UPDATES

സിനിമ

മോഹന്‍ലാല്‍ ഭീമനാകുന്നതില്‍ എന്താണ് പ്രശ്നം?

ചലച്ചിത്രജീവിതത്തില്‍ ഒരു പുലിമുരുകനപ്പുറം എങ്ങനെയെത്താമെന്ന ചിന്തയില്‍ അദ്ദേഹം മലയാളത്തിലെത്തന്നെ മികച്ച കൃതികളില്‍ ഒന്നായ രണ്ടാമൂഴം തെരഞ്ഞെടുത്തതില്‍ നമുക്കഭിമാനിക്കാം

                       

നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഒരാളില്‍ പ്രതിരൂപങ്ങള്‍ രൂപപ്പെടുന്നത്. അന്‍പത് വയസിനു മുകളിലുള്ള ഒരാളില്‍ മോട്ടോര്‍ കാര്‍ എന്ന പദം ആദ്യം കൊണ്ടുവരുന്ന പ്രതിരുപം അവര്‍ ചെറുപ്പത്തില്‍ കണ്ടുവളര്‍ന്ന അംബാസിഡര്‍ വണ്ടിയുടെതുതന്നെയാകും എന്ന് കരുതി അതു മാത്രമാണ് കാര്‍ എന്ന് ശഠിക്കാന്‍ സാധിക്കില്ല.ഇത് കേവലമായ ഒരുദാഹരണം മാത്രമാണ്.

എന്‍ റ്റി രാമറാവു എന്ന ആന്ധ്രാപ്രദേശ് ഭരിച്ചിരുന്ന മുഖ്യമന്ത്രി ശിവകാശി കലണ്ടറുകളിലൂടെ സാധാരണക്കാരന് കൃഷ്ണനും രാമനുമെല്ലാമായി മാറിയത് കഴിഞ്ഞ നുറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ്. അതിപുരാതന ശില്പകലകളിലെ മുഖങ്ങള്‍ക്കൊന്നിനും എന്‍ ടി ആറിന്‍റെ ഛായ കണ്ടിട്ടില്ല. കുറച്ചുകൂടി പിന്നോട്ടുപോകുമ്പോള്‍ ക്രിസ്തുവിന്‍റെ നമ്മള്‍ ഇപ്പോള്‍ കാണുന്ന ചിത്രം രൂപപ്പെട്ടതിന്‍റെ ചരിത്രം രൂപപരിണാമത്തിന്‍റെ ചരിത്രം കൂടിയാണ്. നുറ്റാണ്ടുകള്‍ കടന്ന് ഡാവിഞ്ചിയില്‍ കുടുങ്ങി ക്രിസ്തു ഇന്ന് കാണുന്ന സാത്വിക സുന്ദരരൂപം കൈകൊണ്ടതിനും അതിവിദൂരമായ ചരിത്രമല്ല ഉള്ളത്.

പ്രതിഭാധനനായ ഒരു കലാകാരന്‌ ഇത്തരം ഇമേജ് സൃഷ്ടിക്കുവാന്‍ അധികം ബുദ്ധിമുട്ട് ഉണ്ടാകില്ല. പൊതുവേ പറഞ്ഞാല്‍ നമ്മള്‍ കാണുന്ന മിത്തിക്കല്‍ പ്രതിരൂപങ്ങളൊന്നും തന്നെ അതിന്‍റെ യഥാര്‍ത്ഥ സത്തയെ കാണിക്കുന്നതല്ല എന്നുള്ളതാണ് ശരി.

ആടയാഭരണങ്ങള്‍ അണിഞ്ഞ, സാരിയുടുത്ത ദേവതമാരെ സൃഷ്ടിക്കുമ്പോള്‍ വര്‍ത്തമാനകാലത്തില്‍ മാത്രമാണ് കലാകാരന്‍ അഭിരമിക്കുന്നത്. കര്‍ണ്ണനും ശ്രീരാമനും ലക്ഷ്മണനും സുയോധനനും പ്രതിനിധീകരിക്കുന്നത് ഓരോ കലാകാരന്മാരും മനസില്‍ കണ്ടിരുന്ന രൂപത്തിനപ്പുറമല്ല. ഇങ്ങനെ വ്യക്ത്യാധിഷ്ടിതമായ പ്രതിരൂപങ്ങളെയാണ് നമ്മുടെ ജനപ്രിയ കലാകാരന്മാര്‍ ഇല്ലാതാക്കിയത്.

