UPDATES

വിപണി/സാമ്പത്തികം

കാശ് നിരോധനം; തകര്‍ച്ചയില്‍ നിന്നു കരകയറാനാവാതെ സ്വര്‍ണ്ണം

ആളുകള്‍ അവരുടെ വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നു; ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പണം കരുതിവെക്കാനാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്

                       

സ്വാന്‍സി അഫോന്‍സൊ, രഞ്ജീത പാക്യം

ഇന്ത്യ സ്വയം അടിച്ചേല്‍പ്പിച്ച കാശ് ഞെരുക്കം ലോകത്തെ ഏറ്റവും വലിയ ആഭരണ വില്‍പ്പന കേന്ദ്രങ്ങളിലൊന്നായ രാജ്യത്ത് ആഭരണ വില്‍പ്പനക്കാരെ വലയ്ക്കുകയാണ്. വില്‍പ്പന കുത്തനെ ഇടിഞ്ഞു.

റെനിറ്റ ഫെരേരയോട് ചോദിച്ചു നോക്കൂ. ഫെബ്രുവരി 24-നു വിവാഹമാണ്. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ പല തവണ പോയിട്ടും അവളും പ്രതിശ്രുത വരനും കല്ല്യാണ മോതിരം പോലും വാങ്ങിയിട്ടില്ല. മിക്ക ആഭരണക്കടക്കാരും ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല, ഇന്ത്യയിലെ ആഭരണ വില്‍പ്പന മിക്കവാറും നേരിട്ടുള്ള കാശിലാണ് നടക്കുന്നത്. കാശാകട്ടെ ഇപ്പോള്‍ ആളുകളുടെ കയ്യിലൊട്ടില്ല താനും.

നികുതി വെട്ടിപ്പും അഴിമതിയും തടയാനെന്ന പേരില്‍ വിതരണത്തിലിരിക്കുന്ന പണത്തിന്റെ പകുതിയിലേറെയാണ് നവംബറില്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇടപാടുകളുടെ 98%-വും നേരിട്ടുള്ള കാശുവഴി നടക്കുന്ന രാജ്യത്തു കാറ് മുതല്‍ സോപ് വരെയുള്ള സകലതിന്റെയും വില്‍പ്പന കുത്തനെ ഇടിഞ്ഞു. ചില്ലറ വില്‍പ്പന വിലയിലെ വര്‍ദ്ധന മൂലം നിലവില്‍ താഴ്ന്നിരുന്ന സ്വര്‍ണത്തിന്റെ ആവശ്യവും വില്‍പ്പനയും പിന്നേയും കുറച്ചു.

ആഗോള വിപണിയില്‍ ചൈനക്ക് പിറകിലായി രണ്ടാമതാണ് ഇന്ത്യ. 2016-ല്‍ അത് 7 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക സ്വര്‍ണ്ണ സമിതി അതിന്റെ പ്രവചനം രണ്ടു തവണ താഴ്ത്തി. 750 മെട്രിക് ടണ്ണില്‍ നിന്നും 650 മെട്രിക് ടണ്ണായാണ് സമിതി ഉപഭോഗം കണക്കാക്കുന്നത്. 2015-ല്‍ ഉണ്ടായിരുന്ന 858.1 ടണിനേക്കാള്‍ 24% കുറവ്. ഉപഭോഗത്തിന്റെ ഏറിയ പങ്കും നല്‍കുന്ന ഇറക്കുമതി കണക്കുകള്‍ നോക്കിയാണിത്. സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ 575 ടണ്ണില്‍ നിന്നും 350-400 ടണ്ണാകുമെന്ന് കോടാക് മഹീന്ദ്ര ബാങ്ക് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്തിലെത്തന്നെ ഏറ്റവും വിപുലമായ ധനനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യക്കാരുടെ സ്വര്‍ണ ഉപഭോഗം കുറയാന്‍ തുടങ്ങിയിരുന്നു. ഉയര്‍ന്ന വില പലരെയും പിന്തിരിപ്പിച്ചു. മോശം കാലവര്‍ഷം ഗ്രാമീണ മേഖലയിലെ വരുമാനം കുറച്ചപ്പോള്‍ വില്‍പ്പനയും കുറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്കുള്ള നികുതിക്കെതിരെയും സാമ്പത്തിക സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതക്കായുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും സ്വര്‍ണക്കടക്കാര്‍ സമരം നടത്തി.

