UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശിവമ്മയും മീനാക്ഷിയും അമ്മമാരാകാനൊരുങ്ങുന്നു; ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭാശയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണിവര്‍

രാജ്യത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗര്‍ഭാശയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് ഇവരുടേത്.

                       

ഇരുപത്തിരണ്ടുകാരിയായ ശിവമ്മ ചാല്‍ഗേരി ചരിത്രത്തിന്റെ ഭാഗമാകുന്നത് കഴിഞ്ഞ മേയ് മാസത്തിലാണ്. മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയില്‍ നിന്നു വരുന്ന ശിവമ്മയ്ക്ക് ജന്മനാ ഗര്‍ഭപാത്രമില്ല. പൂനെയിലെ ഗാലക്‌സി കെയര്‍ ആശുപത്രിയില്‍ വച്ച് രാജ്യത്തെ ആദ്യ ഗര്‍ഭാശയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അവര്‍ വിധേയയായി. അമ്മ ലളിതയുടെ ഗര്‍ഭപാത്രമാണ് മാറ്റി വെച്ചത്. നിലവില്‍ ശിവമ്മക്ക് കൃത്യമായ ആര്‍ത്തവവുമുണ്ട്.

ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുള്ള മീനാക്ഷി വാളന്ദ് അതേ ആശുപത്രിയില്‍ മറ്റൊരു മുറിയിലുണ്ടായിരുന്നു. ശിവമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം, കൃത്യമായി പറഞ്ഞാല്‍ മേയ് 19 നായിരുന്നു മീനാക്ഷി ഓപ്പറേഷന്‍ ടേബിളില്‍ എത്തിയത്. 27 വയസുള്ള മീനാക്ഷിയുടെ ശരീരത്തില്‍ അമ്മ സുശീലയുടെ ഗര്‍ഭപാത്രം മാറ്റി വച്ചു. വേഗത്തില്‍ സുഖം പ്രാപിച്ചു വരുന്ന മീനാക്ഷിയുടെ ആഗ്രഹം സാധാരണരീതിയില്‍ ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്‍കലാണ്.

രാജ്യത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗര്‍ഭാശയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് ഇവരുടേത്. ധാതാക്കളും സ്വീകര്‍ത്താക്കളും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു. ഒരു സംഘം ഡോക്ടര്‍മാരുടെ കഠിന ശ്രമത്തില്‍ സാധ്യമായ ഈ വിജയം’ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഗൈനക്കോളജിസ്സ്റ്റ് ലാപ്രോസ്‌കോപ്പിസ്റ്റ്’ ജേണലില്‍ പ്രസിദ്ധീകരിക്കാന്‍ ഇരിക്കുകയാണ്.

ഗാലക്‌സി കെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ശൈലേഷ് പുന്തമ്പേക്കര്‍ സര്‍ജറിയേയും ആറുമാസക്കാലത്തെ തുടര്‍ പരിചരണങ്ങളെയും കുറിച്ച് പറയുന്നതിങ്ങനെ.

”ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതിന് മുമ്പ രണ്ട് യുവതികള്‍ക്കും ‘ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍’ നടത്തി. ശിവമ്മക്ക് ഗര്‍ഭപാത്രമേ ഉണ്ടായിരുന്നില്ല. മീനാക്ഷിക്കാണെങ്കില്‍ വ്രണാങ്കിതമായ ഒന്നാണ് ഉണ്ടായിരുന്നത്. ആഷേര്‍സ് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥക്ക് പറയുക. ഗര്‍ഭപാത്രവും അനുബന്ധ ഭാഗങ്ങളും വയറിലുണ്ടാക്കിയ ചെറിയ മുറിവ് വഴി അമ്മമാരില്‍ നിന്നെടുത്തു. അണുബാധയും പരിക്കിന്റെ ആഴവും കുറയ്ക്കാനായിരുന്നു അത്. ശേഷം അവ മക്കളുടെ ശരീരത്തില്‍ പിടിപ്പിച്ചു. ”

” ശസ്ത്രക്രിയക്ക് ശേഷം രണ്ട് സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകാന്‍ തുടങ്ങി. പരിശോധനകളില്‍ ഗര്‍ഭാവശയത്തിന്റെ ആരോഗ്യം തൃപ്തികരവുമാണ്. ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങളുടെ സഹായം കൊണ്ട് ശസ്ത്രക്രിയ സമയം കുറക്കാനും അവയവങ്ങളെ കാര്യമായി പഠിക്കാനും സാധിക്കുകയുമുണ്ടായി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ എട്ടു മാസമായി സര്‍ജറി കഴിഞ്ഞിട്ട്. ”17 വയസില്‍ എന്റെ വിവാഹം കഴിഞ്ഞതാണ്. ആര്‍ത്തവം ഉണ്ടാകാത്തതിനെ പറ്റി അന്നൊന്നും അത്ര ആലോചിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഒരുപാട് ഡോക്ടര്‍മാരെ കണ്ടു. ആര്‍ക്കും എന്താണ് കൃത്യമായ പ്രശ്‌നമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. സോളാപ്പൂര്‍ സിവില്‍ ആശുപത്രിയിലെ സര്‍ജനാണ് ഗാലക്‌സി കെയര്‍ ഹോസ്പിറ്റല്‍ നിര്‍ദ്ദേശിച്ചത്”.ശിവമ്മ പറയുന്നു.

