UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

19 കഴിഞ്ഞ ‘യൂത്തന്‍മാരു’ടെ ശ്രദ്ധയ്ക്ക്, നിങ്ങളിപ്പോഴും കൗമാരത്തിലാണ്

പുതിയ കണ്ടെത്തല്‍ അനുസരിച്ച് നീണ്ട കാലയളവാണ് ബാല്യത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കടക്കാന്‍ വേണ്ടത്

                       

പത്തൊമ്പത് കഴിയുമ്പോള്‍ പടികടന്നു പോകുന്ന കൗമാരം. പൊടുന്നനെ കയറിവരുന്ന യൗവ്വനം. കുട്ടിക്കളി മാറി യുവതിയും യുവാവും ആകുന്ന പ്രായം. എങ്കില്‍ ആ കണക്കുകള്‍ ഇനി മറന്നേക്കൂ…19 വയസില്‍ അല്ല ഇരുപത്തിനാലിലാണ് ഒരു മനുഷ്യന്‍ യൗവ്വനത്തിലേക്ക് കടക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലാന്‍സെറ്റ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് ജേണലാ(Lancet Child and Adolescent Journal)ണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

10 മുതല്‍ 19 വരെയല്ല 24 വയസുവരെയും മാനസിക വളര്‍ച്ചയുടെ പ്രായമാണെന്ന് സൂചിപ്പിക്കുന്നു. 24 വയസുവരെ ജീവിതത്തെക്കുറിച്ച് ധാരണകള്‍ സമ്പാദിക്കുന്ന പ്രായമാണെന്നും നിഗമനമുണ്ട്. 10നും 19നും ഇടയില്‍ പ്രായമുള്ളവരെയാണ് ലോകാരോഗ്യസംഘടന കൗമാരക്കാരെന്ന് പറയുന്നത്. 19-24 പ്രായക്കാരെ ‘യൂത്ത്’ എന്നും വിളിച്ചുപോരുന്നു. പഠനറിപ്പോര്‍ട്ട് അനുസരിച്ചുള്ള വിഭജനപ്രകാരം ലോകാരോഗ്യസംഘടന വിശേഷിപ്പിച്ച ‘യൂത്തന്മാരും’ കൗമാരക്കാരുടെ ഗണത്തിലേക്ക് വരും.

മെല്‍ബണ്‍ ആസ്ഥാനമായ റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിയിലെ പ്രൊഫസര്‍ സൂസന്‍ എം. സോയര്‍ (Prof. Susan M Zoyar) ആണ് ഗവേഷക സംഘത്തിലെ പ്രധാനി. കൗമാരപ്രായക്കാരുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും മറ്റ് സാമൂഹികമായ സംവിധാനങ്ങളുടെയും ചിട്ടപ്പെടുത്തലിന് ഈ കണ്ടെത്തല്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് അവരുടെ പക്ഷം.

ശാരീരികവും മാനസികവും സാമൂഹികപരവുമായി ഒരു മനുഷ്യന് സംഭവിക്കാവുന്ന വികാസങ്ങളുടെ പ്രധാന കാലയളവാണ് കൗമാരം. സവിശേഷതകള്‍ ഏറെയുള്ള കൗമാരപ്രായം കൃത്യമായി നിര്‍ണയിക്കപ്പെടുന്നത് ഈ കണ്ടെത്തലിലൂടെ മാത്രമാണെന്നും ഗവേഷകസംഘത്തിന് അവകാശവാദമുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ നേരത്തെ തുടങ്ങുന്ന കൗമാരത്തെ ശരിവെക്കുന്ന പഠനങ്ങളുണ്ട്. വിദ്യാഭ്യാസം, വിവാഹം, മാതൃത്വം, പിതൃത്വം എന്നിങ്ങനെ ഉത്തരവാദിത്തങ്ങള്‍ മാറ്റപ്പെടുന്നതും യൗവ്വനവും തമ്മില്‍ പരസ്പരം ബന്ധമുണ്ടെന്നാണ് നിഗമനം. എങ്കിലും, ഇരുപതാം വയസില്‍ യൗവ്വനാരംഭം കുറിയ്ക്കുമെന്ന വാദമായിരുന്നു ഇതുവരെയും.

പുതിയ കണ്ടെത്തല്‍ അനുസരിച്ച് നീണ്ട കാലയളവാണ് ബാല്യത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കടക്കാന്‍ വേണ്ടത്. ടെക്‌നോളജിയുടെ വികാസവും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനവും ഈ സമയത്തെ ആരോഗ്യപരമായി എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

സാമ്പത്തിക സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പുതിയ തലമുറയാണ് ഇന്ത്യയുടെ പ്രത്യേകത. എങ്കിലും ഈ സുരക്ഷയിലേക്ക് വൈകി മാത്രമാണ് രാജ്യത്തെ യുവജനത എത്തിച്ചേരുന്നത്. വിവാഹവും കുട്ടികളും കൂട്ടുത്തരവാദിത്തങ്ങളും വൈകി മാത്രം ഏറ്റെടുക്കുന്ന പുത്തന്‍ തലമുറക്കാരുമായി ഈ കണ്ടെത്തലിനെ ബന്ധിപ്പിക്കുന്നതെങ്ങനെയെന്ന് കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.കെ അഗര്‍വാള്‍ (K.K Aggarwal) ഉള്‍പ്പെടുന്ന വിദഗ്ധരുടെ സംഘം ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയും ഈ കണ്ടെത്തലും തമ്മിലുള്ള സാമ്യതകളെ ഉറ്റുനോക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