യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമായിരിക്കും. പലരും പല തരത്തിലുള്ള യാത്രകളാണ് ഇഷ്ടപ്പെടുന്നത്. രുചി തേടിയുള്ള യാത്രകളും ഇതില്‍ പെടും. വ്യത്യസ്ത ഭക്ഷണം തേടിയുള്ള യാത്രകളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകം തന്നെ ഇഷ്ടങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇന്ത്യക്കാര്‍ തയ്യാറാക്കുന്ന പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത് ഇറ്റലിയും ഗോവയുമെന്നാണ് ട്രിപ്പ് അഡൈ്വസറിന്റെ സര്‍വേ പറയുന്നത്. ട്രിപ്പ് അഡൈ്വസറിന്റെ ”ഇന്ത്യ ഗാസ്ട്രോണമി സര്‍വേ 2017”ന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും, ഭക്ഷണം ഒരു അവധിക്കാല യാത്രയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമായിരുന്നു സര്‍വേയുടെ ലക്ഷ്യം.
സര്‍വേ പ്രകാരം അഞ്ചില്‍ മൂന്ന് ഇന്ത്യക്കാരും 2018ല്‍ ഭക്ഷണം തേടിയുള്ള യാത്രയില്‍ പോകുമെന്ന് വ്യക്തമാക്കി. സര്‍വേ പ്രകാരം 35ശതമാനം ആളുകളും മാസത്തില്‍ ഒന്നോ രണ്ടോ തവണയും 33 ശതമാനം ആഴ്ചയില്‍ ഒരു ദിവസവും ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ട്. 48 ശതമാനം ആളുകളും പറയുന്നത് യാത്രാനുഭവത്തിന് മാറ്റ് കൂട്ടണമെങ്കില്‍ പുറത്തുനിന്നുള്ള നല്ല റെസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ്. 74 ശതമാനം ആളുകളും രുചി തേടിയുള്ള യാത്രയ്ക്ക് വേണ്ടി മാത്രം പോകാറുണ്ടെന്നും. 71 ശതമാനം പേരും അവര്‍ പോകുന്ന സ്ഥലത്തെ പ്രധാന റെസ്റ്ററന്റ് തിരഞ്ഞെടുത്ത് പോകുന്നവരാണെന്ന് സര്‍വേയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രദേശങ്ങളില്‍ 49 ശതമാനം ആളുകളും രുചി തേടിയുള്ള യാത്രയില്‍ ഗോവയാണ് ഇഷ്ടസ്ഥലമായി തിരഞ്ഞെടുത്തത്. തൊട്ടുപിന്നില്‍ 35ശതമാനം വോട്ടോടെ കേരളവും, 33 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്ത് ലക്നൗവും ഉണ്ട്. വിദേശരാജ്യങ്ങളെടുക്കുകയാണെങ്കില്‍ 90 ശതമാനം വോട്ടോടെ ഇറ്റലിയാണ് മുന്നില്‍ നില്‍ക്കുന്നത്. 34 ശതമാനം വോട്ടോടെ രണ്ടാമത് തായ്ലന്‍ഡും, 26 ശതമാനം വോട്ടോടെ ഫ്രാന്‍സും മൂന്നാമതായി ഉണ്ട്. ഭക്ഷണപ്രിയരുടെ പറുദീസയാണ് ഇന്ത്യ. ഭക്ഷണത്തിലൂടെ തന്നെ ഇന്ത്യന്‍ സംസ്‌കാരത്തെ അറിയാം. യാത്രയില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയാന്‍ 2017ലെ ഇന്ത്യ ഗാസ്ട്രോണിക് സര്‍വേയിലൂടെ സാധിച്ചു. രാജ്യത്തിനകത്തെ യാത്രയിലായാലും വിദേശയാത്രയിലായാലും ഇന്ത്യക്കാര്‍ ഭക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സര്‍വേയിലൂടെ വ്യക്തമായി.