December 09, 2024 |
Share on

മാംസാഹാരത്തിന്റെ അളവ് വര്‍ധിപ്പിച്ചും കാര്‍ബോഹൈഡ്രേറ്റ് കുറച്ചുള്ള കീറ്റോജനിക് ഡയറ്റിനെ കൂടുതലറിയാം

എന്നാല്‍ ചുവന്ന മാംസം അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.ദീര്‍ഘകാലം ഈ ഡയറ്റ് പിന്തുടരുന്നത് നല്ലതല്ല

ശരീരസൗന്ദര്യത്തിലും ശരീരഭാരത്തിലും ശ്രദ്ധപുലര്‍ത്തുന്നവരാണ് നമ്മള്‍ എല്ലാവരും അതുകൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങളില്‍ പലവിധ വെയ്റ്റ് റിഡക്ഷന്‍ ഡയറ്റ് പ്ലാനുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അശാസ്ത്രീയമായി ശരീരഭാരം കുറയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് ലോകാരോഗ്യസംഘടന ചില മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ പാശ്ചാത്യരെക്കാള്‍ ബോഡി ഫാറ്റ് കൂടുതലുള്ളവരാണ്. അതുകൊണ്ടുതന്നെ ബി.എം.ഐ. (ബോഡി മാസ് ഇന്‍ഡക്സ്) 18.5-നും 23-നുമിടയില്‍ നിലനിര്‍ത്തുന്നതാണ് ഉത്തമം.

BMI 25നുമുകളിലുള്ളവര്‍ അമിതവണ്ണമെന്ന വിഭാഗത്തിലും 30-നുമുകളിലുള്ളവര്‍ പൊണ്ണത്തടി എന്ന വിഭാഗത്തിലും പെടുന്നു.അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഫാസ്റ്റ് ഫുഡ്, റെഡ്മീറ്റ്, പഞ്ചസാര, ഡാല്‍ഡ, മീറ്റ് പ്രോഡക്ട്‌സ്, സോസുകള്‍, അമിതമായി ഉപ്പുചേര്‍ത്ത് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം ശരീരഭാരം കൂടാന്‍ കാരണമാകുന്നു.ഒരുദിവസം ഒരു വ്യക്തിക്ക് ആവശ്യമായ ഊര്‍ജത്തിന്റെ അളവ് ബി.എം.ഐ. മാത്രം അടിസ്ഥാനമാക്കിയല്ല നിര്‍ണയിക്കുന്നത്.

മാംസാഹാരത്തിന്റെ അളവ് വര്‍ധിച്ചതും കൊഴുപ്പടങ്ങിയ ഭക്ഷണത്തിന് നിയന്ത്രണമില്ലാത്തതുമാണ് കീറ്റോ ഡയറ്റ് പ്ലാനിന് വലിയ പ്രചാരം ലഭിച്ചതിന്റെ പ്രധാന കാരണം.കാര്‍ബോഹൈഡ്രേറ്റില്‍ (അന്നജം) നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണക്രമീകരണമാണിത്.

ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ ഏറിയപങ്കും ലഭിക്കുന്നത് കൊഴുപ്പില്‍നിന്നായിരിക്കും.കീറ്റോ ഡയറ്റില്‍ പത്തുശതമാനം ഊര്‍ജംമാത്രമേ അന്നജത്തില്‍നിന്ന് ശരീരത്തിന് ലഭിക്കുകയുള്ളൂ.കീറ്റോ ഡയറ്റില്‍ പൂരിത/അപൂരിത എണ്ണകള്‍, ക്രീം, വെണ്ണ, നെയ്യ്, ഇവയൊക്കെ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. പൂരിത കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകും.ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് കൂടുതലായും റെഡ്മീറ്റ്, ചിക്കന്‍, മുട്ടയുടെ വെള്ള, കൊഴുപ്പ് കൂടുതലുള്ള മത്സ്യം ഉവയൊക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ചുവന്ന മാംസം അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.ദീര്‍ഘകാലം ഈ ഡയറ്റ് പിന്തുടരുന്നത് നല്ലതല്ല. ഇതു ശീലമാക്കുന്നതിനെ ലോകാരോഗ്യസംഘടനയും പിന്തുണയ്ക്കുന്നില്ല. പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിനെക്കാള്‍ ആഴ്ചയില്‍ അരക്കിലോവീതം മാസം രണ്ടുകിലോ കുറയ്ക്കുന്നതാണ് ആരോഗ്യകരമായ രീതി.ഒരുപാട്കാലംകീറ്റോ ഡയറ്റ് പരിശീലിക്കുന്നത് ശരീരത്തിനാവശ്യമായ സൂക്ഷ്മ പോഷകങ്ങളുടെ അളവു കുറയ്ക്കും. വൃക്ക, കരള്‍, എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ, വിളര്‍ച്ച, മലബന്ധം, അമിത കൊളസ്‌ട്രോള്‍ എന്നിവയ്ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

×