UPDATES

വിദേശം

‘രണ്ടു പുരുഷന്മാര്‍ തെരുവില്‍ ചുംബിക്കുന്നത് കണ്ടാല്‍ ഞാനവരെ ഇടിക്കു’മെന്ന് ആക്രോശിച്ച ബ്രസീലിന്റെ പുതിയ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ ആരാണ്?

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രജനതയ്ക്കുമെതിരായ കടുത്ത പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് ജെയ്ര്‍ ബോള്‍സൊനാരോ

                       

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രജനതയ്ക്കുമെതിരായ കടുത്ത പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് ബ്രസീലിന്റെ പുതിയ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ. രാഷ്ട്രീയമായ അപ്രസക്തിയില്‍ നിന്നാണ്, തെരഞ്ഞെടുപ്പിന് തലേന്ന് നടന്ന വധശ്രമത്തിനെ അതിജീവിച്ച, ജെയ്ര്‍ ബോള്‍സൊനാരോ രണ്ടുവര്‍ഷം കൊണ്ട് ഉയര്‍ന്നുവന്ന് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ പ്രസിഡന്റായി മാറിയത് എന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയാള്‍ പിനോഷെയെ പുകഴ്ത്തി, പീഡനമുറകള്‍ക്ക് പിന്തുണ പ്രകടിപ്പിച്ചു, രാഷ്ട്രീയ എതിരാളികളെ വെടിവെച്ചുകൊല്ലണമെന്നു പറഞ്ഞു. ‘ജനാധിപത്യ ലോകത്തിലെ ഏറ്റവും സ്ത്രീവിരുദ്ധനായ, വെറുപ്പ് തുപ്പുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി’ എന്ന വിശേഷണവും നേടി. പക്ഷെ പെരുകുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെയും, തുടര്‍ച്ചയായ വിവാദങ്ങളുടെയും കാര്യക്ഷമമായ സാമൂഹ്യമാധ്യമ ഇടപെടലിന്റെയും പിന്‍ബലത്തില്‍ അയാള്‍ വിജയകരമായ ഒരു പ്രചാരണം പടുത്തുയര്‍ത്തി.

അമേരിക്കാസ് ക്വാര്‍ട്ടര്‍ലി (Americas Quarterly) എഡിറ്റര്‍ ബ്രയാന്‍ വിന്റര്‍ പറയുന്നു. ‘അയാളുടെ അനുയായികള്‍ക്ക് ബോള്‍സൊനാരോ ക്രമാസമാധാനത്തിന്റെ പ്രതീകമാണ്. ഒരു വര്‍ഷം 60000 കൊലപാതകങ്ങള്‍ നടക്കുന്ന, എവിടെയുണ്ടായതിനെക്കാളും വലിയ അഴിമതി നടക്കുന്ന ഒരു രാജ്യത്ത് അതൊരു ശക്തമായ സന്ദേശമാണ്.’

ആരാണ് ജെയ്ര്‍ ബോള്‍സൊനാരോ എന്ന് അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍

ബ്രസീലില്‍ 1964-1985 കാലഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന പട്ടാള ഭരണത്തെക്കുറിച്ചുള്ള ഗൃഹാതുരതയില്‍ അഭിരമിക്കുന്ന ബോള്‍സൊനാരോ, തന്റെ സര്‍ക്കാരില്‍ മുമ്പുണ്ടായിരുന്ന സൈനിക നേതാക്കളെ ഉള്‍പ്പെടുത്തുമെന്നും പറയുന്നു.

1991 മുതല്‍ രണ്ടു തവണ കോണ്‍ഗ്രസ് അംഗമായിരുന്നു ബോള്‍സൊനാരോ. അയാളുടെ രണ്ടു നിര്‍ദ്ദേശങ്ങള്‍ മാത്രമേ നിയമമായിട്ടുള്ളൂ. അധിക്ഷേപം നിറഞ്ഞതും നിന്ദാപൂര്‍വവുമായ പരാമര്‍ശങ്ങളുടെ പേരിലാണ് ഈ കാലത്ത് അയാള്‍ അറിയപ്പെട്ടത്.

