UPDATES

സിനിമാ വാര്‍ത്തകള്‍

ദേശീയ ഗാനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു; ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നു 385 കോടി കളക്ട് ചെയ്ത ദംഗലിന് പാക് റിലീസ് നടക്കാതെ വന്നാല്‍ 10 മുതല്‍12 കോടി വരെ നഷ്ടപ്പെടാം

                       

ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാക്കിസ്ഥാനി താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വിലക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം പാക് സര്‍ക്കാര്‍ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള നിരോധനം എടുത്തുകളയുകയുണ്ടായി. അതോടെ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏറെ പ്രേക്ഷകരുള്ള പാക്കിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ എത്തിക്കാനുള്ള തിരക്കിലായി അവിടത്തെ വിതരണക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ പണംവാരി പടം ദംഗല്‍ തേടി വിതരണക്കാര്‍ ആമീര്‍ഖാനെ സമീപിച്ചതും അങ്ങനെയാണ്.

എന്നാല്‍ ദംഗല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച അതേ രൂപത്തില്‍ അവിടെ പ്രദര്‍ശിപ്പിക്കാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല. രണ്ട് ആവശ്യങ്ങളാണ് അവര്‍ക്കുള്ളത്. ഒന്ന് ഇന്ത്യന്‍ ദേശീയ പതാക കാണിക്കുന്ന രംഗം കട്ട് ചെയ്യണം. മറ്റൊന്ന് ഇന്ത്യന്‍ ദേശീയ ഗാനം കേള്‍പ്പിക്കാന്‍ പാടില്ല.

ആവശ്യം കേട്ട ആമീര്‍ഖാന്‍ പറഞ്ഞത്, ആശ്ചര്യകരം എന്നാണ്. “പാകിസ്ഥാനെതിരെ യാതൊരു പരാമര്‍ശവും ചിത്രത്തിലില്ല. ഒരു സ്പോര്‍ട്സ് ബയോപിക് മാത്രമാണിത്.” എന്തായാലും പാക് സെന്‍സര്‍മാരുടെ ആവശ്യത്തിന് വഴങ്ങി കൊടുക്കാന്‍ നിര്‍മ്മാതാവ് കൂടിയായ നടന്‍ ആമീര്‍ഖാന്‍ തയ്യാറല്ല. ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമില്ലെന്ന വിവരം പാക് വിതരണക്കാരെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നു 385 കോടി കളക്ട് ചെയ്ത ദംഗലിന് പാക് റിലീസ് നടക്കാതെ വന്നാല്‍ 10 മുതല്‍12 കോടി വരെ നഷ്ടപ്പെടാം എന്നാണ് ഫിലിം ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