാളികള്‍ ആയിരുന്നു. കോഫി ഹൗസിന്റെ ആദ്യത്തെ സെക്രട്ടറി മലയാളിയായ സൈമണ്‍ ആയതാണ് ഇതിനു ഒരു കാരണമായി ലേഖകന്‍ ചൂണ്ടി കാണിക്കുന്നത്.

കോഫി ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്ന കോഫി ഹൗസുകള്‍ പൂര്‍ണമായും ഉദ്യോഗസ്ഥരുടെ കുത്തക ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. കാലം മുന്‍പോട്ട് പോയതോടെ കോഫി ഹൗസുകള്‍ അടക്കാനും തൊഴിലാളികളെ യാതൊരു കരുണയുമില്ലാതെ പിരിച്ചുവിടാനും കോഫി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ആരുടേയും അനുവാദം ആവശ്യമുണ്ടായിരുന്നില്ല. 1950-കളുടെ മധ്യത്തില്‍, ഇന്ത്യന്‍ കോഫി ബോര്‍ഡ് രാജ്യത്തുടനീളമുള്ള നിരവധി കോഫി ഹൗസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഇത് നിരവധി തൊഴിലാളികളെ വഴിയാധാരമാക്കി. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കോഫി ഹൗസ് തൊഴിലാളികളുടെ കാര്യത്തില്‍ ആര്‍ക്കു താല്പര്യം? സിവില്‍ സര്‍വീസുകാര്‍ ഭരിച്ചിരുന്ന കോഫി ബോര്‍ഡിന് തൊഴിലാളികള്‍ ചത്താലെന്താ, ജീവിച്ചാലെന്താ എന്ന കാഴ്ച്ചപ്പാടായിരുന്നു. ഈ പ്രതിസന്ധി തൊഴിലാളികളെ ശാക്തീകരിക്കാനുള്ള അവസരമായിട്ടാണ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എ കെ ജി കണ്ടത്. തൊഴിലാളികള്‍ തന്നെ കോഫി ഹൗസുകള്‍ സ്വന്തമാക്കുകയും നടത്തുകയും ചെയ്യുന്ന ഒരു മാതൃക അദ്ദേഹം മുന്നോട്ടു വെച്ചു. പുറത്താക്കപ്പെട്ട കോഫി ബോര്‍ഡ് തൊഴിലാളികളെ അണിചേര്‍ത്ത്, തൊഴിലാളി സ്വന്തമായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ എ കെ ജി അവരെ പ്രോത്സാഹിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ കെ ജി കൊടുത്ത ഒരു ഷോക്ക് ട്രീറ്റ്‌മെന്റിനെക്കുറിച്ചു പരമേശ്വരപിള്ള പുസ്തകത്തില്‍ പറയുന്നുണ്ട്. അത് പുസ്തകം വായിച്ചു തന്നെ അറിയുക. അങ്ങനെ 1957 ഓഗസ്റ്റ് 19 ന് ബാംഗ്ലൂരിലാണ് ആദ്യത്തെ ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിതമായത്. തൊട്ടുപിന്നാലെ, 1957 ഡിസംബര്‍ 27 ന് ഡല്‍ഹിയിലും മറ്റൊരു സംഘം രൂപീകരിച്ചു. കേരളത്തില്‍ 1958 ഫെബ്രുവരി 10-ന് തൃശ്ശൂരില്‍ സ്ഥാപിതമായ ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കൂടാതെ 1958 ജൂലൈ രണ്ടിന് ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കണ്ണൂരിലും സ്ഥാപിതമായി.

സിസ്റ്റമിക് സപ്പോര്‍ട്ട് കാര്യമായിട്ട് കിട്ടാത്ത അവസ്ഥയും, കൂടാതെ കോഫി ബോര്‍ഡ് പുറത്താക്കിയ തൊഴിലാളികളുടെ അവസ്ഥയും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറ്റും അതിജീവിച്ചാണ് എന്ന് നാം കാണുന്ന കോഫി ഹൗസുകള്‍, അതായത് തൊഴിലാളികള്‍ തന്നെ ഭരിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥയില്‍ എത്തി ചേര്‍ന്നത്.

സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചും, പലപ്പോഴും പട്ടിണി കിടന്നും, യാത്രാ ചെലവിന് കാശില്ലാതെ നാഴികകള്‍ നടന്നുമാണ് പരമേശ്വരപിള്ളയെപ്പോലുള്ളവര്‍ നാട്ടില്‍ സംഘമുണ്ടാക്കാനും, അവ രജിസ്റ്റര്‍ ചെയ്യാനും മറ്റും പണം കണ്ടെത്തിയത്. കൂടാതെ രാഷ്ട്രീയ, ബ്യൂറോക്രാറ്റിക്ക് ഭീഷണികളെ അതിജീവിക്കാന്‍ അവര്‍ നന്നായി പാടുപെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊടുത്ത പിന്‍ബലവും, എ കെ ജിയെപ്പോലുള്ള നേതാക്കന്മാര്‍ നല്‍കിയ ആത്മവിശ്വാസവും, ഒരിക്കലും തളരാത്ത മനസും, കഠിനാധ്വാനം ചെയ്യാനുള്ള അര്‍ജ്ജവവും, ചില നല്ല മനുഷ്യരുടെ സഹായവുമാണ് അവര്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സഹായകരമായി തീര്‍ന്നു എന്ന് വേണം മനസ്സിലാക്കാന്‍. കോഫി ബോര്‍ഡ് ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായത് തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത തൊഴിലാളികളുടെ മനോഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു.

തൊഴിലാളികള്‍ കോഫി ഹൗസ് തുറന്നതോടെ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്തെന്നുവെച്ചാല്‍, ഒരു കാലത്ത് അതി സമ്പന്നരുടെ മാത്രം താവളം ആയിരുന്ന കോഫി ഹൗസുകള്‍ ഇടത്തരക്കാര്‍ക്കും, തൊഴിലാളികള്‍ക്കും പ്രവേശിക്കാമെന്ന അവസ്ഥ കൈവന്നു എന്നതാണ്. ഐ എ എസുകാരും മറ്റു ഉദ്യോഗസ്ഥരും ഭരിച്ചു നഷ്ടത്തിലെത്തിച്ച കോഫി ഹൗസുകള്‍ ലാഭത്തിലാക്കാന്‍ തൊഴിലാളികളുടെ ഈ നടപടി കാരണമായി. ഇന്നും സാധാരണക്കാര്‍ക്ക് ചെറിയ തുകയ്ക്ക് ആഹാരം കിട്ടുന്ന ചുരുക്കം ചില ഇടങ്ങളിലൊന്നാണ് ഇന്ത്യന്‍ കോഫി ഹൗസുകള്‍.

പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്ന രസകരമായ രണ്ട് സംഭവങ്ങളുണ്ട്. ഒരിക്കല്‍ ഡല്‍ഹിയിലെ ജന്‍പഥിലെ ഒരു എലൈറ്റ് കഫേയുടെ ഉപഭോക്താക്കള്‍ വില വര്‍ധനയ്ക്കെതിരേ പ്രതിഷേധിച്ചു പുറത്തു വന്നു. അവരുടെ ആഗ്രഹം പോലെ, ഇന്ത്യന്‍ കോഫി ഹൗസ് ഒരു ‘ഓപ്പണ്‍ എയര്‍’ കോഫി ഹൗസ് ആരംഭിക്കുകയും പകുതി വിലയ്ക്ക് ഭക്ഷണം വില്‍ക്കുകയും അത് വലിയ വിജയമായി തീരുകയും ചെയ്തു. അതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ കോഫി ഹൗസ്. ഈ സംഭവം കോഫി ഹൗസിലെ തൊഴിലാളികള്‍ക്ക് പുത്തന്‍ ആത്മവിശ്വാസം നല്‍കിയെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. കുറെ നാളുകള്‍ക്ക് ശേഷം കൊണാട്ട് പ്ലേസില്‍ പ്രശസ്തമായ ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. വിമോചന സമരകാലത്തു തൃശൂര്‍ കോഫി ഹൗസ് തല്ലി തകര്‍ക്കാന്‍ ചിലര്‍ പദ്ധതിയിടുകയും, എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരായ ഇ കെ മേനോന്‍, കോമ്പാറ അന്തോണി, പി ആര്‍ ഗോപാലന്‍ എന്നിവര്‍ വേണ്ട സുരക്ഷാ ഒരുക്കിയതോടെ ഭീഷണിക്കാര്‍ മാളത്തിലേക്ക് വലിഞ്ഞെന്നും ഗ്രന്ഥകര്‍ത്താവ് ഓര്‍ക്കുന്നു.

ഇന്ത്യന്‍ കോഫി ഹൗസുകള്‍ തൊഴിലാളികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങിയതോടെ ചില ചരിത്ര നേട്ടങ്ങളും അവരെ തേടിയെത്തി. അതായത് തൊഴിലാളികളെത്തന്നെ തൊഴില്‍ ശാലകളുടെ ഉടമകളാക്കി. കാപ്പിയും പലഹാരങ്ങളും ഉണ്ടാക്കുകയും, അവ വിളമ്പുകയും, പാത്രങ്ങള്‍ കഴുകുകയും ചെയ്യുന്ന കൈകള്‍ കൊണ്ട് സ്ഥാപനം നടത്തിക്കുക എന്നതിലൂടെ എല്ലാ തൊഴിലകള്‍ക്കും പൂര്‍ണമായ അവസര സമത്വം ഉറപ്പുവരുത്തിയെന്നു നടക്കല്‍ പരമേശ്വരപിള്ള അഭിപ്രായപ്പെടുന്നു.

