UPDATES

ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം

എന്താണ് ഇലക്ട്രല്‍ ബോണ്ടുകള്‍?

                       

ഇലക്ട്രല്‍ ബോണ്ടുകള്‍(തെരഞ്ഞെടുപ്പ് ബോണ്ടുകള്‍) ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി. ഇലക്ട്രല്‍ ബോണ്ട് സംവിധാനത്തിന് എതിരായ ഹര്‍ജികളിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. ഇലക്ട്രല്‍ ബോണ്ട് ആര്‍ട്ടികള്‍ 19(1)(a) എതിരാണെന്ന് ചൂണ്ടിക്കാണിച്ച കോടതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിംഗിലെ സുതാര്യതയെ ബാധിക്കുമെന്നാരോപിച്ചായിരുന്നു സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂര്‍ എന്നിവര്‍ ഹര്‍ജികളുമായി സുപ്രിം കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ചുള്ള അന്വേഷണ പരമ്പര 2019 നവംബറില്‍ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകളെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച എല്ലാ റിപ്പോര്‍ട്ടുകളുടെയും സംഗ്രഹമാണ് താഴെ;

എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ, എന്തുകൊണ്ടവ സുതാര്യമല്ല?

2017 കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നതിനു നാല് ദിവസങ്ങൾക്കു മുൻപുള്ള ഒരു ശനിയാഴ്ച. നികുതി വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബജറ്റ് പ്രസംഗത്തിൽ ചെറിയൊരു പിശക് കണ്ടുപിടിക്കുകയുണ്ടായി. ആ ബജറ്റിൽ ജയ്റ്റ്‌ലി, തെരഞ്ഞെടുപ്പ് ബോണ്ടുകൾ എന്ന പദ്ധതി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. കോർപ്പറേറ്റുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിവാക്കാതെ തന്നെ വൻ തുകകൾ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാൻ സഹായിക്കുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ.

കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളും മോദി സർക്കാരും

എന്നാൽ ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. അജ്ഞാതമായ ഉറവിടങ്ങളിൽനിന്നുള്ള സംഭാവനകൾ നിയമ വിധേയമാകണമെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിൽ ഭേദഗതി വേണമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ തന്റെ മേൽ ഉദ്യോഗസ്ഥർക്ക് കുറിപ്പ് നൽകി. ആക്ടിലെ ഭേദഗതിയും അദ്ദേഹം തയ്യാറാക്കി മേൽ ഉദ്യോഗസ്ഥർക്ക് ധനമന്ത്രിയുടെ അംഗീകാരം കിട്ടുന്നതിനായി അയച്ചു.

അതെ ദിവസം ഉച്ചയ്ക്ക് 1.45-ന്, ധനകാര്യമന്ത്രാലയത്തിൽ നിന്നും ഡെപ്യൂട്ടി റിസർവ് ബാങ്ക് ഗവർണറും, റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ തൊട്ടുകീഴിലുള്ള ഉദ്യോഗസ്ഥനുമായ രാമ സുബ്രമണ്യത്തോട് പ്രസ്തുത നിയമത്തിന്റെ ഭേദഗതിയെ സംബന്ധിച്ച ‘അടിയന്തിരമായി അഭിപ്രായങ്ങൾ’ ആരാഞ്ഞു കൊണ്ടുള്ള ഒരു അഞ്ചു വരി ഇമെയിൽ അയച്ചു.തെരഞ്ഞെടുപ്പ് ബോണ്ടുകളോടുള്ള തങ്ങളുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള മറുപടി ജനുവരി 30 ന് തന്നെ റിസർവ് ബാങ്ക് ധനമന്ത്രാലയത്തിന് അയച്ചു.

പാർലമെന്റിൽ നുണ പറഞ്ഞും തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർത്തും കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ

റിസർവ് ബാങ്കിന്റെ മറുപടിയെ ഇങ്ങനെ സംഗ്രഹിക്കാം; തെരഞ്ഞെടുപ്പു ബോണ്ടുകളും അവയ്ക്കു വേണ്ടിയുള്ള റിസർവ് ബാങ്ക് നിയമങ്ങളുടെ ഭേദഗതികളും തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കും, ഈ നിയമഭേദഗതികൾ കള്ളപ്പണ ഇടപാടുകൾ വർധിപ്പിക്കുന്നതിനും അത് വഴി ഇന്ത്യൻ രൂപയിലുള്ള വിശ്വാസം നഷ്ടപെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി. ഇത്തരത്തിലൊരു ഭേദഗതി റിസർവ് ബാങ്കുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളെ ദുർബലമാക്കുകയും ചെയ്യുമെന്നും മറുപടിയിൽ ആർബിഐ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ബോണ്ടുകളെ എതിർക്കുന്നതിന് റിസർവ് ബാങ്കിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്ന് 2017 ജനുവരി 30ന് സർക്കാരിന് അയച്ച കത്ത് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിലെ സുതാര്യതയ്ക്കുമേലുള്ള ആഘാതം

‘തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ സുതാര്യമാകുക എന്ന ലക്ഷ്യം ഈ നിയമ ഭേദഗതികൾ കൊണ്ട് സാധ്യമാകണമെന്നില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങുന്ന വ്യക്തികൾ തന്നെയായിരിക്കും യഥാർത്ഥത്തിൽ സംഭാവനകൾ നൽകുന്നത് എന്ന് ഉറപ്പുവരുത്തുക അസാധ്യമാണ്. തെരഞ്ഞെടുപ്പുബോണ്ടുകൾ കൈമാറ്റം ചെയ്യപ്പെടാവുന്ന ഒരു വിനിമയ വസ്തുവാണെന്നതിനാൽ രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നല്കിയതാരാണെന്നു കണ്ടെത്തുക അസാധ്യമായിത്തീരും.’ ‘ഈ തെരഞ്ഞെടുപ്പു ബോണ്ടുകൾ വാങ്ങുന്ന വ്യക്തികളോ മറ്റു സ്ഥാപങ്ങളോ രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിലവിലുള്ള ബാങ്കിങ് രീതികളായ ചെക്ക് , ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ മറ്റു ഓൺലൈൻ മാർഗ്ഗങ്ങൾ തുടങ്ങിയവയിലൂടെ സംഭാവനകൾ നല്കാവുന്നതേയുള്ളു. നിലനിൽക്കുന്ന അന്താരാഷ്ട്ര സമ്പ്രദായങ്ങളെ പോലും അവതാളത്തിലാക്കിക്കൊണ്ട് തിരഞ്ഞെടുപ്പുബോണ്ടുകൾ പോലുള്ള പുതിയ ഒരു സംവിധാനം നടപ്പിലാക്കുന്നതിന്റെ ആവശ്യമോ അതിനുതക്ക പ്രയോജനമോ ഇല്ല.’

സഹസ്രകോടികളുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടങ്ങൾ

സർവ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിർപ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സർക്കാർ ഇതിന് അനുമതി നൽകിയത്. 2018 ജനുവരി 2-ന് നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാർട്ടി ഗവണ്മെന്റ് തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ രണ്ടു മാസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു വന്ന പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ നിയമങ്ങൾ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പു ബോണ്ടുകളുടെ അനധികൃത വിൽപ്പന ആരംഭിക്കുകയും ചെയ്തു. ആദ്യം ഈ നടപടി ഒരു അപവാദമായി കണക്കാക്കിയെങ്കിലും പിന്നീടത് ഒരു നടപടിക്രമമായി തീരുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരം മെയ് 2018നു നടത്തിയ ഒരു നിയമലംഘനം അതേവർഷം അവസാനമാകുമ്പോഴേക്കും ഒരു കീഴ്വഴക്കമായി സർക്കാർ മാറ്റിത്തീർത്തിരിക്കുന്നതാണ് നമുക്കു കാണാൻ കഴിയുന്നത്. മെയ് 2019-ഓടു കൂടി ഏകദേശം ആറായിരം കോടി രൂപയുടെ തിരഞ്ഞെടുപ്പു ബോണ്ടുകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിലേക്കു സംഭാവന രൂപത്തിൽ എത്തിപ്പെട്ടിട്ടുള്ളത്. ഇതിൽ ആദ്യഘട്ടത്തിലെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ പണത്തിന്റെ സിംഹഭാഗവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്.

