UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രായം കൂടുന്നതിന് അനുസരിച്ചുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ 10 മിനിറ്റ് വ്യായാമം!

ഒരു വ്യക്തിയുടെ പ്രായം, ആരോഗ്യം, ജീവിത സാഹചര്യം എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ വ്യായാമമുറകള്‍ ശീലമാക്കണം

                       

മിതമായ രീതിയില്‍ ദിവസേന 10 മിനിറ്റ് വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും ഓര്‍മ്മ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് വെളിച്ചം വീശിയത്. ഇത്തരം വ്യായാമ മുറകള്‍, ഓര്‍മയെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉന്മേഷത്തോടെ സൂക്ഷിക്കുമെന്നും എല്ലാം കൃത്യമായി തലച്ചോറില്‍ ശേഖരിച്ചുവെക്കാന്‍ സഹായിക്കുമെന്നും പറയുന്നു. നടത്തമോ യോഗയോ തായ് ചിയോ അങ്ങനെ ഏത് വ്യായാമവും സഹായകരമാണ്.

പ്രായം കൂടുന്നതിന് അനുസരിച്ചുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായി ഗവേഷകര്‍ ഇതിനെ കാണുന്നു. 20-25വയസ്സുകാരായ ആരോഗ്യമുള്ള 36 വോളന്റിയര്‍മാരാണ് ഈ ഗവേഷണത്തിന്റെ ഭാഗമായത്. ഓരോ സംഭവങ്ങളും ശേഖരിച്ചു സൂക്ഷിക്കാന്‍ കഴിയുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്കുണ്ടാകുന്ന മാറ്റവും കണ്ടെത്തി. ഓര്‍മ്മ ശക്തി പരീക്ഷിക്കാനുള്ള ടാസ്‌കുകള്‍ വളരെ നിര്‍ണായകമായിരുന്നതായി ന്യൂറോ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ യാസ്സ (Michael Yassa) പറയുന്നു. വ്യായാമം ചെയ്യുന്നവര്‍ക്ക് ടാസ്‌കുകളോട് വളരെ കൃത്യമായി പ്രതികരിക്കാന്‍ കഴിഞ്ഞു. എത്ര കുഴക്കുന്ന പരീക്ഷണങ്ങളോടും മെച്ചപ്പെട്ട പ്രതികരണമാണ് അവര്‍ രേഖപ്പെടുത്തിയത്.

ഒരു വ്യക്തിയുടെ പ്രായം, ആരോഗ്യം, ജീവിത സാഹചര്യം എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ വ്യായാമമുറകള്‍ ശീലമാക്കാനാണ് ഈ സംഘം അഭിപ്രായപ്പെടുന്നത്. വാര്‍ദ്ധക്യ കാലത്തിലെത്തിയിരിക്കുന്നവരുടെ ഓര്‍മശേഷിയില്‍ കൃത്യമായ മാറ്റം വ്യായാമത്തിലൂടെ കാണാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

‘വ്യായാമം ഒരു മികച്ച ആരോഗ്യശീലമായി എല്ലാവരും ഏറ്റെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനൊരു പ്രോത്സാഹനമായി ഈ കണ്ടെത്തല്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും’ മൈക്കിള്‍ യാസ്സ കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