നോട്ട് നിരോധനം സംഗതികള്‍ കൂടുതല്‍ വഷളാക്കി. ബാങ്കുകള്‍ക്കും ATM-കള്‍ക്കും മുന്നില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടു. പണം പിന്‍വലിക്കുന്നതില്‍ പരിധികള്‍ ഏര്‍പ്പെടുത്തി.

നേരിട്ടുള്ള കാശിടപാടുകള്‍ മാത്രം നടത്തുന്ന ഗ്രാമീണ മേഖലയാണ് ഇതില്‍ ആകെ വലഞ്ഞത്. ഭക്ഷണം മുതല്‍ കല്യാണം വരെ കുഴപ്പത്തിലായി. ഏതാണ്ട് 600 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ബാങ്ക് എക്കൌണ്ടില്ല. ഇതിലേറെപ്പേരും 6 ലക്ഷത്തോളം ഗ്രാമങ്ങളില്‍ താമസിക്കുന്ന ദിവസക്കൂലിക്കാരാണ്. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന ഈ വിഭാഗമാണ് ഇന്ത്യയുടെ ആഭരണ മേഖലയുടെ വില്‍പ്പനയുടെ 60% വാങ്ങുന്നത്.

സ്വര്‍ണത്തിന്റെ സാധ്യത ഈ വര്‍ഷം ഇനിയും കുറയുമെന്നാണ് കോടാക് മഹീന്ദ്ര ബാങ്ക് വിദഗ്ധന്‍ ശേഖര്‍ ഭണ്ഡാരി പറയുന്നത്. പരിഷ്കാരങ്ങള്‍ ആഭ്യന്തര ബാങ്കിംഗ് സംവിധാനത്തെ സഹായിക്കുമെങ്കിലും, നിക്ഷേപകര്‍ സ്വര്‍ണത്തിന് പകരം മറ്റ് നിക്ഷേപ പദ്ധതികളായിരിക്കും തെരഞ്ഞെടുക്കുക.

വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കുറഞ്ഞത് 6 മാസമെങ്കിലും എടുക്കുമെന്നാണ് സ്വര്‍ണ വ്യാപാരികള്‍ കരുതുന്നത്. സാധാരണ നിലയില്‍ത്തന്നെ ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലവര്‍ഷ മാസങ്ങളില്‍ വ്യാപാരം കുറവാണ്. അതായത് കൊല്ലാവസാനം, ഉത്സവകാലം വരുന്നതുവരെ വില്‍പ്പന പച്ചപിടിക്കാന്‍ ഇടയില്ല എന്നര്‍ത്ഥം.

“ആളുകള്‍ അവരുടെ വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നു. ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പണം കരുതിവെക്കാനാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്,” സ്വര്‍ണ,ആഭരണ വ്യാപാരി സംഘം ജോയിന്റ് സെക്രട്ടറി കേതന്‍ ഷ്രോഫ് പറഞ്ഞു.

സര്‍ക്കാരിന്റെ കണ്ണില്‍ പെടാതെ നിക്ഷേപം സ്വര്‍ണമായി സൂക്ഷിച്ചിരുന്ന നിക്ഷേപകരെയും മോദി സര്‍ക്കാരിന്റെ നീക്കം പിന്തിരിപ്പിച്ചേക്കാം.

“ഇന്ത്യയില്‍ നിരവധി ഉപഭോക്താക്കളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചത് അതിന്റെ കണ്ടെത്താനാകാത്ത അവസ്ഥയാണ്,” ലണ്ടനിലെ ചരക്ക് സാമ്പത്തിക വിദഗ്ദ്ധനായ സിമോണ ഗാംബ്റീനി പറഞ്ഞു. “സര്‍ക്കാരിന് അതറിയാം, അതുകൊണ്ടു കള്ളപ്പണം തടയാന്‍ അവര്‍ക്ക് സ്വര്‍ണ വിപണിയില്‍ സുതാര്യത കൊണ്ടുവരണം.”
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വര്‍ണ ഇറക്കുമതിക്ക് കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നടപ്പ് സാമ്പത്തിക കമ്മി കുത്തനെ കൂടുകയും രൂപയുടെ മൂല്യത്തില്‍ എക്കാലത്തെയും വലിയ ഇടിവ് വരികയും ചെയ്തപ്പോള്‍ 2013-ല്‍ ആഭ്യന്തര വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാര്‍ 2013-ല്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന് മൂന്നു തവണയാണ് നികുതി വര്‍ദ്ധിപ്പിച്ചത്.

