UPDATES

വിദേശം

നവാസ് ഷരീഫിന് ശിക്ഷ വിധിക്കാന്‍ ജഡ്ജിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് മകള്‍ മറിയം

ജുഡീഷ്യല്‍ നടപടികള്‍ മൊത്തം അട്ടിമറിക്കപ്പെട്ടതായി മറിയം ആരോപിച്ചു.

                       

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതി കേസില്‍ കുടുക്കിയതാണ് എന്ന് മകളും പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്) നേതാവുമായ മറിയം നവാസ്. കേസില്‍ ശിക്ഷ വിധിക്കാന്‍ ജഡ്ജി നിര്‍ബന്ധിതനായതാണ് എന്നും മറിയം നവാസ് വീഡിയോയില്‍ ആരോപിക്കുന്നു. ഷെരീഫിന് ശിക്ഷ വിധിക്കാനായി തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന അക്കൗണ്ടബിളിറ്റി കോടതി ജഡ്ജി പറയുന്നതായുള്ള വീഡിയോ ആണ് മറിയം നവാസ് പുറത്തുവിട്ടത്. ലാഹോറില്‍ പിഎംഎല്‍എന്‍ നേതാക്കളൊടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മറിയം നവാസ് ഇക്കാര്യം ആരോപിച്ചത്. ജുഡീഷ്യല്‍ നടപടികള്‍ മൊത്തം അട്ടിമറിക്കപ്പെട്ടതായി മറിയം ആരോപിച്ചു.

മൂന്ന് അഴിമതി കേസുകളിലൊന്നായ അല്‍ അസീസിയ മില്‍ കേസില്‍ ലാഹോര്‍ ജയിലില്‍ ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്. 2018 ഡിസംബര്‍ 24 മുതല്‍ ഷരീഫ് ജയിലിലാണ്. ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോടതി ജഡ്ജി അര്‍ഷാദ് മാലിക് ആണ് ഷരീഫിന് ശിക്ഷ വിധിച്ചത്. ഷരീഫിനെതിരെ കേസില്‍ തെളിവൊന്നുമില്ലെന്ന് ജഡ്ജി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം വീഡിയോ വ്യാജമാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ആരോപണം. ഫോറന്‍സിക് പരിശോധന ആവശ്യമാണ് എന്നും ഗവണ്‍മെന്റ് വാദിക്കുന്നു. ഇസ്ലാമബാദ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ ഈ വീഡിയോ സമര്‍പ്പിക്കുമെന്ന് മറിയം നവാസ് വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