റാനിറ്റിഡിന്‍ എന്ന മരുന്നിനെപ്പറ്റിയുണ്ടായിരിക്കുന്ന വിവാദങ്ങള്‍ക്ക് പ്രതികരണമായി ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോ. അരുണ്‍ മംഗലത്തും, ഡോ. നെല്‍സണ്‍ ജോസഫും തയ്യാറാക്കിയ ലേഖനം
ഫേസ്ബുക്കില്‍ കണ്ട ഒരു കുറിപ്പാണ് സാന്റാക് എന്നൊക്കെ പേരുള്ള റാനിറ്റിഡിന്‍ എന്ന മരുന്ന് നിരോധിച്ചു എന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി അതിനു താഴെ ‘ആധുനിക വൈദ്യശാസ്ത്രം കൊടുക്കുന്ന വിഷം’ എന്ന വിഷയത്തില്‍ ചര്‍ച്ച കൊടുമ്പിരി കൊള്ളുന്നുണ്ട്.
എങ്കില്‍ എന്തരാണ് സംഗതി എന്ന് നമുക്കൊന്ന് പരിശോധിക്കാം.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌റ്റ്രേഷന്‍ സെപ്റ്റംബര്‍ 13ന് ഒരു പ്രസ്താവന പുറത്തിറക്കി. റാണിറ്റിഡിന്‍ എന്ന മരുന്നിന്റെ ചില ബ്രാന്‍ഡുകളില്‍ വളരെ ചെറിയ അളവില്‍ NDMA (എന്‍-നൈട്രോസോ ഡൈമീതൈലമീന്‍) എന്ന പദാര്‍ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ് FDA പ്രസ്താവന. അവിടം കൊണ്ട് തീരുന്നില്ല. NDMA എന്നത് പഴങ്ങളിലും പച്ചക്കറികളിലും പാല്‍, പാലുല്പന്നങ്ങള്‍, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒരു മാലിന്യമാണ് എന്ന് എഫ്.ഡി.എ വിശദീകരിക്കുന്നു.
ഇപ്പോള്‍ പ്രാഥമിക പരിശോധനകളില്‍ റാനിറ്റിഡിനില്‍ കണ്ടെത്തിയിരിക്കുന്നത് ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഒരല്പം മാത്രം കൂടുതലാണ് എന്നും കുറിപ്പില്‍ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണെന്നും ഇപ്പോള്‍ മരുന്ന് പിന്‍വലിക്കാന്‍ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും പ്രസ്താവനയിലുണ്ട്.
NDMA എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞവര്‍ക്ക് കിട്ടിയ കാര്‍സിനോജന്‍ എന്ന വാക്കാവാം ചിലപ്പോള്‍ പരിഭ്രാന്തിക്ക് കാരണം. കാന്‍സറുണ്ടാക്കുന്ന ഒന്നാണോ നമ്മള്‍ കഴിച്ചുകൊണ്ടിരുന്ന മരുന്ന് എന്ന ചിന്ത ഉറപ്പായും ഒരു ഞെട്ടിക്കലിന് സ്‌കോപ്പുള്ളതാണ്.
റാനിറ്റിഡീന്‍ എന്ന വിവാദ മരുന്ന് എന്തിനുള്ളതാണ്?
വയസ്സായ സര്‍ജന്‍മാര്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന ഒരു ഓപ്പറേഷനുണ്ട്. ആമാശയത്തിലേക്കുള്ള വാഗല്‍ നാഡി കണ്ടിച്ചുകളയുകയും ആമാശയം കുടലുമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന ഓപ്പറേഷന്‍. (Trunkal vagotomy & gastrojejunostomy) എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കം വരെയും നമ്മുടെ നാട്ടില്‍ വളരെ സാധാരണമായിരുന്നു ഈ ഓപ്പറേഷന്‍. ആമാശയത്തെ ബാധിക്കുന്ന അള്‍സറുകളുടെ ചികിത്സയ്ക്കായിരുന്നു ഇതു ചെയ്തിരുന്നത്.
ആമാശയത്തില്‍ ഉണ്ടാക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് അള്‍സറുകള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യ വില്ലന്‍ എന്ന് അന്നേ കണ്ടുപിടിച്ചിരുന്നു. രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനാണ് ആമാശയത്തിലെ പരേറ്റല്‍ കോശങ്ങള്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നതെങ്കിലും പാര ആമാശയത്തിനു തന്നെ തിരിച്ചു കിട്ടുകയും അള്‍സര്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം അപൂര്‍വ്വമായിരുന്നില്ല. പരേറ്റല്‍ കോശങ്ങളിലെ H2 എന്നറിയപ്പെടുന്ന സ്വീകരണികള്‍ ബ്ലോക്ക് ചെയ്താല്‍ അവ നിര്‍മ്മിക്കുന്ന ആസിഡിന്റെ അളവ് കുറയ്ക്കാനാകും എന്ന കണ്ടുപിടിത്തം 1970കളില്‍ ഉണ്ടായി. ഈ കഴിവുള്ള മരുന്നുകളില്‍ ഒന്നായ റാനിറ്റിഡിന്‍ 1977 ലാണ് കണ്ടു പിടിക്കപ്പെടുന്നത്. ഇന്ന് വിവാദമായ മരുന്നും അതുതന്നെ.
