UPDATES

ഇന്ത്യ

ബിജെപിക്ക് കന്നഡ ഷോക്ക്; കോണ്‍ഗ്രസ്സ്-ജെ ഡി എസ് സഖ്യത്തിന് തകര്‍പ്പന്‍ വിജയം; മാണ്ഡ്യയില്‍ ഭൂരിപക്ഷം 3.25 ലക്ഷം, ബെല്ലാരിയില്‍ 2.43 ലക്ഷം

യെദ്യൂരപ്പയുടെ മണ്ഡലമായ ശിവമോഗ്ഗയിൽ മകന്‍ ബിഎസ് രാഘവേന്ദ്ര വിജയിച്ചു

                       

കർണാടക ഉപതിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സ്-ജെ ഡി എസ് സഖ്യത്തിന് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളില്‍ നാലും സഖ്യം നേടി. ഇതില്‍ രണ്ട് നിയമ സഭാ സീറ്റുകളും രണ്ട് ലോക്സഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. വോട്ടണ്ണല്‍ ബിജെപി ജയിച്ചത് ശിവമോഗ്ഗയില്‍ മാത്രം.

മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി വിജയിച്ചു. എൽആർ ശിവരാമെ ഗൗഡയാണ് ജെഡിഎസ് സ്ഥാനാർത്ഥി. 3,24,925 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

ബല്ലാരി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി വിഎസ് ഉഗ്രപ്പ വിജയം കണ്ടു. 2,43,161 വോട്ടുകൾക്കാണ് ബല്ലാരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മുന്നിട്ടു നിൽക്കുന്നത്. ബല്ലാരിയിലെ മുൻ ബിജെപി നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇവിടെ മൂന്ന് റൗണ്ടുകൾ കൂടി എണ്ണാനുണ്ട്.

ശിവമോഗ്ഗ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബിഎസ് രാഘവേന്ദ്ര വിജയിച്ചു. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മണ്ഡലമാണിത്. ഇവിടെ 52,148 വോട്ടിനാണ് യെദ്യൂരപ്പയുടെ മകൻ കൂടിയായ രാഘവേന്ദ്ര വിജയിച്ചത്. ഈ മണ്ഡലത്തിലെ മുൻകാല വിജയങ്ങൾ വെച്ചു നോക്കുമ്പോൾ ബിജെപി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് കാണാം. യെദ്യൂരപ്പയുടെ മകനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

രണ്ട് അസംബ്ലി സീറ്റുകളിലും ജെഡിഎസ്-കോൺഗ്രസ്സ് സഖ്യമാണ് വിജയിച്ചത്. രാമനഗരയിൽ ജെഡിഎസ് സ്ഥാനാർത്ഥി അനിതാ കുമാരസ്വാമിക്ക് ആകെ കിട്ടിയത് 1,25,043 വോട്ടുകൾ. 10,9137 വോട്ടിന്റെ ഭൂരിപക്ഷം.

കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ആനന്ദ് ന്യാമഗൗഡ ജാംഖണ്ഡി മണ്ഡലത്തിൽ വിജയിച്ചു. ബിജെപിയുടെ ശ്രീകാന്ത് കുൽക്കർണിയാണ് രണ്ടാംസ്ഥാനത്ത്. 39,476 വോട്ടുകൾക്കാണ് വിജയം. ആനന്ദിന് ആകെ കിട്ടിയത് 96,968 വോട്ടുകളാണ്.

ശിവമോഗ്ഗയിലെ എംപിയായിരുന്ന യെദ്യൂരപ്പ, ബെല്ലാരി എംപിയായിരുന്ന ശ്രീരാമുലു, മാണ്ഡ്യയിലെ എംപിയായിരുന്ന സിഎസ് പുട്ടരാജു എന്നിവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ രാജി വെക്കേണ്ടി വന്നിരുന്നു. ഇതാണ് ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് വഴിവെച്ചത്.

Share on

മറ്റുവാര്‍ത്തകള്‍