ഐഎഎസ്, ഐസിഎസ് ഉദ്യോഗസ്ഥവൃന്തവും അവരുടെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഭരിച്ചിരുന്ന കോഫി ഹൗസുകളില്‍ (കോഫി ബോര്‍ഡിന്റെ കീഴിലുണ്ടായിരുന്നവ) കഠിനാധ്വാനം ചെയ്തത് മുഴുവന്‍ തൊഴിലാളികളായിരുന്നു. ലാഭം മുഴുവന്‍ കൈക്കലാക്കിയതാവട്ടെ ഉദ്യോഗസ്ഥരും. ആ രീതി പൊളിച്ചടുക്കി, വെറും കാപ്പിക്കട പണിക്കാര്‍ക്ക് കോഫി ഹൗസുകള്‍ നടത്താന്‍ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍ തെറ്റാണെന്ന് തെളിയിച്ചു കൊടുത്ത തൊഴിലാളികളാണ് യഥാര്‍ത്ഥ ഹീറോകള്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോഫി ഹൗസുകള്‍ വെറും ഹോട്ടലുകള്‍ അല്ലെന്നും, മറിച്ചു സ്മരണകളിരമ്പുന്ന കീര്‍ത്തി സ്തംഭങ്ങളായാണ് ഗ്രന്ഥകാരന്‍ ഐ സി എച്ചുകളെ വിലയിരുത്തുന്നത്. ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖല ഇപ്പോഴും സഹകരണ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തീര്‍ത്തും ശ്ലാഘനീയമായ വസ്തുതയാണ്. അവ കേവലം കോഫി ഷോപ്പുകള്‍ മാത്രമല്ല, തൊഴില്‍ പ്രസ്ഥാനങ്ങളുടെയും സാമൂഹിക കൂടിച്ചേരലിടങ്ങളുടെയും സമ്പന്നമായ ചരിത്രമുള്ള ഇടങ്ങളും കൂടിയാണ്. തൊഴിലാളി ഉടമസ്ഥതയിലുള്ള കോഫി ഹൗസുകളുടെ ആശയം രാജ്യമെമ്പാടും വ്യാപിക്കുകയും തൊഴിലാളി ശാക്തീകരണത്തിലുപരി പരമ്പരാഗത ബിസിനസുകള്‍ക്ക് വ്യത്യസ്തമായ ഒരു മാതൃകയുടെയും പ്രതീകങ്ങളായി ഇന്ത്യന്‍ കോഫി ഹൗസുകള്‍ മാറുകയും ചെയ്തു.

റെസ്റ്റോറന്റുകളും കഫേകളും നല്‍കുന്ന സേവനം മികച്ചതാണോ മോശമാണോയെന്ന് തീരുമാനിക്കുന്നതില്‍ ഗൂഗിള്‍ റിവ്യൂകള്‍, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഫുഡ് വ്‌ളോഗര്‍ റിവ്യൂകള്‍ എന്നിവ പ്രധാന പങ്ക് വഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യന്‍ കോഫി ഹൗസ്സിന്റെ പാരമ്പര്യം കണക്കാക്കുമ്പോള്‍, അവര്‍ ഇന്ന് നല്‍കുന്ന സേവനങ്ങള്‍ അത്ര മികച്ചതെന്ന് പറയാന്‍ സാധിക്കില്ല. ഗൂഗിളിലോ മറ്റ് റിവ്യൂ പ്ലാറ്റ്‌ഫോമുകളിലോ ഫോര്‍ സ്റ്റാറിന് മുകളില്‍ റിവ്യൂ റേറ്റിങ് ഉള്ളത് വളരെ കുറച്ചു കോഫി ഹൗസ് ബ്രാഞ്ചുകള്‍ക്കു മാത്രമാണ്.

