UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മൂലകോശങ്ങളില്‍ നിന്ന് വളര്‍ച്ചയെത്താത്ത ‘മനുഷ്യമുട്ടകള്‍’ നിര്‍മിച്ച് ശാസ്ത്രജ്ഞര്‍!

ജപ്പാനിലെ ഒരു ശാസ്ത്രസംഘമാണ് മനുഷ്യ രക്തത്തിലെ കോശങ്ങളെ മൂലകോശങ്ങളാക്കി, വളര്‍ച്ചയെത്താത്ത മുട്ടകള്‍ നിര്‍മിച്ചുവെന്ന അവകാശവാദം ഉന്നയിക്കുന്നത്.

                       

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാവുന്ന കണ്ടെത്തല്‍ നടത്തിയെന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ അവകാശവാദമാണ് ശാസ്ത്രമേഖലയിലെ പുതിയ വാര്‍ത്ത. പരീക്ഷണങ്ങള്‍ക്കൊടുവില്‍ മനുഷ്യന്റെ മൂലകോശം ഉപയോഗിച്ച് ലാബില്‍ നിര്‍മിച്ചെടുത്തത് മനുഷ്യ മുട്ടകള്‍ ആണത്രേ! ജപ്പാനിലെ ഒരു ശാസ്ത്രസംഘമാണ് മനുഷ്യ രക്തത്തിലെ കോശങ്ങളെ മൂലകോശങ്ങളാക്കി, വളര്‍ച്ചയെത്താത്ത മുട്ടകള്‍ നിര്‍മിച്ചുവെന്ന അവകാശവാദം ഉന്നയിക്കുന്നത്.

ഒരു മനുഷ്യകുഞ്ഞിന്റെ പിറവിയില്‍ നിന്ന് ഒരുപാട് അകലെയാണ് ഈ കണ്ടെത്തലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ഉപയോഗപ്രദവും സുരക്ഷിതവുമായ രീതിയില്‍ ഈ കണ്ടെത്തലിനെ വികസിപ്പിക്കാനാണ് ശാസ്ത്രഞ്ജര്‍ ശ്രമിക്കുന്നത്. സയന്‍സ് (Science)മാസികയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത സംഭവിച്ചവര്‍ക്ക് ഈ കണ്ടെത്തല്‍ ഗുണം ചെയ്യുമെന്നാണ് ശാസ്ത്രസംഘത്തിന്റെ വാദം. അതേസമയം, സാമൂഹികപരമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന കണ്ടെത്തലാണിതെന്നും വിലയിരുത്തലുണ്ട്.

മരിച്ചുപോയ മുന്‍ തലമുറയുടെയോ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെയോ രക്തം, മുടി, ചര്‍മ്മം, കോശം എന്നിവയില്‍ നിന്ന് ഒരു പുതിയ പിറവി സൃഷ്ടിച്ചെടുക്കാമെന്ന പ്രതീക്ഷയും ഗവേഷണവും പല കോണുകളില്‍ നടക്കുന്നുണ്ട്. സാധ്യതകള്‍ തള്ളിക്കളയാനാകുന്നതല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പ്രമുഖരുടെയടക്കം മരണശേഷം സൂക്ഷിച്ചുവെക്കുന്ന ശരീരഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവയില്‍ നിന്ന് മറ്റൊരു തലമുറയെ സൃഷ്ടിക്കണമെന്ന ആവശ്യങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ ഉയര്‍ന്ന് കേട്ടിട്ടുണ്ട്. ഇത്തരം ആശയങ്ങളിലെല്ലാം സാമൂഹികപരമായ പ്രശ്‌നങ്ങളാണ് ഏറെയും സംഭവിക്കുകയെന്നും ഗവേഷകര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