കണ്ടുപിടിക്കപ്പെട്ട കാലത്ത് ഒരു വിപ്ലവമായിരുന്നു റാനിറ്റിഡിന്‍. 1980കളില്‍ ലോകത്ത് ഏറ്റവുമധികം വിറ്റ മരുന്നുകളില്‍ ഒന്നും അതുതന്നെയായിരുന്നു. ഓപ്പറേഷന്‍ ഇല്ലാതെ ചികിത്സിക്കാന്‍ പറ്റാത്ത ലക്ഷക്കണക്കിന് രോഗികളിലെ അള്‍സറുകളാണ് റാനിറ്റിഡിന്‍ നിസ്സാരമായി മാറ്റിയത്. അള്‍സറിനുള്ള ശസ്ത്രക്രിയകള്‍ ഇല്ലാതായി എന്നു തന്നെ പറയാം. റാന്റാക്, സാന്റാക് എന്നീ പേരുകളിലൊക്കെ ഇന്ത്യയിലും വിദേശത്തും ഈ മരുന്ന് സ്വീകാര്യവുമായി. ലക്ഷക്കണക്കിന് ആളുകളെ മാരകമായ ആമാശയ ക്യാന്‍സറില്‍ നിന്ന് റാനിറ്റിഡീന്‍ സംരക്ഷിച്ചു. റാനിറ്റിഡീനെക്കാള്‍ ഫലപ്രദമായ വേറെ ക്ലാസുകളില്‍ ഉള്ള മരുന്നുകള്‍ കണ്ടെത്തിയതോടെ പ്രഭാവം ഒന്നു മങ്ങിയെങ്കിലും ഇന്നും വളരെ വ്യാപകമായി കുറിച്ചുകൊടുക്കപെടുന്ന മരുന്നാണ് ഇത്.
എന്താണ് എന്‍ഡിഎംഏ?
N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കപ്പേരാണ് ഇത്. പല ഭക്ഷണപദാര്‍ത്ഥങ്ങളും പാകം ചെയ്യുമ്പോള്‍ ആകസ്മികമായി ഉണ്ടാകുന്നതും പല വ്യാവസായിക രാസ പ്രവര്‍ത്തനങ്ങളിലും ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്നതുമായ ഒരു രാസവസ്തുവാണ് ഇത്. വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്. പരീക്ഷണ ആവശ്യത്തിന് എലികളില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. മനുഷ്യരില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ ഈ രാസവസ്തുവിനു സാധിക്കും എന്നതിന് തെളിവൊന്നുമില്ലെങ്കിലും എലികളില്‍ അങ്ങനെ സംഭവിക്കുന്നതിനാല്‍ സംശയിക്കാന്‍ ന്യായമുണ്ട്. അതുകൊണ്ടാണ് ക്യാന്‍സര്‍ വരുത്താന്‍ സാധ്യതയുള്ള രാസവസ്തുക്കളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വസ്തു വിഷമാണോ എന്ന് തീരുമാനിക്കുന്നത് അതിന്റെ സ്വഭാവം മാത്രമല്ല അളവു കൂടി പരിഗണിച്ചാണല്ലോ. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനാകാത്തതിനാല്‍ നിയമപരമായ ഒരു ഉയര്‍ന്ന അളവും ഈ രാസവസ്തുവിനു നിശ്ചയിച്ചിട്ടുണ്ട്. താഴ്ന്ന അളവില്‍ പോലും കരളിനെ ബാധിക്കാന്‍ ശേഷിയുള്ളതിനാല്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ പറ്റി നാം ബോധവാന്മാരാകണം.
എങ്ങനെയാണ് റാനിറ്റിഡിനില്‍ ഈ രാസവസ്തു കടന്നുകൂടിയത്?
പല വ്യാവസായിക ഉത്പാദന പ്രക്രിയകളുടെയും ബൈ പ്രോഡക്റ്റ് ആയി ഇവ ഉണ്ടാകും എന്നു പറഞ്ഞല്ലോ. വളരെ താഴ്ന്ന അളവുകളില്‍ ഈ രാസവസ്തുവിനെ കണ്ടുപിടിക്കാനും പ്രയാസമാണ് കണ്ടുപിടിച്ചാല്‍ നീക്കം ചെയ്യാന്‍ അത്ര എളുപ്പവുമല്ല. ഈ മരുന്ന് ഉല്‍പാദനത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മരുന്നില്‍ കടന്നുകൂടിയതാകണം ഈ രാസവസ്തു. മുന്‍പ് പല മരുന്നുകളിലും ഈ രാസവസ്തു കണ്ടെത്തുകയും ഉയര്‍ന്ന അളവുകളില്‍ കണ്ടെത്തിയതിനാല്‍ മരുന്നുകള്‍ തിരിച്ചു വിളിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ മരുന്നില്‍ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് സാധാരണ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കണ്ടുവരുന്നതിലും അല്പം മാത്രം അധികമായതിനാല്‍ മരുന്നുകള്‍ തിരിച്ചു വിളിക്കുകയോ മരുന്നുകള്‍ നിര്‍ത്താന്‍ ആളുകളോട് ഉപദേശിക്കുകയോ FDA ചെയ്തിട്ടില്ല. ഈ മരുന്നില്‍ നിന്ന് മാറാന്‍ താല്പര്യമുള്ളവര്‍ ഡോക്ടറെ കണ്ട് സമാനമായ മറ്റു മരുന്നുകളുടെ ഉപയോഗത്തെപ്പറ്റി സംസാരിക്കേണ്ടതാണ് എന്നാണ് FDA നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ ഭീതിയുടെ സാഹചര്യമില്ല.
ചിത്രം – ഇന്‍ഫോക്ലിനിക്ക്