UPDATES

സയന്‍സ്/ടെക്നോളജി

കോര്‍പ്പറേറ്റ് സ്ഥാപന മേധാവിയില്‍ നിന്നും കര്‍ഷകരുടെ ഇടയിലേക്ക്; ഒരു ഐഐടി ബിരുദധാരിയുടെ വിജയഗാഥ

കാര്‍ഷിക മൂല്യ ശൃംഖലയുടെ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഒരു പ്രവര്‍ത്തന മാതൃക സൃഷ്ടിച്ചു

                       

ജനസംഖ്യയിലെ 60 ശതമനത്തിലേറെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇപ്പോഴും നമ്മുടെ കര്‍ഷകര്‍ നൂറുകണക്കിന് ദൈനംദിന പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. കടമെഴുതി തള്ളല്‍ പോലെയുള്ള എന്തെങ്കിലും പ്രധാന നയപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരുകളും മടിക്കുന്നു. അവരെ സഹായിക്കാന്‍ മറ്റാരും മുന്നോട്ട് വരുന്നുമില്ല.

ഈ സാഹചര്യത്തില്‍, ഐഐടിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുകയും വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ബിഹാറില്‍ നിന്നുള്ള ശശാങ്ക് കുമാര്‍ എന്ന ചെറുപ്പക്കാരന്റെ കഥ വ്യത്യസ്ഥമാകുന്നു.

വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ തന്റെ ചുമതലകള്‍ വഹിക്കുന്നതിനിടയിലാണ് ഇന്ത്യയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കുന്ന വിലയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വിലയും തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഇതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സുഹൃത്ത് മനീഷുമായി ചേര്‍ന്ന് 2011ല്‍ ശശാങ്ക് ഫാം ആന്റ് ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് രൂപം കൊടുത്തത്. ഐഐടി ഘരഖ്പൂര്‍, ഐഐഎം അഹമ്മബാദ്, എന്‍ഐടി ജാംഷഡ്പൂര്‍, ഐഎസ്എം ദന്‍ബാദ് തുടങ്ങിയ പ്രസിദ്ധ സ്ഥാപനങ്ങളില്‍ നിന്നും സമര്‍ത്ഥരായ ഒരു സംഘം ആളുകളെ അവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ചേര്‍ത്തു. ബിഹാറിലെ ചെറുകിട ജലസേചനം പോലെ പൂര്‍വമാതൃകകളില്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഈ സ്ഥാപനം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.

കാര്‍ഷിക മൂല്യ ശൃംഖലയുടെ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഒരു പ്രവര്‍ത്തന മാതൃക സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ആവശ്യകതയെ കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ശശാങ്കിന് ബോധ്യമായി. അങ്ങനെയാണ് 2012ല്‍ ഗ്രീന്‍ അഗ്രെവലൂഷന്‍ എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തോടെ ദെഹാത്ത് എന്ന സാങ്കേതികാധിഷ്ടിത മാതൃക വികസിപ്പിക്കുന്നത്. വിത്തുകളെ കുറിച്ചു കമ്പോളങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ദെഹാത്ത് കര്‍ഷകരെ സഹായിക്കുന്നു. പ്രദേശിക സൂക്ഷ്മ സംരംഭകര്‍, കര്‍ഷക സംഘങ്ങള്‍, ഉല്‍പാദക സംഘടനകള്‍ എന്നിവര്‍ തങ്ങളില്‍ സുസ്ഥിരമായി ആശയവിനിമയം നടത്താനുള്ള വേദിയായി ഇത് മാറിയിരിക്കുന്നു. ഇതുവരെ 16 ജില്ലകളില്‍ നിന്നുള്ള 10,000 ത്തിലേറെ കര്‍ഷകരാണ് ഇവരുടെ സംരംഭത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്നത്.


Share on

മറ്റുവാര്‍ത്തകള്‍