UPDATES

വിദേശം

Explainer: ധാക്കയില്‍ വിദ്യാർത്ഥികള്‍ തെരുവിലിറങ്ങിയതെന്തിന്?

പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചു. തെരുവുകളെല്ലാം കയ്യടക്കിയ വിദ്യാർത്ഥികൾ അടിയന്തിര വാഹനങ്ങൾ മാത്രമേ കടത്തിവിട്ടുള്ളൂ.

                       

റോഡപകടങ്ങളിൽ ആളുകള്‍ മരണപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭ്യമാക്കുന്ന നിയമത്തിന് ബംഗ്ലാദേശ് ക്യാബിനറ്റ് അംഗീകാരം നല്‍കി. രണ്ട് സ്കൂൾവിദ്യാർഥികൾ ബസ്സിടിച്ച് മരിച്ചതിനെത്തുടർന്ന് റോഡ് സുരക്ഷ ശക്തമാക്കണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാക്കയില്‍ ആയിരക്കണക്കിന് വിദ്യാർഥികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെയാണ് പുതിയ നിയമം നടപ്പിലാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.

പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചു. തെരുവുകളെല്ലാം കയ്യടക്കിയ വിദ്യാർത്ഥികൾ അടിയന്തിര വാഹനങ്ങൾ മാത്രമേ കടത്തിവിട്ടുള്ളൂ. ഇത് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായി. ബംഗ്ലാദേശിലെ യു.എസ്. സ്ഥാനപതി മാർഷ്യ ബെർണിക്കാറ്റിനു നേരെയും ആക്രമണമുണ്ടായി. ധാക്കയിൽ ഇവർ സഞ്ചരിച്ച വാഹനം ആയുധധാരികൾ ആക്രമിച്ചു. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഫോട്ടോഗ്രാഫറായ ഷഹീദ് ഉള്‍ അലാമിനെ പൊലീസ് അറസ്റ്റ്ചെയ്തു.

വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതെന്തിനാണ്?

ജൂലൈ 29ന് സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ദിയാ ഖാനാം മിം, അബ്ദുൾ കരീം റജിബ് എന്നിവര്‍ കൊല്ലപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറെ കഴിഞ്ഞയാഴ്ചതന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റോഡ് സുരക്ഷ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.

ബംഗ്ലാദേശിലെ പാസഞ്ചർ വെൽഫെയർ അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം റോഡപകടങ്ങളിൽ 7,400 പേർ മരണപ്പെടുകയും, 16,000 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എന്തെല്ലാമാണ്?

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നൽകണമെന്നതുൾപ്പെടെയുള്ള ഒൻപതു ഡിമാൻഡുകളാണ് വിദ്യാർത്ഥികള്‍ മുന്നോട്ടുവക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയിൽ, വിദ്യാർത്ഥികൾതന്നെ റോഡ്‌ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ധാക്കയിലെ തെരുവുകളിൽ വാഹനങ്ങള്‍ തടഞ്ഞുനിർത്തി ഡ്രൈവര്‍മാരുടെ ലൈസൻസ് പരിശോധിക്കുന്ന രീതിയിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തി.

പ്രതിഷേധങ്ങൾ ശക്തമാകുന്നത് എന്തുകൊണ്ട്?

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വാരാന്ത്യം വരെ വളരെ ശാന്തമായിരുന്നു. എന്നാല്‍ ട്രാൻസ്പോർട്ട് യൂണിയനുകളുമായി ശക്തമായ ബന്ധമുള്ള മന്ത്രി ഷാജഹാൻ ഖാന്റെ വാക്കുകളാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. മുംബൈ-ഗോവ ഹൈവേയിൽ ബസ് അപകടത്തിൽപെട്ട് 33 പേര്‍ കൊല്ലപ്പെട്ടിട്ടും ഇന്ത്യയില്‍ ഒരു പ്രധിഷേധവും ഉണ്ടായില്ല. എന്നാല്‍ ധാക്കയില്‍ കേവലം രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രി മാപ്പ് പറഞ്ഞാല്‍ മാത്രം പോരാ രാജിവച്ച് പുറത്തുപോകണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

പുതിയ നിയമം?

നിർദ്ദിഷ്ട നിയമപ്രകാരം, വാഹനാപകടം മൂലമുള്ള മരണങ്ങള്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടാൽ, കൊലപാതകക്കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെ കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. നേ രത്തേ ഇത് ജാമ്യം ലഭിച്ചേക്കാവുന്ന കുറ്റമായിരിന്നെങ്കില്‍ ഇനിമുതല്‍ ജാമ്യമില്ലാ കുറ്റകൃത്യമായി മാറും.

