UPDATES

സിനിമ

പത്മരാജന്റെ പവിത്രനും ദിലീഷ് പോത്തന്റെ പ്രസാദും; രണ്ടും നല്ല അസല് കള്ളമ്മാരാ…

പത്മരാജനും ദിലീഷ് പോത്തനും യാതൊരുവിധ സന്ധിക്കും പവിത്രനേയും പ്രസാദിനെയും നിര്‍ബന്ധിച്ചിട്ടില്ല.

                       

നടന്ന കഥയാണ്. ലക്ഷംവീടുകളില്‍ ഒന്നില്‍ പവിത്രനെന്നൊരു കള്ളനും അവന്റെ കുടുംബവും പാര്‍ത്തിരുന്നു. കുടുബം പുലര്‍ത്താന്‍ വേണ്ടി പവിത്രന്‍ നന്നേ കഷ്ടപ്പെട്ടു. കണ്ണില്‍ കണ്ടതെല്ലാം മോഷ്ടിച്ച് മോഷ്ടിച്ചാണ് അവന് കള്ളന്‍ പവിത്രന്‍ എന്ന പേര് കിട്ടിയത് തന്നെ. ആ പേരല്ലാതെ എണ്ണമറ്റ ചെറുകിട മോഷണങ്ങളില്‍ നിന്ന് കാര്യമായതൊന്നും സമ്പാദിച്ചുവയ്ക്കാനോ ഭാര്യമാര്‍ക്കും പിള്ളാര്‍ക്കും വേണ്ടി നാളത്തേയ്ക്ക് എന്തെങ്കിലും കരുതിവയ്ക്കാനോ അവന് കഴിഞ്ഞിരുന്നില്ല. അതിന്റെ സങ്കടം പവിത്രനുണ്ടായിരുന്നു. സ്വന്തമായി വീടു കിട്ടിയപ്പോള്‍ മേലാല്‍ ഗുണമുള്ള മോഷണങ്ങള്‍ക്കു മാത്രമെ മെനക്കെടൂ എന്നൊരു തീരുമാനവും അവന്‍ എടുത്തിരുന്നു. പവിത്രനു രണ്ടു ഭാര്യമാരും രണ്ടിനുംകൂടി മൂന്നുമക്കളും. രണ്ടും രണ്ടു പൊറുതി…

1981-ല്‍ ഇറങ്ങിയ പത്മരാജന്‍ ചിത്രം കള്ളന്‍ പവിത്രന്‍ തുടങ്ങുന്നത് ഈ വിവരണവുമായിട്ടാണ്. പവിത്രന്‍ ആരാണെന്നും അയാള്‍ എജ്ജാതി കള്ളനാണെന്നും എങ്ങനെ പവിത്രന്‍ കള്ളന്‍ പവിത്രനായെന്നുമൊക്കെ പറഞ്ഞു തന്നിട്ടാണ് പവിത്രന്റെ ബാക്കിയുള്ള ജീവിതത്തിന് സംവിധായകന്‍ നമ്മളെ ദൃക്‌സാക്ഷികളാക്കുന്നത്.

മലയാള സിനിമയില്‍ പവിത്രനു മുമ്പും ശേഷവും ഒത്തിരി കള്ളന്മാര്‍ വന്നിട്ടുണ്ട്. മണ്ടന്‍, ബുദ്ധിമാന്‍, നല്ലവന്‍, ജനകീയന്‍; പലജാതി കള്ളന്മാര്‍. പക്ഷേ മലയാളത്തിലെ ലക്ഷണമൊത്ത കള്ളന്‍, പവിത്രന്‍ മാത്രമായിരുന്നു; പ്രസാദിനെ കാണുന്നതുവരെ.

പവിത്രനും പ്രസാദും; രണ്ടും നല്ല അസല് കള്ളന്മാരാണ്. രണ്ടുപേരും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അടിമുടി കള്ളന്മാര്‍ എന്ന നിലയില്‍ പ്രസാദും പവിത്രനും ഒരേ അളവില്‍ പ്രസക്തരാണ്. പത്മരാജനും ദിലീഷ് പോത്തനും യാതൊരുവിധ സന്ധിക്കും പവിത്രനേയും പ്രസാദിനെയും നിര്‍ബന്ധിച്ചിട്ടില്ല. അത്തരം സന്ധികള്‍ക്കൊ പരകായങ്ങള്‍ക്കോ പരിവേഷസ്വീകരണത്തിനോ തയ്യാറായവഴിയില്‍ ബാക്കിയുള്ള കാക്കത്തൊള്ളായിരം കള്ളന്മാരെയും ഒഴിവാക്കിക്കൊണ്ട് പവിത്രനേയും ഇപ്പോള്‍ പ്രസാദിനെയും പൊക്കിപ്പിടിക്കാന്‍ തോന്നുന്നത് അവര്‍ രണ്ടു മനുഷ്യരായി തന്നെ നിലകൊണ്ടു എന്നതിനാലാണ്. പവിത്രനിലോ പ്രസാദിലോ അതിസാധാരണത്വങ്ങളൊട്ടുമേ കാണാനില്ല. അവര്‍ കള്ളന്മാര്‍, അത്രതന്നെ.

താരങ്ങളായ നായകന്മാര്‍ അവതരിപ്പിച്ചിരിക്കുന്ന കള്ളന്മാരൊക്കെയും പൊതുവെ നന്മയില്‍ ഗോപാലന്മാരായിരുന്നു. അവര്‍ കക്കുന്നതിനും കള്ളനായതിനുമൊക്കെ കൃത്യമായൊരു വിശദീകരണം ഉണ്ടായിരിക്കും. ഇതൊക്കെ സവര്‍ണകള്ളന്മാര്‍ക്ക്. താഴ്ന്ന ജാതിക്കള്ളന്മാര്‍ മിക്കവാറും തമാശക്കാരനോ ക്രൂരനോ ആയിരിക്കും; അവര്‍ക്ക് ഭൂതകാലങ്ങള്‍ ഉണ്ടാകാറുമില്ല. കള്ളന്‍ പവിത്രന്റെ കാലത്ത് നെടുമുടി വേണുവും തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും കാലത്ത് ഫഹദ് ഫാസിലും സൂപ്പര്‍ നായകന്മാരാണ്. പക്ഷേ അവര്‍ അവതരിപ്പിച്ച കള്ളന്മാരില്‍ ഒരു നായകത്വവും ഇല്ല. അവര്‍ക്ക് കൃത്യമായ ഐഡന്റിറ്റിപോലുമില്ല; യഥാര്‍ത്ഥ കള്ളന്മാരെപോലെ.

 

മനുഷ്യസഹജമായ വാസനകളാണ് പ്രസാദിലും പവിത്രനിലും കാണാനാകുന്നത്. അത് ചിലപ്പോള്‍ നന്മയാകാം, നിഷ്‌കളങ്കതയാകാം, ക്രൂരതയാകാം, ദയയില്ലായ്മയാകാം… വികാരങ്ങള്‍ വ്യത്യസ്തപ്പെട്ടുകൊണ്ടേയിരിക്കും; അതാണല്ലോ മനുഷ്യന്‍. ഒരു മൃഗം എങ്ങനെ പെരുമാറുമെന്ന് നമുക്കറിയാം, ഒരു മനുഷ്യനോ? ആ അനിര്‍വചനീയതയാണ് പവിത്രനും പ്രസാദും. യഥര്‍ത്ഥ പ്രസാദിനോടും അയാളുടെ ഭാര്യ ശ്രീജയോടും കള്ളന്‍ പ്രസാദ് കാണിക്കുന്ന നന്മയും പവിത്രന്‍ ഭാമയോടു കാണിക്കുന്ന സത്യസന്ധതയും ഇത്തരത്തില്‍ മാറിമാറിവരുന്ന അവരുടെ സ്വഭാവശ്രേണില്‍പ്പെട്ടതാണ്. അവര്‍ നല്ലവരാണെന്നു നമുക്ക് തോന്നും, അവര്‍ നല്ലവരേയല്ല എന്നും തോന്നും.

