ബീഫ് ഇന്ത്യയില്‍ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തുന്ന കാര്യമാണെങ്കിലും ബീഫ് കയറ്റുമതി കാര്യത്തില്‍ ഇതൊന്നും ബാധകമല്ല. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ചൈനയിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഏറെ നാളായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യാനുള്ള വിലക്ക് ചൈന അടുത്തിടെ നീക്കം ചെയ്തു.
ഇന്ത്യയിലേക്ക് ബീഫ് ഗുണനിലവാര പരിശോധനയ്ക്ക് അയച്ച സംഘം പതിനാല് കശാപ്പുശാലകള്‍ക്ക് യോഗ്യത നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദി 2014 മെയില്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ചൈനയിലേക്ക് ബീഫ് നേരിട്ട് കയറ്റുമതി ചെയ്യാനുള്ള അനുമതി തേടുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള ബീഫ് വിയറ്റ്‌നാമില്‍ നിന്നാണ് ചൈന വാങ്ങിയിരുന്നത്. ഈ ഉഭയകക്ഷി വ്യാപാരത്തില്‍ അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ലായിരുന്നു.
പുതിയ തീരുമാനത്തോടെ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാര കമ്മിയില്‍ വര്‍ദ്ധനവുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2015-16ല്‍ ചൈനയുമായുള്ള വ്യാപാര കമ്മി മുന്‍വര്‍ഷത്തെ 48.48 കോടി ഡോളറില്‍ നിന്നും 52.69 കോടി ഡോളറായി ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ബീഫ് ഏറ്റവുമധികം കയറ്റിയയ്ക്കുന്ന രാജ്യമാണ് വിയറ്റ്നാം. 2013-14-ല്‍ 5,24,370 മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി എങ്കില്‍ 2014-15ല്‍ ഇത് 6,33,800.24 മെട്രിക് ടണ്ണായി വര്‍ധിച്ചു. വിയറ്റ്നാമിന്റെ ഉപഭോഗത്തെക്കാള്‍ കൂടുതലാണ് ഇതെന്നും ഈ ബീഫ് ചൈനയിലേക്കാണ് പിന്നീട് പോകുന്നതെന്നും വാണീജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ ചൈനയുമായി നേരിട്ടുള്ള വ്യാപാരത്തിന് തങ്ങള്‍ ശ്രമിച്ചു വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2013ല്‍ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിവാങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നും മാംസം വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അതിനുള്ള വിലക്ക് നീക്കം ചെയ്തിരുന്നില്ല. കാലതാമസമെടുത്താണെങ്കിലും 14 സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിച്ചത് ശുഭകരമായ കാര്യമാണെന്നും ഭാവിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇന്ത്യന്‍ മാംസം ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ ലോകവിപണിയില്‍ കൂടുതല്‍ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
വിയറ്റ്നാമിന് പുറമെ മലേഷ്യ, ഈജിപ്ത്, സൌദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫ് ഇറക്കുമതിയില്‍ മുന്നില്‍നില്‍ക്കുന്നത്. 26,681.56 കോടി രൂപയുടെ 13,14,158.05 മെട്രിക് ടണ്‍ മാംസമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്.
അതേസമയം ചൈനയിലെ ബീഫ് ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2030 ആകുമ്പോഴേക്കും ലോകത്തെ ബിഫ് ഉപഭോക്താക്കളുടെ പകുതി ചൈന ആകുമെന്നാണ് കരുതപ്പെടുന്നത്. ഒരു ശരാശരി ചൈനക്കാരന്‍ പ്രതിദിനം 170 ഗ്രാം ബീഫ് കഴിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നുള്ള ബീഫിന് 13 വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന നീക്കം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ ബീഫിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. അതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതും.
ബീഫിന്റെ പേരിലുള്ള രാഷ്ട്രീയം ഇന്ത്യയില്‍ മനുഷ്യരുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് മാറുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.