UPDATES

വിദേശം

പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിയെ റയല്‍ മാഡ്രിഡ് ആദരിച്ചു; പ്രതിഷേധവുമായി ഇസ്രയേല്‍

അഹദ് തമീമിയെ ആദരിച്ച റയല്‍ മാഡ്രിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നാഹ്‌സണ്‍ രംഗത്തെത്തി. ഇത് ലജ്ജാകരമാണ് എന്ന് ഇസ്രയേല്‍ വക്താവ് അഭിപ്രായപ്പെട്ടു.

                       

ഇസ്രയേല്‍ സൈനികനെ ആക്രമിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം അറസ്റ്റിലാവുകയും ഇസ്രയേല്‍ ജയിലില്‍ കഴിയേണ്ടി വരുകയും ചെയ്ത 17കാരി പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിയെ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ് ആദരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഹദ് തമീമിയെ അറസ്റ്റ് ചെയ്ത ഇസ്രയേല്‍ നടപടി ആഗോളതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. വെസ്റ്റ് ബാങ്ക് പ്രവിശ്യയിലെ തന്റെ വീടിന് മുന്നില്‍ വച്ച് അഹദും അമ്മയും കസിനും ചേര്‍ന്ന് സൈനികനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നത് പിന്നാലെയായിരുന്നു അറസ്റ്റ്. പിതാവ് ബാസിം തമീമിയ്‌ക്കൊപ്പമാണ് മാഡ്രിഡിലെ ബെര്‍ണാബ്യു സ്റ്റേഡിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങിന് അഹദ് തമീമി എത്തിയത്. മുന്‍ സ്‌ട്രൈക്കര്‍ എമിലിയോ ബുട്രാഗ്വിനോ ചടങ്ങില്‍ പങ്കെടുക്കുകയും അഹദ് എന്ന് എഴുതിയ ജഴ്‌സി സമ്മാനിക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് മാസത്തെ തടവിന് ശിക്ഷിച്ച അഹദിനെ ജൂലായില്‍ ഇസ്രയേല്‍ മോചിപ്പിച്ചിരുന്നു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകമായി അഹദ് തമീമി മാറിയിരുന്നു. പലസ്തീന്‍ കുട്ടികളെ ഇസ്രയേല്‍ തടവില്‍ വച്ചിരിക്കുന്ന മനുഷ്യാവകാശ ലംഘനം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തര്‍ക്കപ്രദേശമായ ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥമാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിന് എതിരായ പ്രതിഷേധത്തിന് ഇടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഹദിന്റെ കസിന്‍ മൊഹമ്മദ് തമീമിക്ക് ഇസ്രയേല്‍ സൈന്യത്തില്‍ നിന്ന് റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതും ഇതേ ദിവസമായിരുന്നു.

അതേസമയം അഹദ് തമീമിയെ ആദരിച്ച റയല്‍ മാഡ്രിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നാഹ്‌സണ്‍ രംഗത്തെത്തി. ഇത് ലജ്ജാകരമാണ് എന്ന് ഇസ്രയേല്‍ വക്താവ് അഭിപ്രായപ്പെട്ടു. വെറുപ്പിനും അക്രമത്തിനും പ്രേരണ നല്‍കുന്ന ഒരു ഭീകരവാദിയെ റയല്‍ മാഡ്രിഡ് സ്വീകരിച്ച് ആദരിച്ചിരിക്കുന്നു. ഇത് എന്ത് തരത്തിലുള്ള ഫുട്‌ബോള്‍ മൂല്യമാണ് നാഹ്‌സണ്‍ ചോദിച്ചു. സ്‌പെയിനിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനിയേല്‍ കുട്‌നറും റയലിനെതിരെ രംഗത്തെത്തി. തമീമിയെ ആദരിച്ചത് അക്രമത്തിനുള്ള പരോക്ഷ പിന്തുണയും പ്രോത്സാഹനവുമാണെന്ന് കുട്‌നര്‍ അഭിപ്രായപ്പെട്ടു. അഹദ്മ തമീമി സമാധാനത്തിന് വേണ്ടിയല്ല, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി നിലകൊള്ളുന്നയാളാണ് എന്നും കുട്‌നര്‍ ആരോപിച്ചു.

പലസ്തീന്‍ പോരാളി അഹദ് തമീമിയെ ഇസ്രയേല്‍ ജയിലില്‍ നിന്ന് വിട്ടയച്ചു

അഹദ് തമീമി ജയില്‍ മോചിതയാവുന്നു; വരവേല്‍ക്കാന്‍ കൂറ്റന്‍ ചിത്രമൊരുക്കി പലസ്തീന്‍ ജനത

17കാരിയായ പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രയേലില്‍ എട്ട് മാസം തടവ് ശിക്ഷ

ഇസ്രയേലി സൈനികനെ അടിക്കുന്നത് വീഡിയോയില്‍: 16കാരിയായ പലസ്തീന്‍ പെണ്‍കുട്ടി അറസ്റ്റില്‍

Share on

മറ്റുവാര്‍ത്തകള്‍