UPDATES

വിദേശം

ട്രംപിന്റെ കുടിയേറ്റ നിരോധനം: രോഷം യൂബറിന് നേരെയും: കൂട്ടത്തോടെ ആപ്പ് ഡിലീറ്റ് ചെയ്യുന്നു

യൂബര്‍ സിഇഒ ട്രാവിസ് കലനിക് ട്രംപിന്റെ ബിസിനസ് ഉപദേഷക സംഘത്തിലുണ്ടെന്നതാണ് കാരണം

                       

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ നിരോധനത്തില്‍ ജനരോഷം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന് നേരെയും. യൂബര്‍ സിഇഒ ട്രാവിസ് കലനിക് ട്രംപിന്റെ ബിസിനസ് ഉപദേഷക സംഘത്തിലുണ്ടെന്നതാണ് കാരണം. കൂടാതെ മുസ്ലിം യാത്രക്കാരെയും അഭയാര്‍ത്ഥികളെയും പുറത്താക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവിനെതിരായ സമരത്തില്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ യൂബര്‍ അതില്‍ നിന്നും ലാഭമുണ്ടാക്കിയെന്നതാണ് മറ്റൊരു കാരണം.

മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അനിശ്ചിതാവസ്ഥയില്‍ വേഗം നാടുകളിലേക്ക് മടങ്ങാന്‍ യൂബര്‍ സര്‍വീസ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മറ്റ് ടാക്‌സികളില്ലാത്ത പ്രത്യേക സാഹചര്യത്തില്‍ യൂബര്‍ സാധാരണയിലും അമിത ഫീസ് യാത്രക്കാരില്‍ നിന്നും ഈടാക്കുകയും ചെയ്തു. ഇത്തരത്തില്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തി പലായനം ചെയ്തവരെ ചൂഷണം ചെയ്തതാണ് പലരെയും പ്രകോപിപ്പിച്ചത്.

വൈകുന്നേരം 6 മുതല്‍ 7 വരെയുള്ള സമയത്താണ് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സിന് കീഴിലുള്ള ഡ്രൈവര്‍മാര്‍ പണിമുടക്കിയത്. എന്നാല്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് സ്വന്തം ഫോണുകളില്‍ നിന്നും യൂബര്‍ ആപ്പ് ഡിലീറ്റ് ചെയ്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയത്. ഡിലീറ്റ്‌യൂബര്‍ എന്ന ഹാഷ്ടാഗ് ഇതിനിടെ ലോകവ്യാപകമായി പ്രചരിക്കുകയും ചെയ്തു. ‘വിലക്ക് വേണ്ട, മതില്‍ വേണ്ട, എല്ലാവര്‍ക്കുമുള്ള ജീവിത സങ്കേതം’ എന്ന പ്ലക്ക് കാര്‍ഡുകളുമേന്തി നിരവധി പേരാണ് ഓരോ ദിവസവും ജോണ്‍ എഫ് കെന്നഡ് വിമാനത്താവളത്തിന് മുന്നില്‍ തടിച്ചു കൂടുന്നത്.

രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. യൂബര്‍ സിഇഒ ട്രംപിന്റെ ഉപദേശക സംഘത്തില്‍ അംഗമായപ്പോള്‍ തന്നെ ഉയര്‍ന്ന പ്രതിഷേധമാണ് യാത്രക്കാരെ ചൂഷണം ചെയ്തതോടെ ആപ്പ് ഡിലീറ്റ് ചെയ്യുന്നതില്‍ എത്തിയത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂബര്‍ ആസ്ഥാനത്ത് ട്രംപുമായി കലനിക്കിനുള്ള ബന്ധത്തെ എതിര്‍ത്തും പ്രക്ഷോഭം നടത്തി. പല ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളും യൂബര്‍ ആപ്പ് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചു. തങ്ങള്‍ കമ്പനിയ്ക്ക് അയച്ച സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് പലരും പ്രചരിപ്പിക്കുന്നത്.

ശനിയാഴ്ച കഴിഞ്ഞ മൂന്ന് മാസങ്ങളായി സ്വരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് മടങ്ങാന്‍ സാധിക്കാത്ത തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് യൂബര്‍ സിഇഒ അറിയിച്ചിരുന്നു. പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചും തന്റെ ജീവനക്കാരെ തള്ളിപ്പറഞ്ഞുമുള്ള ഇദ്ദേഹത്തിന്റെ നിലപാടും അമേരിക്കന്‍ ജനതയെ പ്രകോപിതരാക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യ ഉപദേശക സംഘ മീറ്റിംഗില്‍ താന്‍ ഈ വിഷയം അവതരിപ്പിക്കുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