UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എയ്ഡ്‌സ് ബാധിതയായ അമ്മയില്‍ നിന്ന് രോഗമില്ലാത്ത മകളിലേക്ക് കരള്‍ മാറ്റിവെച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്!

വിറ്റ്‌വാട്ടര്‍സ്‌റാന്‍ഡ് (Witwatersrand) സര്‍വകശാലയാണ് വിജയകരമായ ഈ അപൂര്‍വ ശസ്ത്രക്രിയയുടെ വാര്‍ത്ത പുറംലോകത്തെത്തിച്ചത്.

                       

അവസാനശ്രമമെന്ന നിലയ്ക്കാണ് ഇത്തരമൊരു പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ മുതിര്‍ന്നത്. അതും വൈദ്യശാസ്ത്ര രംഗത്ത് തന്നെ ആദ്യത്തെ പരീക്ഷണം. HIV പോസിറ്റീവ് ആയ അമ്മയുടെ കരള്‍ പകുത്ത് നല്‍കിയത് HIV നെഗറ്റീവ് ആയ പിഞ്ചുമകള്‍ക്ക്.

ജൊഹാനസ്ബര്‍ഗിലെ ഡൊണാള്‍ഡ് ഗോര്‍ഡന്‍ (donald gordon)ആശുപത്രിയിലാണ് ഒരു വര്‍ഷം മുന്‍പ് ഈ ശസ്ത്രക്രിയ നടന്നത്. നാളിതുവരെ കുട്ടിയ്ക്ക് വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമ്മയും മകളും ആരോഗ്യത്തോടെ ഇരിക്കുന്നതിനൊപ്പം മകള്‍ HIV നെഗറ്റീവ് ആയി തുടരുന്നു. വിറ്റ്‌വാട്ടര്‍സ്‌റാന്‍ഡ് (Witwatersrand) സര്‍വകശാലയാണ് വിജയകരമായ ഈ അപൂര്‍വ ശസ്ത്രക്രിയയുടെ വാര്‍ത്ത പുറംലോകത്തെത്തിച്ചത്. വിശദാംശങ്ങള്‍ AIDS മെഡിക്കല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു.

കരള്‍ മാറ്റിവെക്കല്‍ ഉടന്‍ നടന്നില്ലെങ്കില്‍ കുട്ടി മരിക്കുമെന്നതായിരുന്നു സാഹചര്യം. 180 ദിവസം കാത്തിരുന്നതിന് ശേഷമാണ് അമ്മയുടെ കരള്‍ കുട്ടിയ്ക്ക് പകുത്തുനല്‍കാന്‍ ഡോക്ടര്‍മാരും തീരുമാനിച്ചത്.

സര്‍വകലാശാലയിലെ ഡോ. ജീന്‍ ബോത്ത(Jean Botha)യുടെ വാക്കുകള്‍- ‘നിലവില്‍ നല്‍കിയിട്ടുള്ള മരുന്നുകള്‍ കുട്ടിയ്ക്ക് HIV ബാധിക്കാതിരിക്കാന്‍ ശേഷിയുള്ളതാണെന്ന് മനസിലാക്കാം. പക്ഷെ രോഗം ബാധിക്കുമോ ഇല്ലെയോ എന്ന് പ്രവചിക്കേണ്ട സമയം ആയിട്ടില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും’

HIV ബാധയ്ക്ക് ചികിത്സയിലിരുന്ന മാതാവിന്റെ കരള്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചതും. മറ്റൊരു ദാതാവിനെ ലഭിക്കാത്ത സാഹചര്യത്തില്‍,
HIV പോസിറ്റീവ് ആയ അവയവദാതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന ആശുപത്രിയുടെ തീരുമാനവും മാറ്റേണ്ടിവന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ HIV ചികിത്സ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ശസ്ത്രക്രിയ പരിപൂര്‍ണ വിജയമാണെന്ന് തെളിഞ്ഞാല്‍ അവയവദാന രംഗത്ത് ഒരു ചരിത്രത്തിനാണ് ഇത് വഴിവെക്കുക.

2017ല്‍ കൃത്യമായ ദാതാക്കളെ ലഭ്യമല്ലാത്തതിനാല്‍ 14 കുട്ടികളാണ് ജൊഹാനസ്ബര്‍ഗില്‍ മരിച്ചത്.

‘കരള്‍മാറ്റ ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. എങ്കിലും മികച്ച ചുവടുവെപ്പായി ഈ ശസ്ത്രക്രിയയെ വിലയിരുത്തണം’- സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷകന്‍ ജൂണ്‍ ഫാബിയന്‍ (June Fabian) പറയുന്നു

Share on

മറ്റുവാര്‍ത്തകള്‍