മൂന്നു ദശാബ്ദമായി രാഷ്ട്രീയത്തിലുണ്ടെങ്കിലും വ്യവസ്ഥാപിതമായ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സംവിധാനത്തിന് പുറത്തുനിന്നും വന്നു അതിനെ അട്ടിമറിക്കാന്‍ പോന്ന ഒരാളെന്ന തോന്നലാണ് വിജയകരമായി ഇയാള്‍ നിലനിര്‍ത്തിയത്.

വലിയൊരു മാന്ദ്യത്തില്‍ നിന്നും ബ്രസീലിന്റെ സമ്പദ് രംഗം കരകയറുന്നതേയുള്ളൂ. രാജ്യത്തെ എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയക്കാരാണ് പൊതുകരാറുകള്‍ കൈമാറുന്നതിന് കോഴയും ദല്ലാള്‍പ്പണവും വാങ്ങിയതിന് അന്വേഷണം നേരിടുന്നത്.

‘കുറ്റകൃത്യങ്ങളും നിയമലംഘനവും നിയന്ത്രണാതീതമാണെന്നും സമ്പദ് വ്യവസ്ഥ ഒരു ദുരന്തമാണെന്നും മുഴുവന്‍ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്നും പറഞ്ഞുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.. ഈ മൂന്നു ഘടകങ്ങളും ബ്രസീലിന്റെ കാര്യത്തില്‍ അവിതര്‍ക്കിതമാം വിധം സത്യമാണ്,’ വിന്റര്‍ പറഞ്ഞു.

സ്ത്രീകള്‍, കറുത്ത വര്‍ഗക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, വിദേശികള്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി ബോള്‍സൊനാരോയെ എതിര്‍ക്കുന്നുണ്ട്. ഇത്തരം പ്രസംഗങ്ങളുടെ പേരില്‍ അയാള്‍ ഒന്നിലേറെത്തവണ പിഴയടക്കേണ്ടിവരികയും വിദ്വേഷ പ്രസംഗത്തിന് കുറ്റം ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

2015-ല്‍ ഒരു വനിതാ കോണ്‍ഗ്രസ് അംഗത്തിനെതിരെ ‘ബലാത്സംഗം ചെയ്യാന്‍ പോലും കൊള്ളില്ല’ എന്ന അധിക്ഷേപം നടത്തിയതിനും അയാള്‍ പിഴയടച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടത്തിന് ഒരു മാസം മുമ്പ് ഒരു പ്രചാരണ പരിപാടിക്കിടെ ബോള്‍സൊനാരോ ആക്രമിക്കപ്പെട്ടു. ഒരു കുത്തില്‍ നിന്നും രക്ഷപ്പെട്ട അയാള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നും പ്രചാരണം നടത്തി. നൂറുകണക്കായ ട്വീറ്റുകളും, ഫെയ്സ്ബുക്കിലെ അഞ്ചു ദശലക്ഷവും യു ട്യൂബില്‍ 900000 ഓളം വരുന്ന അനുയായികള്‍ക്കായുള്ള ദൈനംദിന പ്രക്ഷേപണങ്ങളും നടത്തി.

‘ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ നാം ബ്രസീലിന്റെ വിധി മാറ്റിയെഴുതും’ അടുത്തു നടത്തിയ ഒരു പ്രഖ്യാപനത്തില്‍ ബോള്‍സൊനാരോ പറഞ്ഞു.

