UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇ-സിഗരറ്റുകൊണ്ട് യാതൊരു പ്രയോജനവുമില്ല; കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കുന്നുവെന്ന വാദവും തെറ്റെന്ന് ലോകാരോഗ്യ സംഘടന

ഇ-സിഗരറ്റ് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങള്‍ വിശ്വസിക്കരുതെന്ന് പുകവലിക്കാരോടും സര്‍ക്കാരുകളോടും ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിക്കുന്നു.

                       

പുകവലി വേണ്ട, എന്നാല്‍ ഈ ശീലം ഉപേക്ഷിക്കാനും പറ്റില്ല എന്ന അവസ്ഥയിലുള്ളവരെ മുന്നില്‍കണ്ടാണ് ഇലക്ട്രോണിക് സിഗരറ്റ് രംഗത്തിറങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ അതിനെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കുകയില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. ഇ-സിഗരറ്റ് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന അത്തരം അവകാശവാദങ്ങള്‍ വിശ്വസിക്കരുതെന്ന് പുകവലിക്കാരോടും സര്‍ക്കാരുകളോടും ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിക്കുന്നു.

പുകയില ഉപയോഗത്തിത്തിന്റെ ആഘാതം കുറയ്ക്കുന്നതില്‍ വമ്പന്‍ വാണിജ്യസ്ഥാപനങ്ങളുടെ ഇടപെടല്‍ തടയുകയെന്നത് വളരെ നിര്‍ണ്ണായകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ‘ആഗോള പുകയില പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള’ ഏഴാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പുകയില നിയന്ത്രണ നടപടികളെ നേരിടുന്നതിന് പുകയില വ്യവസായങ്ങള്‍ക്ക് വ്യവസ്ഥാപിതവും ആക്രമണാത്മകവും സുസ്ഥിരവുമായ ഒരു നീണ്ട ചരിത്രമുണ്ട്’ എന്ന് റിപ്പോര്‍ട്ടു പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നു.

പുകയില ഭീമനായ ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ‘അണ്‍സ്മോക്ക്’ കാമ്പെയ്നിലൂടെ ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ പങ്കാളിയായി സ്വയം നിലകൊള്ളാന്‍ ശ്രമിക്കുകയാണെന്നും, ഇത് ‘മെച്ചപ്പെട്ട ബദലിലേക്ക് മാറാന്‍’ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പുകയില രഹിത ഉല്‍പ്പന്നങ്ങള്‍’ പോലുള്ള വാചകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും, അതിനിടയില്‍ പുകയില സാമൂഹികമായി സ്വീകാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് അത്തരം കാമ്പയിനുകള്‍ ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

എന്നാല്‍ പുകവലി ഉപേക്ഷിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് സുരക്ഷിതമായ മറ്റു ഉപാധികള്‍ നല്‍കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സന്ദേശം വിഘാതം സൃഷ്ടിച്ചുവെന്ന് ഫിലിപ്പ് മോറിസ് വക്താവ് റയാന്‍ സ്പാരോ പറഞ്ഞു. കൃത്രിമ സന്ദേശങ്ങളിലൂടെയാണ് സിഗരറ്റു കമ്പനികള്‍ സമൂഹത്തില്‍ മാന്യമായ സ്വീകാര്യത നേടുന്നതെന്ന് റിപ്പോര്‍ട്ടി ല്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോള പുകയില വിപണിയില്‍ ഏറ്റവും കൂടുതല്‍, 97%, സിഗരറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുകയില കമ്പനികളുടെ വ്യവസായം വിപുലീകരിക്കുന്നതിനുവേണ്ടി മാത്രമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ യൂണിറ്റിന്റെ പ്രോഗ്രാം മാനേജര്‍ വിനായക് പ്രസാദ് പറഞ്ഞു.

Read More : മരണം വിലയ്ക്കു വാങ്ങുന്നതെങ്ങനെ?

Share on

മറ്റുവാര്‍ത്തകള്‍