UPDATES

ചരിത്രത്തില്‍ ഇന്ന്

1948 ജനുവരി 30: മഹാത്മ ഗാന്ധി വധിക്കപ്പെട്ടു

ഗോഡ്‌സെ പോയിന്റ് ബ്ലാങ്കില്‍ ഗാന്ധിജിയുടെ മാറത്തേക്ക് മൂന്ന് തവണ വെടിയുതിര്‍ത്തു. ‘ഹേ റാം’ എന്നാണ് വെടിയേറ്റ ശേഷം അദ്ദേഹം അവസാനമായി ഉച്ചരിച്ചതെന്ന് പറയപ്പെടുന്നു.

                       

1948 ജനുവരി 30ന്, ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടി വച്ച് കൊന്നു. ‘നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി,’ എന്ന് ബിര്‍ല ഹൗസിന്റെ ഒരു ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ലോകത്തോട് പ്രഖ്യാപിച്ചു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് എംകെ ഗാന്ധി ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഒരു ഭ്രാന്തന്റെ വെടിയേറ്റ് എനിക്ക് മരിക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ അത് പുഞ്ചിരിയോടെ സ്വീകരിക്കും. എനിക്ക് ഒരു ദേഷ്യവും ഉണ്ടാവില്ല. ദൈവം എന്റെ ഹൃദയത്തിലും ചുണ്ടുകളിലുമുണ്ടാവും.’

1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. ബിര്‍ല ഹൗസില്‍ വച്ച് തന്നെ മുമ്പ് ഒരു തവണ ഗാന്ധിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു തീവ്രവാദിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ബോംബെ വഴി പൂനെയിലേക്ക് മടങ്ങിപ്പോയിരുന്നു. ഗംഗാധര്‍ ദന്തേവാദെയുടെ സഹായത്തോടെ ഒരു ബെരെറ്റ എം 1934 വാങ്ങിയ നാഥുറാം വിനായക് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും 1948 ജനുവരി 29ന് ഡല്‍ഹിയിലെത്തുകയും ഡല്‍ഹി റയില്‍വേ സറ്റേഷനിലെ ആറാം നമ്പര്‍ വിശ്രമമുറിയില്‍ ഇരുന്നാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതെന്ന് പറയപ്പെടുന്നു.

പാകിസ്ഥാന് 550 ദശലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന മുന്‍ തീരുമാനം മാറ്റാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 1948 ജനുവരി 13ന് തീരുമാനിച്ചത് ഗാന്ധിയുടെ നിരാഹാര പ്രഖ്യാപനത്തെ (1948 ജനുവരി രണ്ടാം വാരം പ്രഖ്യാപിച്ചത്) തുടര്‍ന്നായിരുന്നു. ഇത് ഗോഡ്‌സെയെ ചൊടിപ്പിച്ചിരുന്നു. വിഭജനവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്ന നിലയില്‍ പാകിസ്ഥാന് നല്‍കേണ്ടിയിരുന്ന 750 ദശലക്ഷം രൂപയുടെ ആദ്യ ഗഢുവായ 200 ദശലക്ഷം രൂപം ഇതിനകം തന്നെ ഇന്ത്യ, പാകിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍ പാക് സേനയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത വിമോചകര്‍, കാശ്മീര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ടാം ഗഡു തടഞ്ഞ് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

തീരുമാനം പുനപരിശോധിക്കുന്ന നടപടി ഇന്ത്യയിലെ ഹിന്ദുക്കളുടെ ചിലവില്‍ പാകിസ്ഥാനിലെ മുസ്ലീങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്ന് ഗോഡ്‌സെയും ആപ്‌തെയും അവരുടെ സുഹൃത്തുക്കളും വിശ്വസിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ (ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും എതിരെ) നടന്ന ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സര്‍ക്കാര്‍ കുറച്ചുകൂടി ശക്തമായ നിലപാട് പുലര്‍ത്തിയിരുന്നെങ്കില്‍ വിഭജനം മൂലം ഉണ്ടായതും നിലനില്‍ക്കുന്നതുമായ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ക്ക് കുറച്ചുകൂടി മാറ്റം സംഭവിക്കുമായിരുന്നുവെന്നും ഗോഡ്‌സെ വിചാരിച്ചിരുന്നു. ‘ഗാന്ധിയുടെ തള്ളവിരലിന്റെ സംരക്ഷണത്തില്‍’ പാകിസ്ഥാന്‍ വളരെ ദുര്‍ബലമായ നടപടികളാണ് സ്വീകരിച്ചതെന്നും അവര്‍ വിശ്വസിച്ചു.

കുറ്റവിചാരണ സമയത്ത് കോടതിയില്‍ ഗോഡ്‌സെ നല്‍കിയ വിശദീകരണത്തില്‍ അവരുടെ വാദങ്ങള്‍ കൃത്യമായി പ്രതിഫലിക്കപ്പെട്ടു: ‘…..ഞാനും എന്റെ സംഘവും ഗാന്ധിയന്‍ അഹിംസയെ കുറിച്ച് വിമര്‍ശിക്കുന്നതില്‍ വലിയ പ്രസക്തിയുണ്ടാവി്ല്ലായിരിക്കും. പക്ഷെ തന്റെ വീക്ഷണങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഗാന്ധിജി, മുസ്ലീങ്ങളോട് പക്ഷാപാതം കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു സമൂഹത്തോടും അതിന്റെ താല്‍പര്യങ്ങളോടും മുന്‍വിധി പുലര്‍ത്തിക്കൊണ്ടായിരുന്നു അത്.’

വൈകിട്ട് 5.17നാണ് ഗോഡ്‌സെ ഗാന്ധിജിയുടെ സമീപത്തെത്തിയത്. ഗാന്ധിജിയുടെ മുന്നില്‍ ഗോഡ്‌സെ വണങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ ചാരെ നിന്ന് സഹായിക്കുകയായിരുന്ന ആഭ ചതോപാദ്ധ്യായ ഗോഡ്‌സെയോട് ഇങ്ങനെ പറഞ്ഞു: ‘സഹോദരാ, ബാപ്പു ഇപ്പോള്‍ തന്നെ വൈകി.’ ശേഷം ഗോഡ്‌സെയെ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷെ അവരെ തള്ളിമാറ്റിയ ഗോഡ്‌സെ പോയിന്റ് ബ്ലാങ്കില്‍ ഗാന്ധിജിയുടെ മാറത്തേക്ക് മൂന്ന് തവണ വെടിയുതിര്‍ത്തു. ബിര്‍ല ഹൗസിലേക്ക് ഗാന്ധിജിയെ മാറ്റുകയും അവിടെ വച്ച് അദ്ദേഹം അന്തരിക്കുകയും ചെയ്തു. ‘ഹേ റാം’ എന്നാണ് വെടിയേറ്റ ശേഷം അദ്ദേഹം അവസാനമായി ഉച്ചരിച്ചതെന്ന് പരക്കെ പറയപ്പെടുന്നു. ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായകാണ് ഗോഡ്‌സെയെ പിന്തുടര്‍ന്ന് കീഴടക്കിയത്.

ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കപ്പെട്ട ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ ഉടനടി അറസ്റ്റ് ചെയ്തു. കാമറയില്‍ പകര്‍ത്തപ്പെട്ട വിചാരണ 1948 മേയ് 27ന് ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ പങ്കാളികളായിരുന്ന മറ്റ് ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അക്കാലത്ത് സിംലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15ന് ഗോഡ്സെയേയും ആപ്തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.

Share on

മറ്റുവാര്‍ത്തകള്‍