ഒരു മച്ചാന്റെ കാര്യം പറയാം (യഥാര്‍ത്ഥപേര് മറ്റെന്തോ ആണ്). എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍വച്ച് മച്ചാനെ കണ്ട നാട്ടുകാരനൊരാള്‍ ഒന്നു കുശലം ചോദിച്ചേക്കാം എന്നു കരുതി അടുത്തേക്ക് ചെന്നു. പക്ഷേ കണ്ട ഭാവം നടിച്ചില്ല മച്ചാന്‍. മറ്റേയാള്‍ക്ക് നന്നേ വിഷമം തോന്നി. മച്ചാന്‍ തന്നെ അപമാനിച്ചതായിട്ടാണു പുള്ളിക്ക് ഫീല്‍ ചെയ്തത്. പിന്നീടൊരുനാള്‍ മച്ചാന്‍ നാട്ടില്‍വച്ചു പ്രസ്തുത കക്ഷിയെ കണ്ടു. ഇരുവരും നേര്‍ക്കുനേര്‍വന്നതും തനിക്കുണ്ടായ അപമാനത്തിന്റെ ചൊരുക്കെല്ലാം അയാള്‍ മച്ചാന്റെ മേല്‍ തീര്‍ത്തു. എല്ലാം കേട്ടശേഷം ശാന്തനായി മച്ചാന്‍ പറഞ്ഞു; സുഹൃത്തേ, അവിടെ നിങ്ങള്‍ നിന്ന പോലെയല്ല ഞാന്‍ നിന്നത്, എവിടെ നിന്നെല്ലാമോ ആരൊക്കെയോ എന്റെ മേല്‍ കണ്ണെറിഞ്ഞിട്ടുണ്ട്. കാരണം ഞാനൊരു പോക്കറ്റടിക്കാരനാണ്. ഞാന്‍ നിങ്ങളുമായി മിണ്ടിയും പറഞ്ഞും നിക്കണ കണ്ടാല്‍ പൊലീസ് നിങ്ങളെയും സംശയിക്കും. സ്വന്തം നാട്ടുകാരനെ ഞാനായിട്ട് അബദ്ധത്തില്‍ ചാടിക്കണ്ടല്ലോ എന്നു വിചാരിച്ചാണ് അങ്ങനെ പെരുമാറിയത്. അതാണ് മച്ചാന്റെ നന്മ. എന്നു കരുതി ആ നന്മ അയാള്‍ മറ്റുള്ളവരുടെ പണം മോഷ്ടിക്കുമ്പോള്‍ പ്രകടിപ്പിക്കാറില്ല. ഇതുപോലുള്ള മച്ചന്മാരാണ് പവിത്രനും പ്രസാദും.

ക്ഷയിച്ച തറവാടിന്റെയോ കൂട്ടുകാരനെ സഹായിക്കാനിറങ്ങിയതിന്റെയോ ന്യായീകരണങ്ങള്‍ ഇല്ലാത്തവരാണ് പ്രസാദും പവിത്രനും. പവിത്രനും പ്രസാദും എന്തുകൊണ്ട് കള്ളന്മാരായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സാഹചര്യങ്ങള്‍ കൊണ്ടായിരിക്കണം. പവിത്രന്റെ ബാല്യകാലത്തെക്കുറിച്ച് പത്മരാജന്‍ പറയുന്നില്ല. ലക്ഷംവീട് കോളനിയില്‍ ഒരു വീടുകിട്ടുന്നതിനും മുമ്പേ കള്ളനായിരുന്നതുകൊണ്ട് ഊഹിക്കാവുന്നൊരു ബാല്യത്തില്‍ പവിത്രന്‍ അനാഥനും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയവനുമായിരുന്നിരിക്കാം. ആ അവസ്ഥ മറികടക്കാനായിരിക്കണം കള്ളനായത്. ജീവിക്കാന്‍ വേണ്ടിയുള്ള കളവ്. പവിത്രന്‍ പെരുംകളവൊന്നും നടത്തിയില്ല. ചെറുകിട മോഷണങ്ങള്‍. കിണ്ടിയോ മൊന്തയോ കുഴിയന്‍ ചരുവമോ ഒക്കെയായിരുന്നു അയാള്‍ കട്ടത്. അതൊക്കെ വിറ്റാല്‍ കിട്ടുന്നതെന്തായിരിക്കുമെന്ന് ഊഹിക്കാം. അന്നന്നത്തെ കാര്യം നടന്നുപോകും. പിന്നീട് രണ്ടു പെണ്ണുങ്ങളുടെ ഭര്‍ത്താവായപ്പോഴും മൂന്നു പിള്ളേരുടെ അച്ഛനായപ്പോഴും അതേ കിണ്ടിയും മൊന്തയും മാത്രമാണ് അയാളുടെ കൈയില്‍ തടയുന്നത്. കള്ളനെന്ന പേരുവീഴുകയും ചെയ്തു, കളവുകൊണ്ടൊട്ടു ഗുണം പിടിക്കാനും പവിത്രനായില്ല. എന്നെങ്കിലും നടക്കുമെന്ന് അയാള്‍ക്കുപോലും ഉറപ്പില്ലാത്തൊരു ഗുണമുള്ള മോഷണത്തിനായി കാത്തിരിക്കുന്നതിനിടയിലെ ആ അപ്രതീക്ഷിത സംഭവമാണ് പവിത്രനൊരു മാറ്റമുണ്ടാകുന്നത്. പിന്നീടത് ദോഷമായെങ്കിലും.