അമിഷ് ത്രിവേദിയുടെ ശിവപുരാണത്തില്‍ കാണുന്ന ശിവനും നമ്മുടെ മനസിലുണ്ടായിരുന്ന ശിവനും തമ്മില്‍ വ്യത്യാസപ്പെടുന്നതും കാലത്തിന്‍റെ അടയാളപ്പെടുത്തലാണ്. മഹാഭാരതം ടെലി സിരിയല്‍ നല്‍കിയ പുരാണ കഥാപാത്രങ്ങള്‍ മറ്റൊരു പ്രതിരൂപമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇതെല്ലാം പക്ഷെ അതുവരെയുണ്ടായിരുന്ന ഒരു പൊതു ധാരണയെ തിരുത്തുന്നതല്ലായിരുന്നു. വടക്കന്‍വീരഗാഥയിലെ ചന്തു അതുവരെ കണ്ണുരുട്ടിയ ചന്തുവല്ലായിരുന്നു. ഈയിടെയിറങ്ങിയ വീരത്തില്‍ കണ്ട ചന്തു വീണ്ടും ഞെട്ടിക്കുന്ന ഇമേജിലുള്ളതാണ്.

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ കാഞ്ചനസീതയിലൂടെ അരവിന്ദന്‍ സൃഷ്ടിച്ച ശ്രീരാമന്‍ മറ്റൊന്നായിരുന്നു. ആന്ധ്രാപ്രദേശില്‍ ഉള്ള ഇപ്പോഴും രാമന്‍റെ വംശത്തില്‍പ്പെടുന്നവര്‍ എന്ന് സ്വയം കരുതുന്ന ഒരു ട്രൈബല്‍ ഗ്രൂപ്പില്‍ നിന്നും രാമനെയും ലക്ഷ്മണനെയും സൃഷ്ടിക്കുമ്പോള്‍ പൊളിച്ചെഴുതുന്നത് നിലവിലുള്ള ബിംബകല്‍പ്പനയെതന്നെയായിരുന്നു. ഇതേ ആന്ധ്രയില്‍ നിന്നുതന്നെയാണ് എന്‍ റ്റി ആറും ശ്രീരാമനായി മുന്നിലെത്തിയതെന്നത് വിരോധാഭാസമായി നിലനില്‍ക്കുന്നു. സീതയെ പ്രകൃതിയായി കാണാനും രാമനെ പ്രകൃതിയോടു സംവദിക്കുന്നവനായി കാണാനും അരവിന്ദന്‍ എന്ന സംവിധായകന് കഴിഞ്ഞത് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പായതിനാലാണ്. ഇന്ന് ഗോമാതാവിന്‍റെ കാലത്ത് അങ്ങനെ ചിന്തിക്കുന്നതു കൂടി തോക്കിന്‍ കുഴലിനു മുന്‍പിലുള്ള ജിവിതം പോലെയായിരിക്കാം.

ഒരു കലാകാരന്‍റെ സ്വാതന്ത്ര്യമാണ് അയാള്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍ ഇന്ത്യയിലെതന്നെ മികച്ച നടനാണ്‌. ലോകറാങ്കിംഗ് എന്നൊക്കെ ഫാന്‍സുകാര്‍ തള്ളിക്കോട്ടെ. അതെന്തായാലും ചലച്ചിത്രജീവിതത്തില്‍ ഒരു പുലിമുരുകനപ്പുറം എങ്ങനെയെത്താമെന്ന ചിന്തയില്‍ അദ്ദേഹം മലയാളത്തിലെത്തന്നെ മികച്ച കൃതികളില്‍ ഒന്നായ രണ്ടാമൂഴം തെരഞ്ഞെടുത്തതില്‍ നമുക്കഭിമാനിക്കാം.

