UPDATES

‘മത പുസ്തകമല്ല, അവര്‍ ഭരണഘടന വായിക്കട്ടെ.’

ജനാധിപത്യ തീരുമാനങ്ങളുമായി സിബിസിഐ

                       

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകപരമായ സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI). രാജ്യത്തെ ” സാമൂഹിക, മത, രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ” വിദ്യാർത്ഥികൾ നേരിടാനുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുക, മറ്റ് മതങ്ങളിലെ വിദ്യാർത്ഥികളുടെ മേൽ ക്രിസ്ത്യൻ പാരമ്പര്യങ്ങൾ അടിച്ചേൽപ്പിക്കരുത്, ദിവസേനയുള്ള അസംബ്ലിയിൽ വിദ്യാർത്ഥികളെ ഭരണഘടനയുടെ ആമുഖം വായിക്കുക, സ്കൂൾ പരിസരത്ത് ഒരു “മതാന്തര പ്രാർത്ഥന മുറി” സ്ഥാപിക്കുക. തുടങ്ങിയവയാണ് നിർദേശങ്ങൾ.

ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിക്കുന്ന തീരുമാനമെടുക്കുന്ന സ്ഥാപനമാണ് സിബിസിഐ. ഏകദേശം 14,000 സ്കൂളുകൾ, 650 കോളേജുകൾ, ഏഴ് സർവകലാശാലകൾ, അഞ്ച് മെഡിക്കൽ കോളേജുകൾ, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവ സിബിസിഐയുടെ കീഴിലുണ്ട്.

ജനുവരിയിൽ സിബിസിഐയുടെ 36-ാമത് ജനറൽ ബോഡി യോഗം ബംഗളൂരുവിൽ നടന്നിരുന്നു. തിങ്കളാഴ്ച സിബിസിഐയുടെ വിദ്യാഭ്യാസ- സാംസ്‌കാരിക വിഭാഗം 13 പേജുള്ള മാർഗ്ഗനിർദ്ദേശവും,നിർദ്ദേശ രേഖയും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഈ നിർദ്ദേശങ്ങൾ. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം യോഗത്തിൽ ചർച്ചയായിരുന്നു.

ക്രിസ്ത്യൻ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കും എതിരായ സമീപകാല ആക്രമണങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ മാർഗനിർദേശങ്ങൾ ആദ്യമായി പുറത്തിറക്കിയത്.

ത്രിപുരയിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ മിഷനറി സ്‌കൂളിലെ അധ്യാപകൻ ഒരു വിദ്യാർത്ഥിയെ ഹിന്ദു ചിഹ്നമുള്ള റിസ്റ്റ് ബാൻഡ് ധരിക്കുന്നത് വിലക്കിയിരുന്നു. ഇതേതുടർന്ന് ഫെബ്രുവരിയിൽ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. അതേ മാസം, അസമിലെ ഒരു തീവ്ര ഹിന്ദു മത സംഘടന, കാമ്പസുകളിൽ പുരോഹിതരും കന്യാസ്ത്രീകളും ധരിക്കുന്ന എല്ലാ ക്രിസ്ത്യൻ ചിഹ്നങ്ങളും, ആചാരങ്ങളും നീക്കം ചെയ്യാൻ സംസ്ഥാനത്തെ ക്രിസ്ത്യൻ സ്കൂളുകൾക്ക് 15 ദിവസത്തെ സമയം നൽകിയിരുന്നു.

ഈ വിവിധ സംഭവങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും, സഭ അത്തരം സാഹചര്യങ്ങളോട് ജാഗ്രത പുലർത്തുകയും സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച സിബിസിഐ ദേശീയ സെക്രട്ടറി ഫാദർ മരിയ ചാൾസ് എസ്ഡിബി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനും സിബിസിഐ മാർഗനിർദേശങ്ങളിൽ ഊന്നൽ നൽകിയിട്ടുണ്ട്. “പൂട്ടിയിട്ടിരിക്കുന്ന വാതിലുകൾ, പ്രവേശന സുരക്ഷാ സംവിധാനങ്ങൾ, സന്ദർശകരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ, നിരീക്ഷണ ക്യാമറകൾ എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളിലേക്കും ഗ്രൗണ്ടുകളിലേക്കും പ്രവേശനം നിയന്ത്രിക്കുന്നതിന് ശാരീരിക സുരക്ഷാ നടപടികൾ നടപ്പിലാക്കണം,”എന്ന് മാർഗനിർദേശങ്ങൾ പറയുന്നുണ്ട്.

“ഇക്കാലത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, കത്തോലിക്കാ സ്കൂളുകൾ എന്ന നിലയിൽ നമ്മൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കണമെന്ന് ഞാൻ കരുതുന്നു. പ്രിൻസിപ്പൽമാർ കൂടുതൽ സംവേദനക്ഷമതയുള്ളവരായിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്, കാരണം ഞങ്ങളുടെ ഭൂരിഭാഗം വിദ്യാർത്ഥികളും അധ്യാപകരും എല്ലായ്പ്പോഴും മറ്റ് മതങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോൾ മാത്രമല്ല, വർഷങ്ങളായി ഞങ്ങൾ വിദ്യാർത്ഥികളെ ആമുഖം പഠിപ്പിക്കുന്നു. ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികളും ആമുഖം അറിയണമെന്നും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നും വർഷങ്ങളായി ഞങ്ങൾ വിശ്വസിക്കുന്നു, ”ഫാദർ ചാൾസ് ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു.

സ്‌കൂൾ കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താനും രാവിലെ അസംബ്ലിയിൽ വിദ്യർത്ഥികളെ അത് വായിപ്പിക്കണം. ഇതിനു പുറമെ, ജീവനക്കാർക്കിടയിലും മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ സ്‌കൂളുകളോട് ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നിപ്പില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്ന രീതികളിൽ പരിശീലനം നൽകാനും നിർദ്ദേശിക്കുന്നുണ്ട്.

 

ഈ സ്‌കൂളുകൾക്ക് നൽകുന്ന ന്യൂനപക്ഷ സർട്ടിഫിക്കറ്റിന് പുറമെ, സ്‌കൂൾ ലോബിയിലും ലൈബ്രറിയിലും ഇടനാഴികളിലും മറ്റും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ, ശാസ്ത്രജ്ഞർ, കവികൾ, ദേശീയ നേതാക്കൾ തുടങ്ങിയ പ്രമുഖരുടെ ഫോട്ടോകൾ പ്രദർശിപ്പിക്കാനും മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്.

 

മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമായും കത്തോലിക്കാ സ്കൂളുകളെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നിരുന്നാലും സഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്ന് ഫാദർ ചാൾസ് പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്‌കൂൾ വളപ്പിൽ പ്രത്യേക ‘മതാന്തര പ്രാർത്ഥനാ മുറി’ അല്ലെങ്കിൽ സർവധർമ്മ പ്രാർത്ഥനാലയം ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു.

Share on

മറ്റുവാര്‍ത്തകള്‍