ജെയ്ര്‍ ബോള്‍സൊനാരോയുടെ ചില വിവാദ പരാമര്‍ശങ്ങള്‍

അഭയാര്‍ത്ഥികള്‍ക്കെതിരെ:

”ഭൂമിയിലെ വൃത്തികേടാണ് ബ്രസീലിലേക്കു വരുന്നത്, നമുക്ക് പരിഹരിക്കാന്‍ നമ്മുടെതായ പ്രശനങ്ങള്‍ പോരാ എന്ന മട്ടില്‍.” (2015 സെപ്റ്റംബര്‍)

സ്വവര്‍ഗാനുരാഗികള്‍:

”എനിക്കൊരു സ്വവര്‍ഗാനുരാഗിയായ മകനെ സ്‌നേഹിക്കാനാകില്ല. ഞാനൊരു കപടനല്ല: ഒരു മീശ വെച്ച മൊണ്ണയായി എന്റെ മകനെ കാണുന്നതിലും നല്ലത് അവന്‍ ഒരു അപകടത്തില്‍ മരിക്കുന്നതാണ് എന്ന് ഞാന്‍ കരുതുന്നു.” (ജൂണ്‍ 2011)

‘ഞാനതിനെതിരെ പോരാടുകയോ വിവേചനം കാണിക്കുകയോ ചെയ്യില്ല, പക്ഷെ രണ്ടു പുരുഷന്മാര്‍ തെരുവില്‍ അന്യോന്യം ചുംബിക്കുന്നത് കണ്ടാല്‍ ഞാനവരെ ഇടിക്കും.” (ഒക്ടോബര്‍ 2002)

‘ഞങ്ങള്‍ ബ്രസീലുകാര്‍ക്ക് സ്വവര്‍ഗാനുരാഗികളെ ഇഷ്ടമല്ല.” (2013)

‘സ്വവര്‍ഗാനുരാഗികള്‍ ദൈവങ്ങളാണോ? വിസര്‍ജിക്കുന്ന അവയവംകൊണ്ട് ആരെങ്കിലും രതിയിലേര്‍പ്പെട്ടു എന്നതുകൊണ്ട് അതയാളെ മറ്റുള്ളവരില്‍നിന്നും കേമനാക്കുന്നില്ല.” (ഫെബ്രുവരി 2014)

ജനാധിപത്യം, സ്വേച്ഛാധിപത്യം:

”വോട്ടെടുപ്പിലൂടെ ഈ രാജ്യത്ത് ഒരു കാര്യവും ശരിയാക്കാന്‍ പറ്റില്ല. ഒന്നും നടക്കില്ല. നിര്‍ഭാഗ്യവശാല്‍, ഒരു ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഭരണകൂടം ചെയ്യാതിരുന്ന പണി നമ്മള്‍ ചെയ്യുകയും ചെയ്താലേ കാര്യങ്ങള്‍ മാറുകയുള്ളു…ഏതാണ്ട് 30000 പേരെ കൊല്ലുക…അവരെ കൊല്ലുക! ചില നിരപരാധികള് മരിച്ചാലും സാരമില്ല.” (മെയ് 1999)

‘ഏകാധിപത്യത്തിനെ അനുകൂലിക്കുന്നു…ഗുരുതരമായ ദേശീയ പ്രശ്‌നങ്ങള്‍ ഈ നിരുത്തരവാദപരമായ ജനാധിപത്യം കൊണ്ട് പരിഹരിക്കാനാകില്ല.” ( 1992)

മനുഷ്യാവകാശങ്ങള്‍:

”ഞാന്‍ പീഡനത്തെ അനുകൂലിക്കുന്നു.” (May 1999)

‘ബ്രസീലിലെ തടവറകള്‍ ഗംഭീര സ്ഥലങ്ങളാണ്…അത് ആളുകള്‍ക്ക് അവരുടെ പാപങ്ങള്‍ക്ക് വില നല്‍കാനുള്ള സ്ഥലമാണ്, സുഖവാസ കേന്ദ്രമല്ല. ബലാത്സംഗം ചെയ്തവരും തട്ടിക്കൊണ്ടുപോയവരും കൊലപാതകികളും അവിടെ പോകുന്നത് നരകിക്കാനാണ്, വിനോദ യാത്രക്കല്ല” (February 2014)

