നോട്ട് അസാധുവാക്കല്‍ നടപടി ഏറ്റവുമധികം തകര്‍ത്ത വ്യവസായങ്ങളിലൊന്ന് ഗുജറാത്തിലെ സൂറത്തിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ഫാബ്രിക് വ്യവസായം. ഡയമണ്ട് പോളിഷിംഗിനും ടെക്‌സ്‌റ്റൈല്‍സ് വ്യവസായത്തിനും പേര് കേട്ട നഗരമാണ് സൂറത്ത്. നെയ്ത്ത് ശാലകളുടേയും നെയ്ത്ത് അനുബന്ധ വ്യവസായങ്ങളുടേയും അന്തരീക്ഷവും ശബ്ദവും സൂറത്തിന്‌റെ അവിഭാജ്യമായ പ്രത്യേകതകളായിരുന്നു. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടി അതിനെ മാറ്റിയിട്ടുണ്ട്. വല്ലാത്തൊരു മൂകതയാണ് സൂറത്തിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കാര്യങ്ങള്‍ എന്ന് സാധാരണ നിലയിലാകും എന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ കടുത്ത ആശങ്കയിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍.
ഏഴ് ലക്ഷത്തോളം പവര്‍ ലൂമുകളും 35,000 കൈത്തറി യൂണിറ്റുകളുമാണ് നഗരത്തിലുള്ളത്. 350 ടെക്‌സ്റ്റൈല്‍ പ്രൊസസിംഗ് യൂണിറ്റുകളുണ്ട്. 140 കേന്ദ്രങ്ങളിലായി 65,000ത്തോളം തുണി വ്യാപാരികളുണ്ട്.10 ലക്ഷത്തോളം തൊഴിലാളികളാണ് ഡീമണിറ്റൈസേഷന്‍ പ്രഖ്യാപനത്തിന് മുമ്പ് സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ മേഖലയിലുണ്ടായിരുന്നത്. ഇതില്‍ 75 ശതമാനവും പവര്‍ ലൂമുകളിലാണ് ഉണ്ടായിരുന്നത്. നേരിട്ടല്ലാതെ ഈ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. അവരുടെ അതിജീവനവും പ്രതിസന്ധിയിലാണ്.
പണമില്ല, തൊഴിലാളികളുമില്ല
ടെക്‌സ്റ്റൈല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ മാത്രമേ സൂറത്തില്‍ നിന്നും സംസ്ഥാനത്തിന്‌റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഉള്ളവരുള്ളൂ. പലരും ദീപാവലി അവധിക്ക് പോയിട്ട് തിരിച്ച് വന്നിട്ടില്ല. അസാധുവാക്കിയ 500, 1000 നോട്ടുകളാല്‍ 18.36 കോടി രൂപയുടെ വരുമാനമാണ് നവംബര്‍ എട്ട് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ സൂറത്ത് റെയില്‍വെ സ്്‌റ്റേഷനിലുണ്ടായത്. അമ്പത് ശതമാനം പേരും നാട്ടിലേയ്ക്ക് മടങ്ങിയിരിക്കുന്നു. തൊഴിലാളികളുടെ ശമ്പളം മുടങ്ങിയിരിക്കുന്നു.
ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ തൊഴിലാളികള്‍ക്ക് ഒട്ടും പരിചിതമല്ല. തൊഴിലാളികളില്‍ ഭൂരിഭാഹം പേര്‍ക്കും ബാങ്ക് അക്കൗണ്ടേ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ ഫാക്ടറി ഉടമകളും തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അക്കൗണ്ട് തുറക്കാന്‍ ബാങ്കുകള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. അക്കൗണ്ടുകള്‍ തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്നാണ് ബാങ്കുകള്‍ പറയുന്നത്. മാത്രമല്ല നിരക്ഷരരോ അര്‍ദ്ധ സാക്ഷരരോ ആയ തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും ബാങ്ക് അക്കൗണ്ട കൈകാര്യം ചെയ്യുക എന്നതെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അവര്‍ക്ക് മാതൃഭാഷ മാത്രമേ അറിയൂ. അപേക്ഷാ ഫോമിലെ ഒപ്പുകള്‍ ഒന്നും ചേരുന്നില്ല – ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
ടെക്‌സ്റ്റൈല്‍ യൂണിറ്റുകളില്‍ 70 ശതമാനവും പ്രവര്‍ത്തനം നിലച്ചിരിക്കുന്ന അവസ്ഥയാണ്. പവര്‍ ലൂമുകളില്‍ 80 ശതമാനവും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നു. എംബ്രോയ്ഡറി യൂണിറ്റുകളില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നില്ല. എന്തായാലും മാര്‍ച്ചിന് മുമ്പ് എന്തെങ്കിലും ശരിയാവുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല.