November 14, 2024 |

ഓസ്‌കാര്‍ നേടിയിട്ടും രക്ഷയില്ല: പാര്‍ടിസിപന്റ് ഹോളിവുഡിനോട് വിടപറയുന്നു

സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന പാര്‍ടിസിപന്റ് പ്രവര്‍ത്തിച്ചിരുന്നത് ലാഭം നോക്കിയായിരുന്നില്ല

ഓസ്‌കാര്‍ നേടിയ പ്രൊഡക്ഷന്‍ കമ്പനി പാര്‍ടിസിപന്റ് ഹോളിവുഡിനോട് വിടപറയുന്നു. റോമ, ഗ്രീന്‍ ബുക്ക്, സ്‌പോട്ട് ലൈറ്റ് അങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധ നേടീയ നിരവധി സിനിമകളും ഡോക്യുമെന്ററികളും നിര്‍മിച്ച കമ്പനിയാണ് പാര്‍ടിസിപന്റ്. 21 ഓസ്‌കാറുകളാണ് ഇക്കാലത്തിനിടെ കമ്പനിയുടെ ചിത്രങ്ങള്‍ നേടിയത്.ശതകോടീശ്വരനായ ജെഫ് സ്‌കോള്‍ 20 വര്‍ഷം മുന്‍പാണ് പാര്‍ടിസിപന്റ് ആരംഭിച്ചത്. സാമൂഹിക പ്രസ്‌ക്തിയുള്ള ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന പാര്‍ടിസിപന്റ് പ്രവര്‍ത്തിച്ചിരുന്നത് ലാഭം നോക്കിയായിരുന്നില്ല. അത് തന്നെയാണ് ഈ വിടവാങ്ങലിന് കാരണമായിരിക്കുന്നതും.

കൊവിഡ് കാലത്തിന് ശേഷം മിഡ് ബജറ്റ് ചിത്രങ്ങള്‍ കാണാന്‍ ആളില്ലാതായി, സാമുഹിക പ്രസക്തിയുള്ള ചിത്രങ്ങളോട് ആളുകളുടെ താല്‍പര്യമില്ലായ്മയും ആഘാതമായെന്നാണ് ഹോളിവുഡിന്റെ വിലയിരുത്തല്‍. ഹോളിവുഡ് സിനിമയുടെ ഒരു യുഗത്തിന്റെ അവസാനമെന്ന വിശേഷണത്തോടെയാണ് സിനിമപ്രവര്‍ത്തകര്‍ വാര്‍ത്തയെ സ്വീകരിച്ചത്.ഏകദേശം 100 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുന്നത്. കമ്പനിയുടെ ലൈബ്രറി വിഭാഗം മാത്രമാണ് ഇനി ബാക്കിയുണ്ടാവു. മൊത്തം 135 പ്രൊഡക്ഷനാണ് കമ്പനിയില്‍ നിന്ന് രണ്ട് ദശകത്തിനിടെ ഉണ്ടായത്. ഇതില്‍ പകുതിയിലധികവും ഡോക്യുമെന്ററികളാണ്. അഞ്ച് ടെലിവിഷന്‍ പരമ്പരകളും പുറത്തിറക്കിയ കമ്പനി 3.3 കോടി ഡോളര്‍ വരുമാനമാണ് ഗ്ലോബല്‍ ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്. ഓസ്‌കാറിനായി 86 നോമിനേഷന്‍ ലഭിച്ചു, ഒപ്പം 18 എമ്മി പുരസ്‌കാരങ്ങളും 62 നോമിനേഷനുകളും നേടി.

English Summary: Hollywood production company participant shuts down

 

Advertisement