ആരും ആവശ്യപ്പെടാതെ നടപ്പാക്കിയ തെരഞ്ഞെടുപ്പ് ബോണ്ട്

വിവരാവകാശ പ്രവർത്തകൻ വെങ്കിടേഷ് നായ്ക്കിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ധനമന്ത്രാലയം ഇങ്ങനെ സമ്മതിച്ചു, ‘പണം സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരും ഇതുവരെ എന്തെങ്കിലും തരത്തിലുള്ള നിവേദനങ്ങളോ സന്ദേശങ്ങളോ അയച്ചിട്ടില്ല’. വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തോട് ധനമന്ത്രാലയം സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നായ്ക്ക് വിവരാവകാശ പ്രകാരം അപേക്ഷ നൽകുന്നത് 2017 ജൂലൈയിലാണ്. നിയമപ്രകാരം മന്ത്രാലയം 30 ദിവസത്തിനകം മറുപടി നൽകേണ്ടതാണ്. എന്നാൽ ആദ്യത്തെ ഒരു മാസം നായ്ക്കിന്റെ ചോദ്യത്തിന് മറുപടിയൊന്നുമുണ്ടായില്ല. ധനമന്ത്രാലയത്തിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ അപ്പീൽ നൽകിയപ്പോൾ അതിനെ ബോധപൂർവം വൈകിപ്പിക്കൽ സമീപനത്തിലൂടെ നേരിടുകയാണ് അധികൃതർ ചെയ്തത്. വിവിധ വകുപ്പുകളിലൂടെ കൈമാറി അഞ്ചുമാസം വൈകിപ്പിച്ചു.

ചട്ടങ്ങൾ മറികടന്നുള്ള തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങലുകൾ

നായ്ക്കിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം ഉണ്ടാക്കണമെന്നാവാശ്യപ്പെട്ട് സർക്കാരിന് നിവേദനങ്ങളൊന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കുന്നതാണെങ്കിൽ, കമോഡോർ ലോകേഷ് ബത്രയ്ക്ക് കിട്ടിയ രേഖകളിൽ തെളിയുന്നത് അജ്ഞാതനായ ഒരാൾ ഇതു സംബന്ധിച്ച് അനൌദ്യോഗികമായി ഒരു നിവേദനം നൽകിയിരുന്നുവെന്നാണ്. ഒപ്പോ തീയ്യതിയോ ഇല്ലാതെ ഒരു സാധാരണ എ-4 പേപ്പറിലായിരുന്നു ഈ നിവേദനം! സർക്കാർ സംവിധാനങ്ങൾ ഇത്തരത്തിൽ ഒപ്പില്ലാത്ത രേഖകൾ അനുവദിക്കാറില്ലെന്നാണ് പേര് പുറത്ത് പറയാൻ ആഗ്രഹിക്കാത്ത ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്; ‘അജ്ഞാതരായി ഇരുന്നുകൊണ്ട് പണം സംഭാവന ചെയ്യുന്ന പദ്ധതിയെ കുറിച്ച് ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിനോടോ മറ്റെതെങ്കിലും വകുപ്പിനോടോ അഭിപ്രായം തേടിയിരുന്നുമില്ല. റവന്യൂ വകുപ്പാണ് പിന്നീട് ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട ആശയരൂപീകരണത്തിന്റെ ഒരു രേഖയും ഇപ്പോഴും ലഭ്യമല്ല’.

തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകൾ

Share on

മറ്റുവാര്‍ത്തകള്‍