UPDATES

മനുഷ്യ സൗഹാർദ്ദത്തിന്റെ കവാടം

ജാതി, മത, വർഗീയ ചിന്തകൾ തൊട്ട് തീണ്ടാത്ത ഇടമാണ് ഈ നാട്, അതിന്റെ മുദ്രണമാണ് ആ കവാടം.

                       

മതത്തിന്റെ പേരിൽ പോർവിളികളും കലഹങ്ങളും നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നാൽ വർഗീയ ചിന്തകൾക്ക് നടുവിൽ സാഹോദര്യത്തിന്റെ കവാടവുമായി തലയുയർത്തി നിൽക്കുകയാണ് കുറ്റിമൂട് ചാമുണ്ഡേശ്വരി ക്ഷേത്രവും പാറയിൽ മസ്ജിദും. ഒരു കവാടം തന്നെ ധാരാളം എന്നാണ് ഇരു കൂട്ടരും ഒരേസ്വരത്തിൽ പറയുന്നത്. ചാമുണ്ഡേശ്വരി ക്ഷേത്രവും പാറയിൽ മസ്ജിദും വർഷങ്ങളുടെ പഴക്കം ചെന്ന ആരാധനാലയങ്ങളാണ്. അത്രയും വർഷത്തെ സൗഹൃദവും ഇരു വിഭാഗവും പങ്കിടുന്നുണ്ട്. സൗഹാർദ്ദത്തിന്റെ ആശയത്തിലേക്ക് എത്തി ചേർന്നതിന്റെ വഴികൾ പങ്കു വക്കുകയാണ് ക്ഷേത്ര പ്രസിഡന്റായ ശശിധരനും മസ്ജിദിന്റെ സെക്രട്ടറിയായ റഷീദും.

‘ഫെബ്രുവരി 28 നാണ് അമ്പലത്തിന്റെ പ്രതിഷ്ഠാ കർമ്മം കഴിഞ്ഞത്, അതിന് ശേഷമാണ് അമ്പലത്തിലേക്ക് വരുന്ന ഭക്തർക്ക് ഒരു വഴികാട്ടി എന്ന രീതിയിൽ ഒരു കവാടം വേണമെന്ന ആശയം വരുന്നത്. പക്ഷെ കവാടം സ്ഥാപിക്കാൻ വേണ്ട സ്ഥലക്കുറവ് മൂലം അതൊരു ചിന്തയായി തന്നെ നിൽക്കുമ്പോഴാണ് പള്ളിയിൽ നിന്നും കവാടം പങ്കിടാമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ക്ഷേത്രത്തിൽ നിന്നും 200 മീറ്റർ അകലെയാണ് കവാടം സ്ഥിതിചെയ്യുന്നത്. അമ്പലം സ്ഥിതിചെയ്യുന്ന ഇടത് വശം അമ്പലത്തിനും വലത് വശം പള്ളിയുടെയും പേരുകൾ ആലേഖനം ചെയ്യാം എന്ന നിർദ്ദേശം ഇരു വിഭാഗവും ഒരേ മനസ്സോടെയാണ് സ്വീകരിച്ചത്. മാത്രമല്ല തീരുമാനം വളരെ സന്തോഷം പകരുന്നതുമാണ്. രണ്ട് സമുദായങ്ങൾ ആണെങ്കിലും മതസ്പർദ്ധ ഇരു കൂട്ടരെയും തൊട്ട് തീണ്ടിയിട്ടില്ല എന്നതിന് തെളിവാണ് കവാടം.

അമ്പലത്തിലെ ഉത്സവം മറ്റ് ആഘോഷങ്ങൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും പള്ളിയും പള്ളിക്കാരും മുൻപന്തിയിലുണ്ടാകും. പ്രധാനമായി അമ്പലത്തിലെ ഉത്സവം തുടങ്ങുന്നത് പള്ളിയിൽ പട്ടും തിരിയും സമർപ്പിച്ചുകൊണ്ടാണ്. വർഷങ്ങളായി ഒരു മുടക്കവും കൂടാതെ തുടർന്ന് വരുന്ന ഒരു ആചാരമാണിത്. എനിക്കിപ്പോൾ 64 വയസായി ഞാൻ ജനിക്കുന്നതിന് മുൻപുള്ള സൗഹൃദമാണ് അമ്പലവും പള്ളിയും തമ്മിലുള്ളത്. മതത്തിന്റെയും ജാതിയുടെയും പേരിൽ പല സംഘർഷങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും ഇവിടെ ഇന്നേവരെ അത്തരത്തിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വരും തലമുറ ഞങ്ങൾ കാണിച്ച ഈ മാതൃക കണ്ട് വേണം വളരാൻ. മത സൗഹാർദ്ദം എന്ന ആശയത്തിന് എല്ലാവരുടെയും മനസിൽ വിത്തുപാകാൻ ഞങ്ങളുടെ ഈ പ്രവർത്തി കാരണമാകണം എന്ന ആഗ്രഹം കൂടി ഈ പ്രവർത്തിക്ക് പിന്നിലുണ്ട്’. കുറ്റിമൂട് ചാമുണ്ഡേശ്വരി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശശിധരൻ പറയുന്നു.