‘ഈ തന്തയില്ലാത്തവന്മാര്‍ക്ക് (കുറ്റവാളികള്‍) നല്ല ജീവിതം നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ടോ? അവര്‍ അവരുടെ ജീവിതം മുഴുവന്‍ നമ്മളെ പിഴിഞ്ഞ്, നമ്മള്‍ അവര്‍ക്കു തടവറയില്‍ നല്ല ജീവിതം കൊടുക്കാന്‍ പണിയെടുക്കുന്നു. അവര്‍ സ്വയം ഉണ്ടാക്കണം. അത്രമാത്രം. അത്രേയുള്ളൂ, പോയി തുലയട്ടെ.” (February 2014)

സ്ത്രീകള്‍ :

”എനിക്ക് അഞ്ചു കുട്ടികളുണ്ട്. അതില്‍ നാലും ആണുങ്ങളാണ്. പക്ഷെ അഞ്ചാമത്തേതില്‍ ഒരു നിമിഷം ഞാനൊന്ന് തളര്‍ന്നുപോയി, അതില്‍ പുറത്തുവന്നത് പെണ്ണും.” (April, 2017)

‘ഞാന്‍ പറഞ്ഞത് ഞാന്‍ നിങ്ങളെ ബലാത്സംഗം ചെയ്യില്ല, കാരണം നിങ്ങളതിന് അര്‍ഹയല്ല എന്നാണ്.” (December 2014, രാഷ്ട്രീയ നേതാവ് മാറിയ ദു റൊസാരിയോയോട് 2003-ല്‍ പറഞ്ഞ പരാമര്‍ശം ആവര്‍ത്തിച്ചതാണ്)

വംശം:

”ഞാനാ അപായസാധ്യത എടുക്കില്ല (എന്റെ മക്കള്‍ കറുത്ത സ്ത്രീകളെ പ്രേമിക്കുന്നതോ, സ്വവര്‍ഗാനുരാഗിയാകുന്നതോ ). എന്റെ മക്കളെ വളരെ നന്നായാണ് വളര്‍ത്തിയത്.” (March 2011)

‘ഞാന്‍ ഒരു quilombo (ഓടിപ്പോന്ന അടിമകളുടെ പിന്മുറക്കാര്‍ സ്ഥാപിച്ച കുടിയിരുപ്പ് ) സന്ദര്‍ശിക്കാന്‍ പോയി. അവിടെയുള്ള ഏറ്റവും ഭാര്യ കുറഞ്ഞ ആഫ്രിക്കന്‍ വംശജന് 100 കിലോയേക്കാള്‍ ഭാരമുണ്ട്. അവരൊന്നും ചെയ്യുന്നില്ല. അവര്‍ കുട്ടികളെയുണ്ടാക്കാന്‍ പോലും ഇനി കൊള്ളില്ല എന്നാണു എനിക്ക് തോന്നുന്നത്.” (April, 2017)

‘ഒന്നോ രണ്ടോ നൂറോ പൂക്കളെ പിച്ചിക്കളയാന്‍ സാധിക്കും. എന്നാല്‍ വസന്തത്തിന്റെ വരവ് തടയാന്‍ അവര്‍ക്ക് കഴിയില്ല’; ലുല ജയിലില്‍

ബ്രസീല്‍ നഗരങ്ങളിലേക്ക് വെനെസ്വേലക്കാരുടെ കൂട്ടകുടിയേറ്റം

വലതുപക്ഷ നേതാവ് ബൊല്‍സൊണാരോ ബ്രസീല്‍ പ്രസിഡന്റ്; കമ്മ്യൂണിസവുമായുള്ള ‘പഞ്ചാരയടി’ ഇനി നടക്കില്ലെന്ന് ബൊല്‍സൊണാരോ

Share on

മറ്റുവാര്‍ത്തകള്‍