അന്തർദ്ദേശീയ ശ്രദ്ധ കിട്ടാൻ കാരണം?

വിദ്യാർത്ഥികളുടെ പ്രക്ഷോഭം വെറുമൊരു റോഡ് ആക്സിഡന്റ് വിഷയത്തെ പ്രതിയാണെന്ന് ലോകം കരുതുന്നില്ല. രാജ്യത്തിന്റെ പൊതുവിലുള്ള രാഷ്ട്രീയ സാഹചര്യത്തിലുള്ള അതൃപ്തിയും ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടായേക്കാം എന്ന് വിലയിരുത്തലുണ്ട്. ശനിയാഴ്ച ധാക്കയിലെ യുഎസ് അംബാസ്സഡർ മാർസിയ ബേർനികാറ്റിന്റെ ഔദ്യോഗിക വാഹനത്തിനു നേരെയും വിദ്യാർത്ഥികളുടെ ആക്രമണമുണ്ടായി. ഇത് രാജ്യാന്തരശ്രദ്ധ നേടുകയുണ്ടായി.

ലോകാരോഗ്യ സംഘടന പറയുന്നത്

റോഡപകടങ്ങൾ‌ ഇന്ത്യയിലും സാധാരണമാണെങ്കിലും ബംഗ്ലാദേശ് ഭരണകൂടത്തിന്റെ അങ്ങേയറ്റത്തെ നിസ്സംഗത താരതമ്യത്തിനർഹമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വർഷത്തിൽ 3000 പേരെങ്കിലും ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. യാഥാർത്ഥ കണക്കുകൾ ഇതിലും മീതെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്താണ് സമരം അക്രമത്തിലേക്ക് നീങ്ങാൻ പെട്ടെന്നുണ്ടായ പ്രകോപനം

പൊലീസിന്റെ ഭാഗത്തു നിന്നാണ് പ്രകോപനമുണ്ടായത്. വിദ്യാർത്ഥികളുടെ പ്രകടനം തികച്ചും സമനാധാനപരമായിരുന്നു. ഇതിനിടയിൽ സമരക്കാരെ ലാത്തി കൊണ്ടടിച്ചു. ഇത് വിദ്യാർത്ഥികൾ തിരിച്ചടിക്കുന്നതിന് കാരണമായി. പ്രക്ഷോഭം ശക്തമായതോടെ ഇന്റർനെറ്റ് കണക്ഷൻ മരവിപ്പിച്ചു. പക്ഷെ, പ്രക്ഷോഭത്തിന് കുറവൊന്നുമുണ്ടായില്ല. ടിയർ ഗ്യാസ്, ജലപീരങ്കി തുടങ്ങിയവയും വിദ്യാർത്ഥികൾക്കു നേരെ പൊലീസ് പ്രയോഗിക്കുന്നുണ്ട്. നൂറോളം പേർക്ക് ശനിയാഴ്ചയിലെ പൊലീസ് നടപടികളിൽ പരിക്കേൽക്കുകയുണ്ടായി.

ഐക്യരാഷ്ട്രസഭയുടെ പ്രതികരണം

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയുടെ ബംഗ്ലാദേശ് കോർഡിനേറ്റർ മിയ സെപ്പോ രംഗത്തെത്തി. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തങ്ങളുടെ ശബ്ദമുയർത്താനുള്ള എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. യുവാക്കളെ കൊല്ലുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബംഗ്ലാദേശിലെ റോഡും റോഡ് നിയമങ്ങളുമാണെന്നും ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭ നേരത്തെ പ്രചാരണങ്ങൾ നടത്തിയിരുന്നെന്നും മിയ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രതികരണം

തന്റെ രാഷ്ട്രീയ പ്രതിയോഗികൾ വിദ്യാർത്ഥികളെ ഇളക്കി വിടുകയാണെന്ന നിലപാടിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. എതിരാളികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ് അക്രമങ്ങൾക്കു പിന്നിലെന്ന് ഹസീന കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖലീദ സിയ ഈ ആരോപണം നിഷേധിച്ചു. കുട്ടികളെ വീട്ടിലിരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഹസീന പ്രതികരിച്ചു.

പുതിയ നിയമം

തിങ്കളാഴ്ചയാണ് പുതിയ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് നിയമമന്ത്രി അനിസുൽ ഹഖ് സിഎൻഎൻ ചാനലിനോട് പറഞ്ഞത്. അശ്രദ്ധമായ ഡ്രൈവിങ്ങിന് അഞ്ചു വർഷത്തെ തടവും പിഴയും ഏർപ്പെടുത്തുന്ന വിധത്തിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നും ഹഖ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