മത സൗഹാർദ്ദത്തിന്റെയല്ല മനുഷ്യ സൗഹാർദ്ദത്തിന്റെ കവാടമാണിതെന്ന് പറയുകയാണ് പാറയിൽ മസ്ജിദ് സെക്രട്ടറിയായ റഷീദ് ചുള്ളിമാനൂർ.

‘ ക്ഷേത്രത്തിൽ എന്തെല്ലാം ചടങ്ങുകൾ ഉണ്ടോ അതെല്ലാം പള്ളിക്കാരും ചേർന്ന് ഒത്തൊരുമയോടെ ആഘോഷിക്കുന്നതാണ് പതിവ്. അതെ സൗഹാർദ്ദപരമായ പെരുമാറ്റമാണ് അമ്പലത്തിന്റെ ഭാഗത്ത് നിന്ന് പള്ളിക്കും ലഭിക്കാറുള്ളത്. ഇരു സമുദായക്കാരും ഒന്നിച്ച് വളരെ സാഹോദര്യത്തോട് കൂടി കഴിഞ്ഞു പോകുന്ന ഇടമാണ് കുറ്റിമൂട് ദേശം. 65 വർഷത്തിലധികം  പഴക്കമുണ്ട് പാറയിൽ മസ്ജിദിന്. ക്ഷേത്രത്തിനും ഏകദേശം അത്രത്തോളം തന്നെ പഴക്കമുണ്ട്. പൂർവികരുടെ കാലം തൊട്ടേ ക്ഷേത്രവും പള്ളിയും ഇവിടുള്ള ജനങ്ങളും അബേദ്ധ്യമായ ബന്ധം പുലർത്തിവരുന്നതാണ്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുൻപാണ് പള്ളി സ്വന്തമായി കൂട്ടിമൂട് ജംഗ്ക്ഷൻ കവാടം പണിയുന്നത്. ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതിന് ശേഷമാണ് അമ്പലത്തിന് ഒരു വഴികാട്ടി എന്ന രീതിയിൽ കവാടം വേണം എന്ന ആവശ്യം വരുന്നത്. പക്ഷെ സ്ഥല കുറവ് മൂലം അത് പ്രതിസന്ധിയിലായി നിൽക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ഇരു കൂട്ടർക്കും പ്രത്യേകമായി കവാടം നിർമ്മിക്കേണ്ട ആവശ്യമില്ലലോ ഉള്ളത് പങ്കിട്ടാൽ മതിയല്ലോ എന്ന ആശയം എല്ലാവരോടുമായി പങ്കിടുന്നത്. ഞാനത് പള്ളി കമ്മിറ്റിയിലും അത് പോലെ ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ചെയ്തു, ഇരു കൂട്ടർക്കും സമ്മതം. അങ്ങനെയാണ് പള്ളിക്കും അമ്പലത്തിനും ഒരു കവാടം ഉടലെടുത്തത്. ഇരു വിഭാഗത്തിൻേറയും കൂട്ടായ പ്രവർത്തനത്തിന്റെ മുദ്രയാണ് കുറ്റിമൂടിൽ ഉയർന്ന് നിൽക്കുന്ന കവാടം.

മനുഷ്യ സ്നേഹത്തിന്റെ പാതയാണ് അവിടെ ഞങ്ങൾ ഒന്ന് ചേർന്ന് പണിഞ്ഞിരിക്കുന്നത്.  സ്നേഹത്തിന്റെ ചിന്ഹമായി ഈ കവാടം ഇവിടെ എക്കാലവും അവശേഷിക്കണം. എനിക്ക് സന്തോഷം നൽകിയ മറ്റൊരു വസ്തുത ഇത്തരം ഒരു ആശയവുമായി സമീപിച്ചപ്പോൾ എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതാണ്. സൗഹാർദ്ദം തുളുമ്പുന്ന ചിന്താഗതികളാകണം നാം പുതു തലമുറക്ക് പറഞ്ഞ് നൽകേണ്ടത്. ജാതി, മത, വർഗീയ ചിന്തകൾ ഒന്നും തന്നെ തൊട്ട് തീണ്ടാത്ത ഇടമാണ് ഈ നാട്, അതിന്റെ മുദ്രണമാണ് ആ കവാടം. എന്ന് കവിയും എഴുത്തുകാരനും കൂടിയായ റഷീദ് പറയുന്നു.

ചിത്രം കടപ്പാട് മനോരമ

Share on

മറ്റുവാര്‍ത്തകള്‍