നിലനില്‍പ്പിനായുള്ള പ്രാരംഭ പോരാട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ കോഫി ഹൗസുകള്‍ വളരെയധികം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ന് 400 ന് മുകളില്‍ കോഫി ഹൗസുകളുണ്ട്. അയ്യായിരത്തിലധികം പേര്‍ ജോലി ചെയ്യുന്നു. പക്ഷെ ഇന്ത്യയിലെ എല്ലാ കോഫി ഹൗസുകളിലും മികച്ച ഭക്ഷണവും സേവനവും കിട്ടുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. സായിപ്പിന്റെ കാലത്തു വൃത്തിക്ക് പേരുകേട്ടിരുന്ന ഇടങ്ങളായിരുന്ന കോഫി ഹൗസുകള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍, ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍, ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

കഫേ കോഫിഡേ, സ്റ്റാര്‍ബഗ്‌സ്, കോസ്റ്റ പോലുള്ള വന്‍കിട കഫേകളെയും, ഇന്ന് കൂണുപോലെ മുളച്ചുവരുന്ന മറ്റ് ‘ഹൈ ഫൈ’ കഫേകളോടും കിടപിടിക്കാന്‍ ഇന്ത്യന്‍ കോഫി ഹൗസ് ശാഖകള്‍ക്ക് സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പഴമ നിലനിര്‍ത്തിക്കൊണ്ട് തന്നെ മികച്ച സേവനം നല്‍കാന്‍ എന്ന് കോഫി ഹൗസുകള്‍ക്കു സാധിക്കും. അതിനുള്ള ആര്‍ജ്ജവം കാണിക്കാന്‍ നടത്തിപ്പുകാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മാത്രം.

ഒരു പക്ഷെ കാപ്പി കുടിക്കുന്നതിലുപരി, സംസാരിക്കാനും, ആശയങ്ങള്‍ പങ്കു വെക്കാനും ഒരിടം. ഇന്ത്യന്‍ കോഫി ഹൗസുകളെ പ്രിങ്കരമാക്കുന്നത് ഈ കാര്യങ്ങളാണ്. അതിനാല്‍ തന്നെ പലര്‍ക്കും കോഫി ഹൗസ് ഒരു വികാരമാണ്. അതുകൊണ്ടാണ് അവിടേക്ക് ആളുകള്‍ ഈ കാലഘട്ടത്തിലും ഭക്ഷണം കഴിക്കാനും, കാപ്പി കുടിക്കാനും വരുന്നത്. ആ വികാരവും സ്‌നേഹവും എന്നും ഭംഗിയോടെ നിലനിര്‍ത്താന്‍ കോഫി ഹൗസുകള്‍ക്കാകട്ടെ എന്നാശിക്കുന്നു.

ഈ പുസ്തകം ഒരു സാഹിത്യ വിസ്മയമല്ല, മറിച്ച് തല ഉയര്‍ത്തി അന്തസ്സോടെ ജോലി ചെയ്യാനും, കടന്നു വരുന്ന അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കാപ്പിയും, പലഹാരങ്ങളും സന്തോഷത്തോടെ വിളമ്പാനുള്ള ഒരു ഇടം സൃഷ്ടിക്കാന്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ കഠിനമായി പരിശ്രമിക്കുകയും, വിജയിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകളുടെ കഥയാണ്. ഗ്രന്ഥകാരന്‍ പറയുന്നതു പോലെ ”ഒരു തുള്ളി കാപ്പിയില്‍ എത്രയെത്ര കഥകള്‍, ഒരു കപ്പ് കാപ്പിയില്‍ എത്രപേരുടെ കണ്ണുനീരും കിനാവും, കാപ്പിയുടെ കഥയില്‍ എത്രതരം മനുഷ്യര്‍, എത്രമാത്രം താല്പര്യങ്ങള്‍, എത്രയെത്ര വഴിത്തിരിവുകള്‍.”

അവലംബങ്ങള്‍:

[1] Davidson, B. (2023) The world coffee index 2021: The cost and consumption of coffee around the world, CashNetUSA Blog. Available at: https://www.cashnetusa.com/blog/world-coffee-index-2021-cost-and-consumption-coffee-around-world/ (Accessed: 02 March 2024).

[1] Pillai , N.P. (2005) Coffeehousinte Kadha, https://www.chinthapublishers.com/. Thiruvananthapuram, Kerala: ‎ Chintha Publishers.

ജോര്‍ജ് അലക്‌സാണ്ടര്‍

ജോര്‍ജ് അലക്‌സാണ്ടര്‍

ഹ്യൂമന്‍ റിസോഴ്സ്, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് മേഖലകളില്‍ 13 വര്‍ഷത്തിലേറെ പരിചയമുള്ള ജോര്‍ജ് അലക്‌സാണ്ടര്‍, സോഷ്യല്‍ വര്‍ക്ക്, സാമൂഹിക ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അദ്ദേഹം വിവിധ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, അക്കാദമിക്, സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്‌സിഡന്റല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഒഎസ്‌ഐ) ബോര്‍ഡ് അംഗം കൂടിയായ ജോര്‍ജ് 10 പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

More Posts

Share on

മറ്റുവാര്‍ത്തകള്‍