പവിത്രനു പറയാനൊരു ഭൂതകാലമുണ്ടെങ്കില്‍ പ്രസാദിന് അതുമില്ല. അയാള്‍ക്കൊരു പേരുപോലുമില്ല. പേരുകള്‍ പോലും അയാള്‍ മോഷ്ടിക്കുകയാണ്. നാട് പള്ളുരുത്തിയിലാണെന്ന് ആദ്യവും പിന്നീടതു തിരുത്തി ചാവക്കാടാക്കുന്നതും കള്ളമാണ്. പേരും ഊരുമൊന്നുമില്ലാത്ത പ്രസാദ് എങ്ങനെ കള്ളനായെന്നു മാനസിലാക്കാന്‍ പക്ഷേ അയാള്‍ പറയുന്ന കള്ളങ്ങള്‍ക്കിടയിലെ ഒരു ‘സത്യ’മാണ് സഹായകമാകുന്നത്; വിശപ്പ്. പവിത്രന്റെ പലഭാവങ്ങളിലും-വ്യാപാരിയുടെ മുന്നില്‍ നില്‍ക്കുന്ന നില്‍പ്പിലൊക്കെ- ഇതേ വിശപ്പിന്റെ നിസ്സഹായത പ്രകടമായി വരുന്നുണ്ട്. വിശപ്പാണ് മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നമെന്നാണ് പ്രസാദും പവിത്രനും പറയുന്നത്; കള്ളന്മാരായതിന്റെ കാരണമായും. ഈ സത്യസന്ധത മലയാള സിനിമയിലെ മറ്റൊരു കള്ളനിലും കാണാനില്ല.

യാഥാര്‍ത്ഥ്യസ്വഭാവം ഇവരില്‍ രണ്ടുപേരിലും വീണ്ടും വീണ്ടും പറയാന്‍ ഇനിയും കാരണങ്ങളുണ്ട്. മോഷണം എന്നത് ഒരു തെറ്റു തന്നെയാണ്. അതു ചെയ്യുന്നവന് പറയാന്‍ ഉള്ള ന്യായത്തേക്കാള്‍ അതിനിരയാകുന്നവരുടെ അവസ്ഥ തന്നെയാണ് കാര്യമാക്കേണ്ടത്. ഒരു കിണ്ടിയും മൊന്തയുമല്ലേ മാമച്ചായാ, അതങ്ങ് പോട്ടേന്നു വയ്ക്കണമെന്നു ദമയന്തി പറയുമ്പോള്‍ മാമ്മച്ചന്റെ മറുപടി, മൊതല് മോഷണം പോയവന്റെ മന:ശല്യം മോട്ടിക്കുന്നവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നാണ്. മാമ്മച്ചനും തവണക്കടവുകാരായ ശ്രീജയും പ്രസാദുമെല്ലാം അതേ മന:ശല്യം അനുഭവിക്കുന്നവരാണ്. കട്ടപ്പെട്ടുണ്ടാക്കുന്നവനെ പോയതിന്റെ വിലയറിയാവൂ എന്നു മാമച്ചന്‍ പറയുന്നത് തന്നെ ശ്രീജയും മറ്റൊരുതരത്തില്‍ പറയുന്നത്. പക്ഷേ ഈ വിഷമം കള്ളന്‍ പ്രസാദിനെയോ പവിത്രനെയോ ഒരിക്കല്‍പോലും അലട്ടുന്നില്ല. ഒരു കുറ്റസമ്മതം നടത്തി, തെറ്റുചെയ്തുപോകാനുണ്ടായ സാഹചര്യത്തെ പഴിച്ച് വിമ്മിഷ്ടപ്പെടാനോ പ്രസാദും പവിത്രനും ശ്രമിക്കുന്നുമില്ല. അവസാനം വരെ പിടിച്ചു നില്‍ക്കുക; അതാണ് പ്രസാദ് ചെയ്യുന്നത്, പവിത്രനും. കാരണം അവര്‍ കള്ളന്മാരാണ്. എങ്ങനെയങ്ങനെയായി എന്നതിനെ ഒരിക്കലും അവര്‍ തങ്ങളുടെ ന്യായീകരണമാക്കുന്നില്ല. അവര്‍ കള്ളന്മാരായി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതിനവരെ അനുവദിച്ച് പത്മരാജനും ദിലീഷ് പോത്തനും.

