UPDATES

ഓഫ് ബീറ്റ്

ആഘോഷങ്ങൾ, കൂടിച്ചേരലുകൾ… പുതിയ കാലത്ത് നമുക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? അതോ വെറും ഗൃഹാതുരത്വമോ ഇതൊക്കെ?

ജീവിതം ഇപ്പാൾ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് തളിർക്കുന്നത്

ജിസ ജോസ്

ജിസ ജോസ്

                       

ചില ഓര്‍മകള്‍ എന്നും കൊതിപ്പിക്കുന്നതാവുന്നു. കട്ടിക്കാലം പോലെ വിരുന്നു പോക്കും വിരുന്നു വരവും ഉത്സാഹിപ്പിക്കുന്ന കാലം വേറെയില്ല. പ്രത്യേകിച്ച് കൂട്ടുകുടുംബത്തിന്റെ വിശാലമായ തണലുകളില്‍ നിന്നു പറിച്ചു മാറ്റപ്പെട്ട് വിദൂരമായ വെയിലുകളില്‍ പുതിയതായി നട്ടുവളര്‍ത്തപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്. നാളുകള്‍ക്കു മുമ്പേ തുടങ്ങുന്ന ഒരുക്കങ്ങള്‍, യാത്രയുടെ രസങ്ങള്‍. സമപ്രായക്കാരുമായി പങ്കിടാനുള്ള വിശേഷങ്ങള്‍, സാഹസങ്ങള്‍, പറഞ്ഞും അറിഞ്ഞും തീരാത്തയത്ര വര്‍ത്തമാനങ്ങള്‍, സ്വന്തം വീട്ടില്‍ നിന്നു കിട്ടാത്ത വിശേഷപ്പെട്ട സ്‌നേഹലാളനകള്‍, മധുരങ്ങള്‍. ഒന്നും മുഴുവനായി ആസ്വദിച്ചു മതിയാവും മുമ്പേയുള്ള തിരിച്ചു പോക്ക്. അതിലും രസമായിരുന്നു അവിചാരിതമായ വിരുന്നു വരവുകള്‍. നാട്ടിലെ വിശേഷങ്ങളും വിഭവങ്ങളുമായി ആരെങ്കിലുമൊക്കെ ഓര്‍ക്കാപ്പുറത്തെത്തുന്നു. സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, സന്തോഷത്തിന്റെ തീരാത്ത വര്‍ത്തമാനങ്ങള്‍ കൊണ്ട് രാത്രികള്‍ക്ക് ഉറക്കം കുറയുന്നു. പകലുകള്‍ ചെറുതാവുന്നു. വിരുന്നൊരുക്കലിന്റെ ഉന്മാദത്തില്‍ അടുക്കളയും സദാ തിളച്ചു തൂവും. വിശിഷ്ടവിഭവങ്ങളുടെ അഹന്തയുമായി തീന്‍മേശ പതിവു മുഷിപ്പുകളെല്ലാമൊഴിവാക്കി ഏറ്റവും ആകൃഷ്ടയാവുന്നു. വെപ്പിന്റെയും വിളമ്പലിന്റെയും പ്രാരബ്ദങ്ങളും ക്ലേശങ്ങളമനുഭവിക്കേണ്ടാത്തതു കൊണ്ടും കുട്ടിക്കാലത്തിന് വിരുന്നു വരവുകള്‍ ഏറ്റവും പ്രിയങ്കരമാവും. വരുന്നവര്‍ പെട്ടന്നു തിരിച്ചു പോകരുതേയെന്ന പ്രാര്‍ത്ഥന, ദൈവത്തോടു മാത്രമല്ല, വിരുന്നുകാരോടു കൂടിയാണ്. സാമ്പ്രദായികതകളില്‍ നിന്ന്, മടുപ്പിക്കുന്ന പതിവു ചിട്ടകളില്‍ നിന്ന്, ശീലങ്ങളില്‍ നിന്നു താല്‍ക്കാലികമെങ്കിലും ഒരു മോചനം. എന്നുമോടുന്ന പാളങ്ങളില്‍ നിന്ന് ജീവിതം അതിന്റെ കണിശതയും സൂക്ഷ്മതയുമൊക്കെ ഉപേക്ഷിച്ച് പാളം തെറ്റിയോടുന്ന ദിവസങ്ങള്‍. പരീക്ഷക്കാലത്തായാലും അവധിക്കാലത്തായാലും എപ്പോഴായാലും വിരുന്നു വരവ് ശീലങ്ങളുടെ ഹൃദ്യമായ ഒരു മാറിയൊഴുകലാണ്. വിരുന്നുകാര്‍ പോയ്ക്കഴിഞ്ഞയുടനെയുണ്ടാകുന്ന ശൂന്യതയും നിശ്ചലതയും പോലെ ഹൃദയം തകര്‍ക്കുന്ന വേറൊന്നുമില്ല. ആഘോഷങ്ങളുടെ, സന്തോഷങ്ങളുടെ നിമിഷങ്ങള്‍ക്കു ശേഷം വീണ്ടും പതിവുപാളങ്ങളിലേക്കു തിരിച്ചു കയറി ഓടിത്തുടങ്ങുന്നതു പോലെ വിരസമായും മറ്റൊന്നില്ല. പക്ഷേ പഴയ കാലം ബന്ധുമിത്രാദികള്‍ക്കു പഞ്ഞമുള്ളതായിരുന്നില്ല. ആവശ്യത്തിനുപയോഗിച്ചു കഴിഞ്ഞിട്ടും മിക്കവര്‍ക്കും സമയം കുറച്ചൊക്കെ ബാക്കി വന്നിരുന്നു. ആശയവിനിമയങ്ങള്‍ക്ക് ടെലിഫോണ്‍ പോലുള്ള സൗകര്യങ്ങളും കുറവായിരുന്നു. കത്തുകളിലെഴുതി നിറച്ചിട്ടും പിന്നെയും വിശേഷങ്ങള്‍ ബാക്കി വന്നു. അതൊക്കെ പങ്കു വെക്കാന്‍ അവര്‍ ചെറുതും വലുതുമായ യാത്രകള്‍ നടത്തി. എല്ലാ യാത്രകളും അവസാനിച്ചത് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍. ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അക്കാലത്ത് സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ഒക്കെ മാത്രം വിനോദയാത്ര പോവാനുള്ള ഇടങ്ങളായിരുന്നു. പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങി ഏതാവശ്യത്തിനു വേണ്ടിയും വിദൂരസ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ താമസിക്കാന്‍ ഒരു ബന്ധുവീട് കണ്ടു പിടിക്കാന്‍ എത്ര എളുപ്പമായിരുന്നു. മുന്‍കൂട്ടി പറയാതെ അറിയിക്കാതെ ഓര്‍ക്കാപ്പുറത്ത് ചെന്നു മുട്ടുമ്പോഴേക്ക് ഒരപരിചിതത്വവുമില്ലാതെ പൊട്ടിച്ചിരിച്ചു സ്വാഗതം ചെയ്ത തുറന്ന വാതിലുകള്‍. പുരുഷന്മാര്‍ക്ക് പുരുഷന്മാരെയും സ്ത്രീകള്‍ക്കു സ്ത്രീകളെയും കുട്ടികള്‍ക്കു കുട്ടികളെയും കൂട്ടുകൂടാന്‍ കിട്ടി.
തകഴി, ദേവ്, കാരൂര്‍ തുടങ്ങി പഴയ കാല കഥാകാരന്മാരൊക്കെ വിരുന്നു വരവുകളുടെ പൊള്ളിക്കുന്ന കഥകളെഴുതിയിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയും കൊണ്ടുഴലുമ്പോളും വിരുന്നു വന്നവരെ ഊട്ടാനും സത്കരിക്കാനും വെപ്രാളപ്പെടുന്ന, വിരുന്നുകാരുടെ വിശപ്പടങ്ങുമ്പോള്‍ ആശ്വസിക്കുന്ന നിസ്വരായ മനുഷ്യരുടെ നിഷ്‌കളങ്കമായ ആനന്ദത്തിന്റെ, നിസഹായതകളുടെ കഥകള്‍.