2015-ല്‍ ആഭ്യന്തരമായി ശേഖരത്തിലുള്ള സ്വര്‍ണം സമാഹരിച്ചുകൊണ്ട് ഇറക്കുമതി കുറയ്ക്കാന്‍ മോദി ശ്രമിച്ചു; സ്വര്‍ണ കടപ്പത്രങ്ങള്‍, സ്വര്‍ണ നിക്ഷേപ പദ്ധതി, സ്വര്‍ണ നാണയ വില്‍പ്പന.

ആഭ്യന്തരമായി ഉത്പാദിപ്പിച്ച ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 1% എക്സൈസ് തീരുവ കൂട്ടി. ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരും. ഇത് കച്ചവടത്തെ വീണ്ടും ദോഷകരമായി ബാധിക്കുമെന്ന് രത്ന, ആഭരണ വാണിജ്യ സംഘടന ഡയറക്ടര്‍ ബച്ച്രാജ് ബാംവാല പറഞ്ഞു.

“കഴിഞ്ഞ മൂന്നു, നാലു കൊല്ലമായി സര്‍ക്കാര്‍ നയങ്ങള്‍ മൂലം ഈ മേഖല ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ സ്വര്‍ണ മേഖലയെക്കുറിച്ച് ആകുലരായതിനാല്‍ അവര്‍ അതിനു ചുറ്റും കൂടുതല്‍ കൂടുതല്‍ നയങ്ങള്‍ കൊണ്ടുവരുന്നു. 2017-ല്‍ എന്താണ് സര്‍ക്കാരിന്റെ മനസിലെന്ന് ഞങ്ങള്‍ക്കൊരു പിടിയുമില്ല.”

നാലു കൊല്ലത്തിന് ശേഷമുള്ള ആദ്യ കുതിപ്പില്‍ ഈ മാസം സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 6% ഉയര്‍ന്നു. യു.കെയുടെ ബ്രെക്സിറ്റും ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണവുമാണ് വിലകൂടാനുള്ള രാഷ്ട്രീയ, സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍.

ഇനി വിവാഹ സമയത്തേക്കാണ് കച്ചവടക്കാരുടെ നോട്ടം. കല്ല്യാണക്കാലത്ത് അണിയാനും കൊടുക്കാനുമായാണ് ഇന്ത്യയില്‍ ഈ ലോഹത്തിന്റെ 65% വില്‍പ്പനയും നടക്കുന്നത്.

“കല്ല്യാണങ്ങള്‍ നീട്ടിവെക്കാനാകില്ല,” ബാംവാല പറഞ്ഞു. “അതിനുള്ള ആവശ്യം ഉണ്ടാകും.”

വിവാഹമോതിരമില്ലാത്ത പ്രതിശ്രുത വധു ഫെരേരക്കു സാധാരണ ആഭരണക്കടകള്‍ക്ക് പകരം ബ്രാന്‍ഡ് ആഭരണങ്ങള്‍ വില്‍ക്കുന്ന, ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്ന കടകളില്‍ പോകാം. പക്ഷേ ആ സേവനത്തിന് കാശ് കൂടുതല്‍ കൊടുക്കണം.

“കാശ് ഞെരുക്കത്തിന്റെ ഒരു പാദം കഴിയുമ്പോള്‍ കാര്‍ഡ് പണമിടപാടുകള്‍ സ്വീകരിക്കാന്‍ ആഭരണ കടക്കാര്‍ തയ്യാറാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,” അവള്‍ പറഞ്ഞു. “ഇല്ലെങ്കില്‍, കാര്‍ഡ് ഇടപാടിന് കൂടുതല്‍ കാശ് കൊടുക്കേണ്ടിവരും.”

 

Share on

മറ്റുവാര്‍ത്തകള്‍