UPDATES

വിദേശം

യുദ്ധം വിതച്ച നാശത്തില്‍ നിന്നും രക്ഷപ്പെടാനാകാത്ത അവരെ തകര്‍ക്കാന്‍ പ്രകൃതിയും; സിറിയന്‍ അഭയാര്‍ത്ഥി ജീവിതം കൂടുതല്‍ ദുരിതത്തില്‍

പതിനായിര കണക്കിന് കുഞ്ഞുങ്ങളും ഈ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ട്

                       

അനേകം കനല്‍ വഴികള്‍ താണ്ടിയാവും ഒരു കുടുംബം സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിപ്പെടുന്നത്. അരക്ഷിത ബോധത്തോടെയെങ്കിലും തലചായ്ക്കാന്‍ ഒരു ഇടമുണ്ടല്ലോ എന്ന നേരിയ ആശ്വാസം എങ്കിലും അവര്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍ പ്രകൃതിക്ഷോഭം അതുകൂടി ഇല്ലാതാക്കുകയാണ്. നിലയ്ക്കാത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും വെള്ളപ്പൊക്കവും അഭയാര്‍ത്ഥി ജീവിതത്തിലെ നേരിയ സ്വസ്ഥതയെയും ഉലയ്ക്കുകയാണ്. ആളുകള്‍ നിന്ന നില്‍പ്പില്‍ തണുത്ത് വിറച്ചു മരിച്ചുപോയേക്കാമെന്നാണ് ലോകം ഭയക്കുന്നത്. കനത്ത മഴയും മൈനസ് 1 ഡിഗ്രി താപനിലയും വീടുകളോ അഭയ സ്ഥലങ്ങളോ ഇല്ലാത്ത ഈ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിനായിരക്കണക്കിന് കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളുമാണ് ഈ ക്യാമ്പുകള്‍ കഴിയുന്നത്. ലെബനില്‍ താമസിക്കുന്ന സിറിയന്‍ അഭയാര്‍തികളുടെ കാര്യവും വ്യത്യസ്തമല്ല. കൊടുങ്കാറ്റും കനത്ത മഴയും മഞ്ഞ് വീഴ്ചയും തന്നെയാണ് അവിടുത്തെ അഭയാര്‍ത്ഥികള്‍ക്കും നേരിടേണ്ടി വരുന്നത്. 361 സൈറ്റുകള്‍ ഇത്തരത്തില്‍ വളരെ അപകടത്തിലാണ്, അവയെ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിദഗര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ക്യാമ്പുകള്‍ മഞ്ഞില്‍ മൂടാന്‍ തന്നെ തുടങ്ങുന്നുണ്ട്. മഴയും തണുപ്പും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥ പ്രവാചകര്‍ അറിയിപ്പ് നല്‍കുന്നത്.

കൊടുങ്കാറ്റില്‍ ഒരു സിറിയന്‍ പെണ്‍കുട്ടി വ്യാഴാഴ്ച മരിച്ചതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളൊക്കെ ക്യാമ്പുകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചും മറ്റും അഭയാര്‍ഥികളുടെ സഹായത്തിനെത്തുന്നുണ്ട്. പക്ഷെ ഓരോ ദിവസം കഴയുന്തോറും അവസ്ഥ കൂടുതല്‍ ഗുരുതരമാകുകയാണ്. കഴിഞ്ഞ മാസങ്ങളായി സിറിയയില്‍ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഒന്ന് അടങ്ങി കഴിഞ്ഞപ്പോള്‍ തന്നെ അപ്രതീക്ഷിതമായി പ്രളയം വന്നു നിരവധി പേര് മരിക്കുകയുണ്ടായി. പെട്ടെന്ന് ഉണ്ടായത് കൊണ്ട് തന്നെ ആവിശ്യ വസ്തുക്കള്‍ ശേഖരിച്ചുവെക്കാനോ വൈദ്യ സഹായം എത്തിക്കാനോ കഴിയാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്.

രോഗപ്രതിരോധ ശേഷിയോ, ആരോഗ്യമോ ഇല്ലാത്ത നിരവധി കുഞ്ഞുങ്ങളെയും കൊണ്ട് രക്ഷപ്പെടാനായി അവരുടെ രക്ഷിതാക്കള്‍ക്ക് ക്യാമ്പുകള്‍ തോറും അലയേണ്ടി വന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. ഇത് ഒരു മാനവിക പ്രശ്‌നമായി തന്നെ കണ്ട് എല്ലാവരും കൈകോര്‍ക്കണമെന്നു സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സേവ് ദി ചില്‍ഡ്രന്‍ അംഗങ്ങള്‍ അപേക്ഷിക്കുന്നുണ്ട്. ലെബനനില്‍ ഏകദേശം 70000 അഭയാര്‍ത്ഥികളുണ്ട്. ഇവരില്‍ 40000 കുട്ടികളാണ്. ഇവരെല്ലാരും തന്നെ അപകടകരമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീതിയിലും അനിശ്ചിതാവസ്ഥയിലുമാണ് എന്ന് വിദഗ്ദര്‍ സര്‍വേകളിലൂടെയും മറ്റും കണ്ടെത്തുന്നു. ലോകത്തിന്റെ ചോരയുണങ്ങാത്ത മുറിവാണ് ഇപ്പോള്‍ സിറിയ.

Share on

മറ്റുവാര്‍ത്തകള്‍