വിരുന്നു വരവും വിരുന്നു പോക്കും അപൂര്‍വ്വമായ പുതിയകാലത്ത് ഇതൊക്കെ പഴമ മണക്കുന്ന ഗൃഹാതുര സ്മരണകള്‍ മാത്രമാവുന്നു. പക്ഷേ അങ്ങനെയൊരു കാലവും സംസ്‌കാരവും കൈമോശം വരുത്തിയ ചില മൂല്യങ്ങളുമുണ്ട്. എല്ലാ കുടുംബങ്ങളും ഒറ്റത്തുരുത്തുകളാവുമ്പോള്‍ ഏറ്റവും നഷ്ടം സംഭവിക്കുന്നത് കുട്ടികള്‍ക്കു തന്നെയാണ്. മുതിര്‍ന്നവര്‍ക്ക് ആഘോഷനിര്‍ഭരമായിരുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളെങ്കിലുമുണ്ട്. അതവര്‍ തരം കിട്ടുമ്പോഴൊക്കെ ആസ്വദിക്കുന്നു, അയവിറക്കുന്നു. സ്വന്തം കുട്ടികള്‍ക്ക് അതു നിര്‍ദ്ദയം നിഷേധിക്കുകയും ചെയ്യുന്നു. കൂട്ടും കൂട്ടവും എന്തെന്നറിയാത്ത പുതിയ കാല കുട്ടികള്‍ പരിശീലിക്കപ്പെടുന്നത് പരസ്പരം ഭയപ്പെടാനാണെന്നു തോന്നിപ്പോവും. നേരിട്ടുള്ള തുറന്ന ആശയ വിനിമയങ്ങള്‍ / പങ്കുവെയ്ക്കലുകള്‍ / കൂട്ടുകൂടലുകള്‍ ഇവയൊക്കെ ഇല്ലാതാവുമ്പോള്‍ വീട്ടിനുള്ളിലെ ആളുകളെപ്പോലും സംശയിക്കുന്ന അവസ്ഥയിലേക്കു സങ്കുചിതമാവുന്നു പലപ്പോഴും കുഞ്ഞുങ്ങളുടെ ചിന്ത. അടഞ്ഞു പോവുന്ന മനസുകള്‍.

