യുഎസ് ചാരസംഘടനയായ സിഐഎ ചാരപ്പണി നടത്താത്ത അപൂര്‍വം രാജ്യങ്ങളിലൊന്ന് യുഎഇ ആണ് എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. മറ്റ് പല രാജ്യങ്ങളിലേയും തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ ഗവണ്‍മെന്റുകളെയടക്കം അട്ടിമറിച്ച ചരിത്രമുള്ള സിഐഎ ആണ് യുഎഇയെ ഇങ്ങനെ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നത്. ലിബിയയില്‍ യുഎന്‍ അംഗീകരിച്ച ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സൈനിക മേധാവിയുടെ ശ്രമങ്ങള്‍ക്ക് സിഐഎ പിന്തുണ നല്‍കുന്നുണ്ട്. ഖത്തറില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സിഐഎ പിന്തുണ നല്‍കുന്നുണ്ട്. മൂന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഎഇ അതിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതും മധ്യപൂര്‍വേഷ്യന്‍ രാഷ്ട്രീയത്തില്‍ കൂടുതലായി ഇടപെടാന്‍ ശ്രമിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് സിഐഎയുടെ കൃത്യവിലോപമാണ് എന്ന് ഒരു മുന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുഎസിന്റെ മറ്റൊരു ചാരസംഘടന എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി) യുഎഇയില്‍ ഇലക്ട്രോണിക് നിരീക്ഷണം നടത്തുന്നുണ്ട്. ഇത് താരതമ്യേന സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ചാരപ്പണിയാണ്. അതേസമയം ഇറാനെ സംബന്ധിച്ചുള്ള വിവരങ്ങളും മറ്റും യുഎഇ ഇന്‍ലിജന്‍സുമായി സിഐഎ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതും വിവരം ശേഖരിക്കുന്ന, ഏറ്റവും ദുഷ്‌കരമായതുമായ നേരിട്ടുള്ള മനുഷ്യ ചാരവൃത്തി യുഎഇയില്‍ സിഐഎ ഒഴിവാക്കിയിരിക്കുകയാണ്. യുഎഇ ഇന്‍ഫോര്‍മന്റുകളില്‍ നിന്നും അതിന്റെ രാജ ഭരണകൂടത്തില്‍ നിന്നും ഇത്തരത്തില്‍ വിവരം സിഐഎ ശേഖരിക്കുന്നില്ല.
ALSO READ: Why The CIA Doesn’t Spy On The UAE
2011ല്‍ ടുണീഷ്യയില്‍ നിന്നും ഈജിപ്റ്റില്‍ നിന്നുമായി തുടക്കം കുറിച്ച അറബ് ജനാധിപത്യ പ്രക്ഷോഭം ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിഫലിച്ചിരുന്നു. യുഎഇയും സൗദി അറേബ്യയുമടക്കമുള്ള രാജ്യങ്ങളിലെ രാജ ഭരണകൂടങ്ങളും ജനാധിപത്യ പ്രക്ഷോഭം ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2011 മുതല്‍ മേഖലയിലെ സൈനിക നീക്കങ്ങളില്‍ യുഎഇ സജീവമായത്. യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യന്‍ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്ന ആക്രമണങ്ങളില്‍ സജീവമാണ് യുഎഇ സൈന്യം. അതേസമയം മേഖലയിലെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യ, സിഐഎയുടെ ശക്തമായ ചാരവലയത്തിലാണ്. തങ്ങളുടെ ഉദ്യോഗസ്ഥരെ ഇന്‍ഫോര്‍മന്റ്‌സ് ആയി റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് സിഐഎ ഉദ്യോഗസ്ഥരെ സൗദി പലപ്പോഴും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറാനും അല്‍ ക്വയ്ദയ്ക്കും മേലുള്ള നിരീക്ഷണം ശക്തമായി നിലനിര്‍ത്തേണ്ടതിന് യുഎഇയുടെ സഹായം വേണ്ടതുകൊണ്ടാണ് തല്‍ക്കാലം ചാരക്കണ്ണ് സിഐഎ മാറ്റിപ്പിടിച്ചിരക്കുന്നത് എന്നാണ് ചില യുഎസ് ദേശീയ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.
സൗദിക്കും യുഎഇയ്ക്കും ആയുധങ്ങള്‍ നല്‍കുന്നത് തടയുന്ന പ്രമേയം യുഎസ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് വീറ്റോ ചെയ്യുകയായിരുന്നു.
യുഎഇയെ കൂടാതെ സിഐഎ ഹ്യൂമണ്‍ ഇന്റലിജന്‍സ് ഒഴിവാക്കിയിരിക്കുന്നത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ, കാനഡ എന്നിവിടങ്ങളിലാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഡാനും എറിത്രിയയും അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുഎഇ സൈനിക സാന്നിധ്യമുണ്ടാക്കുകയും റഷ്യയുമായി കൂടുതല്‍ അടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണം യുഎഇയ്ക്ക് മേല്‍ ആവശ്യമാണ് എന്ന് ഒരു വിഭാഗം സിഐഎ ഉദ്യോഗസ്ഥര്‍ കരുതുന്നു.