എം ടിയുടെ സാഹിത്യസൃഷ്ടികള്‍ സിനിമയ്ക്ക് ഏറ്റവും അടുത്തു നില്‍ക്കുന്നവയാണ്. ആത്യന്തികമായി അദ്ദേഹം ഒരു സംവിധായകന്‍ തന്നെയാണ്. പിന്നെയാണ് എഴുത്തുകാരനും പത്രാധിപരുമെല്ലാമാകുന്നത്. എം ടിയുടെ തിരക്കഥകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ കഥാപാത്രത്തിന്‍റെ ശബ്ദവ്യത്യസങ്ങള്‍ എങ്ങനെയാകണം എന്നത് മുതല്‍ ഒരു കഥാപാത്രത്തെ ഏതു ആംഗിളില്‍കൂടി നോക്കണം എന്നത് വരെ വളരെ വ്യക്തമായി കുറിച്ചിട്ടിരിക്കുന്നത് കാണാം. അതായത് ഒരു ശരാശരി സിനിമാ സംവിധായകന് പോലും എം ടിയുടെ വലിയ എഴുത്തിലുടെ ശക്തമായി വെള്ളിത്തിരയില്‍ കയറിക്കൂടാം. അദ്ദേഹത്തിന്‍റെ രണ്ടാമുഴം ലക്ഷ്യമിടുന്നത് സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ കേരളം എന്നാ ‘ട്ടാ വട്ടം’ മാത്രമല്ല. ഒരു പക്ഷെ ലോകസിനിമയില്‍ എം ടിയുടെ സ്ഥാനം ഇതുവരെ ഇവിടെയുള്ള മറ്റു സംവിധായകര്‍ക്കൊപ്പം ചേര്‍ക്കപ്പെട്ടിട്ടുമില്ല.

പക്ഷെ ചില കാര്യങ്ങളില്‍ വിയോജനക്കുറിപ്പ് എഴുതേണ്ടതായും വരുന്നു. ഇന്ത്യന്‍ സിനിമ ഇന്ന് പണക്കൊഴുപ്പിന്‍റെതാണ്. സിനിമാവ്യവസായം വളരുന്നത്‌ അതിന്‍റെ സാങ്കേതികമായ മികവിലേക്കാണ് എന്ന് പറയുമ്പോള്‍ സിനിമ എന്നത് ബുദ്ധിവ്യവഹാരത്തിന് താഴെ മാത്രം നില്കുന്ന കാഴ്ചയുടെയും ശബ്ദത്തിന്‍റെയും ഒരു തലത്തിലേക്ക് താഴുന്നു എന്ന് കൂടി ഉറപ്പിക്കാം. പുലിമുരുകന്‍ നാലുകാലില്‍ നിന്നത് വളരെ സിംബോളിക്കായ ഒരു പ്രതിനിധീകരണമായിരുന്നു. പൂച്ചവംശത്തിന്‍റെ പറഞ്ഞുപഴകിയ – എടുത്തെറിഞ്ഞാലും നാലുകാലില്‍ ഉള്ള നില്‍പ്പ്. മുപ്പതു കോടി മുടക്കിയ പുലി നുറു കോടി വാരിയെടുത്ത് മലയാള സിനിമയുടെ തലവര മാറ്റിയെന്നുപോലും കുറിച്ചിടുമ്പോള്‍ നമ്മള്‍ മറന്നു പോകുന്ന മറ്റു ചില കാര്യങ്ങള്‍ ഉണ്ട്. വൈഡ് റീലിസ്, ടിക്കറ്റ് ചാര്‍ജില്‍ ഉണ്ടായ വര്‍ദ്ധന, രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യാസമുള്‍പ്പടെ പലകാര്യങ്ങളും നമ്മള്‍ വിസ്മരിക്കുന്നു. പത്ത് ലക്ഷം മാത്രം മുടക്കിയ മണിച്ചിത്രത്താഴ് 5 കോടി കളക്ട് ചെയ്തു എന്നു പറയുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ മതിയാകും ഇതിലെ അനുപാതം മനസിലാക്കാന്‍. പുലിക്ക് ശേഷം വന്ന പട്ടാളപ്പടമായ 1971നു സംഭവിച്ചത് എന്താണെന്ന് ചോദിച്ചാല്‍ മനസിലാകും, പണം മുടക്കലല്ല വിനോദസിനിമാ വ്യവസായമെന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