വെയ്റ്റിംഗ് ലിസ്റ്റിലുള്ള ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ചെയ്ത് കിട്ടിയ തുകയില്‍ 35 രൂപയുടെ കുറവ്. എന്നാല്‍ ശരി അത് പോട്ടെ എന്ന് വിചാരിച്ച് വിട്ടുകളയാന്‍ രാജസ്ഥാനിലെ കോട്ട സ്വദേശിയായ എഞ്ചിനിയര്‍ സുജീത് സ്വാമി തയ്യാറായില്ല. ഐആര്‍സിടിസിയുടെ പിന്നാലെ പോയി നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഈ പരിപാടി ഒരു വര്‍ഷം നീണ്ടു. അവസാനം തുക റീ ഫണ്ട് ചെയ്യുമെന്ന് ഐആര്‍സിടിസി അറിയിച്ചു.
2017 ഏപ്രിലില്‍ കോട്ടയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള ഗോള്‍ഡന്‍ ടെംപിള്‍ മെയിലില്‍ ആണ് സുജീത് സ്വാമി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റ് തുക 765 രൂപ. ജൂലായ് രണ്ടിനുള്ള യാത്രക്ക് വേണ്ടി. വെയ്റ്റിംഗ് ലിസ്റ്റ് എന്ന് കണ്ടതോടെ ഉടന്‍ കാന്‍സല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ജി എസ് ടി നിലവില്‍ വരുന്നതിന് മുമ്പായിരുന്നു ഇത്. ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ്ജ് കിഴിച്ച് 700 രൂപയാണ് റീ ഫണ്ടായി കിട്ടേണ്ടിയിരുന്നത്. എന്നാല്‍ കാന്‍സലേഷന്‍ ഫീ 65 രൂപയ്ക്ക് പകരം എടുത്തത് 100 രൂപ. കിട്ടിയത് 665 രൂപ. സര്‍വീസ് ടാക്‌സ് ഇനത്തിലാണ് 35 രൂപ ചാര്‍ജ്ജ് ചെയ്തത്.
സുജീത് സ്വാമി ലോക് അദാലത്തിനെ സമീപിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വെസ്റ്റ്-സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും ഐആര്‍സിടിസി ജനറല്‍ മാനേജര്‍ക്കും കോട്ട ഡിവിഷണല്‍ ജനറല്‍ മാനേജര്‍ക്കും ലോക് അദാലത് നോട്ടീസ് നല്‍കി. ഐആര്‍സിടിസിയില്‍ വിവരാവകാശ പ്രകാരം ഇക്കാര്യം അന്വേഷിച്ചിരുന്നു. തുക റീ ഫണ്ട് ചെയ്യും എന്നാണ് അറിയിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ജി എസ് ടിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തതും ജി എസ് ടി നിലവില്‍ വന്നതിന് ശേഷം റദ്ദാക്കിയതുമായ ടിക്കറ്റുകള്‍ക്ക് മാത്രമേ സര്‍വീസ് ചാര്‍ജ് തുക റീ ഫണ്ട് ചെയ്യാതിരിക്കൂ എന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ 43ാം നമ്പര്‍ സര്‍ക്കുലര്‍ ഉദ്ധരിച്ച് റെയില്‍ ആര്‍ടിഐയ്ക്ക് മറുപടിയായി അറിയിച്ചിരുന്നു. ഇത് പ്രകാരം ജി എസ് ടി നിലവില്‍ വന്ന ജൂലായ് ഒന്നിന് മുമ്പായി ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ക്കെല്ലാം സര്‍വീസ് ചാര്‍ജ് അടക്കം റീ ഫണ്ട് കിട്ടും.