"</p

വേണമെങ്കില്‍ ഇവരുടെ കാര്യത്തില്‍ മറ്റൊരു ചര്‍ച്ചയാകാം. പ്രസാദാണോ പവിത്രനാണോ തങ്ങളില്‍ മികച്ച കള്ളനെന്ന്. എന്റെയഭിപ്രായത്തില്‍ പവിത്രനെക്കാള്‍ കൂടിയ കള്ളനാണ് പ്രസാദ്. പ്രസാദില്‍ ഒരു പ്രൊഫഷണല്‍ ടച്ചുണ്ട്. ഒരു മാല മോഷ്ടിക്കേണ്ടതെങ്ങനെയാണെന്ന് കൃത്യമായി അയാള്‍ക്കറിയാം. കക്കാനും നിക്കാനും അറിയാം. അതയാള്‍ അവസാനം വരെ തെളിയിക്കുന്നുണ്ട്. ബുദ്ധിയും യുക്തിയുമുള്ള കള്ളനാണ്. ഒരുപക്ഷേ വിദ്യാഭ്യാസംപോലും കിട്ടിയിട്ടില്ലാത്തയാളായിരിക്കാമെങ്കിലും കാര്യവിവരമുണ്ട്. രണ്ടര പവന്‍ എത്ര ഗ്രാമാണെന്ന കണക്ക് അയാള്‍ പറയുന്നു, പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പമിരുന്ന് നടക്കാന്‍ പോകുന്നൊരു അടിയെക്കുറിച്ചയാള്‍ മുന്‍പേര്‍ പറയുന്നു, വകുപ്പുകളെക്കുറിച്ചും കോടതി നടപടികളെക്കുറിച്ചും അയാള്‍ വിവരം നേടിയിരിക്കുന്നു. എ എസ് ഐ ചന്ദ്രന്റെ തന്ത്രത്തില്‍ പെട്ട് ജയിലില്‍പ്പെട്ടു പോകേണ്ടിടത്തു നിന്നും ആള്‍ക്കുട്ടത്തിന്റെ അശ്രദ്ധയിലേക്ക് സ്വാതന്ത്ര്യത്തോടെ തന്റെ തൊഴില്‍ തുടരാനായി അയാള്‍ക്ക് ഇറങ്ങി നടക്കാനായതും പ്രസാദ് ബുദ്ധിമാനായ കള്ളനായതുകൊണ്ടാണ്. ശ്രീജയോടും പ്രസാദിനോടും പറഞ്ഞതുപോലെ അയാള്‍ മാറാനൊന്നും പോകുന്നില്ലെന്നു ആ രണ്ടുദിവസം കൊണ്ടു തന്നെ മനസിലായതാണ്. അങ്ങനെ മാറുകയാണെങ്കില്‍ കള്ളന്‍ പ്രസാദ് ഒരു അപനിര്‍മിതിയായി പോയേനേ…

ഇനി പവിത്രനിലേക്ക് വരാം. പ്രസാദില്‍ നിന്നും വ്യത്യസ്തനായി ഒരു ഭീരുവാണ് പവിത്രന്‍. ദുര്‍ബലനുമാണ്. താനൊരു നല്ല കള്ളനാണെന്ന വിശ്വാസം ഒരിക്കലും പവിത്രനില്ലായിരുന്നു. അതുകൊണ്ടാണ് മൊന്തയ്‌ക്കോ കിണ്ടിക്കോ അപ്പുറത്തേക്ക് അയാള്‍ക്ക് മറ്റൊന്നും മോഷ്ടിക്കാന്‍ പറ്റാത്തത്. അവസരങ്ങള്‍ മുതലാക്കാന്‍ അറിയാമെന്നുമാത്രം. പക്ഷേ പ്രസാദിനെപോലെ മുന്‍പേര്‍ കണ്ണെറിഞ്ഞു നില്‍ക്കാന്‍ അയാള്‍ക്കറിയില്ല. അതിന്റെ ഫലമാണ് അനുഭവിച്ചതും. കുബുദ്ധിക്കാരനും മാനസഗുരുവായി വരിച്ചതുമായ വ്യാപാരിയെ ചതിക്കാന്‍ കഴിഞ്ഞെങ്കിലും തന്റെ നേര്‍ക്കു വരുന്ന ചതി മനസിലാക്കാന്‍ പവിത്രനു കഴിഞ്ഞില്ല. പ്രസാദ് എപ്പോഴും തന്നില്‍ തന്നെ ജാഗ്രതയുള്ളവനായിരുന്നു. പവിത്രന്‍ തന്റെ വികാരങ്ങളാല്‍ അലസനും. അതുകൊണ്ട് കള്ളനെന്ന നിലയില്‍ പ്രസാദ് പവിത്രനെക്കാള്‍ ഒരുപിടി മുകളിലാണ്. അത്തരത്തിലൊരു താരതമ്യം ഒഴിച്ചു നിര്‍ത്തിയാല്‍, പ്രസാദും പവിത്രനും മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിരിക്കുന്നതില്‍ നല്ല അസല് കള്ളമ്മാര്‍ തന്നെയാണ്…

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