കാലാനുസൃതവും സ്വാഭാവികവുമായ പരിണതികളാണിവയെല്ലാം. ബന്ധുക്കളെയും മിത്രങ്ങളെയും പരസ്പരം അടുപ്പിച്ചു കൂട്ടുന്ന സാങ്കേതികസൗകര്യങ്ങളുടെ സമൃദ്ധമായ കാലത്തിരുന്നു പണ്ടു നടത്തിയിരുന്ന മെനക്കെട്ട വിരുന്നു പോക്കുകളെക്കുറിച്ചും (അന്ന് ട്രെയിനിറങ്ങി ബസിനു പുഴക്കരയിലെത്തി കടവുകടന്ന് നാലഞ്ചു കിലോമീറ്റര്‍ നടന്ന് വേണം അങ്ങെത്താന്‍…) ആളൊഴിയാത്ത തീന്‍മേശപ്പുറത്തേക്കു വിഭവങ്ങളൊരുക്കി നടുവു തളര്‍ന്നതിനെക്കുറിച്ചുമൊക്കെ ആത്മരതിയോടെ അയവിറക്കുന്ന പഴയ തലമുറയോട് പുതിയവര്‍ക്കു സഹതാപം തോന്നും. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അവര്‍ സൗഹൃദവും ബന്ധങ്ങളും നിലനിര്‍ത്തുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത വിശാലഭൂമികകളുടെ സാധ്യത അകലെയുള്ളവരെ അടുപ്പിക്കുന്നു. എല്ലാവരും പരസ്പരം അറിയുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ പോലും. ബന്ധങ്ങള്‍ പൊടി തട്ടിയെടുത്തു മിനുക്കുന്നു. ഫെയ്‌സ് ബുക്ക് ഓര്‍മ്മിപ്പിക്കുന്ന പിറന്നാള്‍ ദിനങ്ങളില്‍ ജീവിതത്തിലിതുവരെ കിട്ടിയിട്ടില്ലാത്തത്ര ആശംസകള്‍ കുമിഞ്ഞുകൂടുന്നു. കണ്ടു സംസാരിക്കാന്‍ വീഡിയോ ചാറ്റ് പോലുള്ള സൗകര്യങ്ങള്‍. ജീവിതം കുറച്ചു കൂടി ക്ലേശരഹിതവും സന്തോഷകരവുമായി തോന്നാം. പക്ഷേ ഒപ്പം തന്നെ നേരിട്ടു കണ്ട്, തൊട്ടുചേര്‍ന്നിരുന്നു മിണ്ടുന്നതിന്റെ ഊഷ്മളതയും വൈകാരികതയും എവിടെയോ ചോര്‍ന്നു പോവുന്നുമുണ്ടാവും. യാന്ത്രികമായ പങ്കുവെയ്ക്കലുകള്‍. സമയം ഉണ്ടാക്കി മറ്റെല്ലാം മാറ്റി വെച്ചല്ല നവമാധ്യമങ്ങളിലൂടെയുള്ള വിനിമയങ്ങള്‍. സമയമുള്ളപ്പോള്‍, സൗകര്യമുള്ളപ്പോള്‍, എനിക്കു തോന്നിയാല്‍. പഴയകാല ബന്ധങ്ങളിലെ തീവ്രതയും മുറുക്കവും പുതിയബന്ധങ്ങളിലുണ്ടാവണമെന്നില്ല. മിക്കവാറും ഒരു ഫാമിലി വാട്‌സ്ആപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ആനന്ദങ്ങളും ആഘോഷങ്ങളും മാത്രമാണ്. ഒരു മരണവാര്‍ത്തയ്ക്ക് പരമാവധി RIP എന്നൊരു കമന്റില്‍ തീരുന്ന ദുഃഖമേയുള്ളൂ. പക്ഷേ അതാണ് പുതിയ കാലത്തെ ബന്ധങ്ങളുടെ സ്വാഭാവികമായ അവസ്ഥയും. അതല്ലാത്തതെല്ലാം ഗൃഹാതുരത്വത്തിന്റെ അതിവൈകാരിക പ്രകടനങ്ങള്‍ മാത്രമായി വിലയിരുത്തപ്പെടുന്നു. വിരുന്നു പോക്കുകളും വരവുകളുമുണ്ടാവില്ല, ഉണ്ടെങ്കില്‍ത്തന്നെ വിളിച്ചു പറഞ്ഞും അനുമതി വാങ്ങിയും ഇരുപ്പുമുറിയിലുറഞ്ഞുകൂടുന്ന ഹ്രസ്വ വേളകള്‍ മാത്രമാണ് ഇപ്പോഴത്തെ വിരുന്നു വരവുകള്‍. ഓരോ മുക്കും മൂലയും കൂടി ഇളകി മറിഞ്ഞിരുന്ന വീടുപോലും തുള്ളിച്ചാടിയിരുന്ന ആ പഴയ വിരുന്നുകാലം ഓര്‍മ്മകളില്‍ മാത്രം.

(ഗവ.ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിസ ജോസ്

ജിസ ജോസ്

ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപിക

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