ഡോ. ശൈലേഷ് ഗര്‍ഭപാത്രം മാറ്റിവെക്കലിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ ശിവമ്മയുടെ അമ്മ ലളിത തന്റേത് കൊടുക്കാന്‍ തയ്യാറായി. അമ്മയും ഭര്‍ത്താവും നല്‍കിയ സമ്മതവും പിന്തുണയും ആണ് ഇതിന് സഹായിച്ചതെന്നും താന്‍ ഭാഗ്യവതിയാണെന്നുമാണ് ശിവമ്മ നന്ദിയോടെ ഓര്‍ക്കുന്നത്.

2009 ല്‍ വിവാഹം കഴിഞ്ഞ മീനാക്ഷി ദുരിതക്കയങ്ങള്‍ തന്നെ നീന്തിയിട്ടുണ്ട്. രണ്ട് പ്രസവങ്ങളും നാല് ഗര്‍ഭഛിദ്രങ്ങളും അവരുടെ ഗര്‍ഭപാത്രത്തെ തകര്‍ത്ത് കളഞ്ഞു. അത് കൊണ്ട് തന്നെ ഈ ശസ്ത്രക്രിയ അവര്‍ക്ക് പുതുജീവിതമാണ് നല്‍കിയത്. ”ഞാന്‍ ഒരുപാട് അനൂഭവിച്ചു. ഇപ്പോള്‍ എല്ലാം നേരെയായി തുടങ്ങിയിട്ടുണ്ട്” മീനാക്ഷി പറയുന്നു.

അവളുടെ അമ്മ സുശീലക്ക് തന്റെ ഗര്‍ഭപാത്രം നല്‍കാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിയിരുന്നില്ല. എന്റെ മകളെ സഹായിക്കാന്‍ അല്ലെങ്കില്‍ ഈ ഗര്‍ഭപാത്രം കൊണ്ട് എന്താണ് ഉപയോഗം എന്നാണ് സുശീലയുടെ ചോദ്യം.

ശിവമ്മക്കും മീനാക്ഷിക്കും സാധാരണഗതിയിലുള്ള അണ്ഠാശയങ്ങളും അണ്‌ഠോത്പാദനവും ഉണ്ട്. ഭര്‍ത്താക്കന്‍മാരുടെ ബീജം ശേഖരിച്ച് ഭ്രൂണങ്ങള്‍ തയ്യാറാക്കാന്‍ ഇത് സഹായകമായി. ശിവമ്മയുടെ കേസില്‍ നാലും മീനാക്ഷിയുടേതില്‍ എട്ടും ഭ്രൂണങ്ങള്‍ ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം രണ്ട് സ്ത്രീകളും വൈദ്യസഹായത്തോട് കൂടി ഒരു ഗര്‍ഭത്തെ സ്വീകരിക്കാന്‍ തയ്യാറാകുകയാണ്.

‘തീര്‍ച്ചയായും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ സ്ത്രീകളാണ് ഞങ്ങളുടെ പ്രചോദനം. അവരെന്ത് സന്തോഷവതികളായാണ് കാണപ്പെടുന്നത്. ഡോ.ശൈലേഷ് കൂട്ടിച്ചേര്‍ത്തു.

മൂന്നാമത്തെ ഗര്‍ഭാശയം മാറ്റിവെക്കല്‍ റിപ്പബ്‌ളിക് ദിനത്തില്‍…

രണ്ട് ശസ്ത്രക്രിയകള്‍ വിജയമായതോടെ ഗാലക്‌സി കെയര്‍ ആശുപത്രിയിലേക്ക് ആളുകള്‍ തള്ളിക്കയറുകയാണ്. സാസ്സൂണ്‍ ജനറല്‍ ആശുപത്രിയുടേയും ആഖ മെഡിക്കല്‍ കോളേജ് അവയവമാറ്റ കമ്മറ്റിയുടേയും സമ്മതത്തോടെ മൂന്നാമത്തെ ശസ്ത്രക്രിയയിലേക്ക് പോകുകയാണ്. ജനുവരി 26 ആണ് നിശ്ചയിച്ചിരിക്കുന്ന തീയതി.

27 വയസുള്ള യുവതിയാണ് ശസ്ത്രക്രിയക്ക് വിധേയമാകാന്‍ പോകുന്നത്. ഗര്‍ഭപാത്രം ദാനം നല്‍കുന്നത് അമ്മയാണ്. 52 കാരിയായ അവര്‍ക്ക് ആര്‍ത്തവവിരാമം സംഭവിച്ചതിനാല്‍ ഇപ്പോള്‍ ഗുളികകള്‍ നല്‍കി മാസമുറ ഉണ്ടാക്കുകയാണ്. ബീഹാറില്‍ നിന്നുള്ള മറ്റൊരു യുവതിയേയും ഇതേ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നതിന് അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. മറ്റു തടസങ്ങളില്ലെങ്കില്‍ ജനുവരി 27 ന് അതും നടക്കും.

നിലവില്‍ 480 അപേക്ഷകളാണ് ഗര്‍ഭാശയം മാറ്റിവെക്കല്‍ നടത്തികിട്ടാനായി ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ധാതാക്കളില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല ഇറാന്‍, ദോഹ, കെനിയ, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും അപേക്ഷകരുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