UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular To The System

മായ ലീല

കേരളത്തിലെ ഹിന്ദുവിന് എന്തിന്റെ കുറവാണ് സംഘപരിവാരം വന്ന് നികത്താനുള്ളത്?

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ആദിത്യനാഥ് യോഗിയെ പോലൊരു അവതാരത്തിന്റെ ആവശ്യമില്ല.

                       

സംഘപരിവാറിനാണെങ്കില്‍ ദേശവ്യാപകമായി മോദിയോളം ആകര്‍ഷണീയമായി അവതരിപ്പിക്കാവുന്ന ഒരു ഹിന്ദുത്വ മുഖം ഇല്ലായിരുന്നുതാനും” (സംഘപരിവാറിന് വഴി തെറ്റിയിട്ടില്ല– പ്രമോദ് പുഴങ്കര) – ഇനിയങ്ങോട്ട് മുതലക്കുഞ്ഞുങ്ങളുമായി മല്‍പ്പിടുത്തം നടത്തിയ, പട്ടിണി കിടന്നു വളര്‍ന്ന കുട്ടിക്കാലം മുതല്‍ കുടുംബവും കുട്ടികളും ഇല്ലാതെ ഒറ്റത്തടിയായി നിന്ന് രാജ്യത്തെ ഹിന്ദുക്കളെ രക്ഷിക്കുന്നത് വരെ പൊലിപ്പിച്ച് എഴുതുന്ന ആദിത്യനാഥ് യോഗിയുടെ പി.ആര്‍ വര്‍ക്ക് ആണ് നമ്മള്‍ക്ക് കിട്ടാന്‍ പോകുന്നത്. ഇത്തിരി വിവേകത്തിന്റെ അസ്കിതയുള്ള മലയാളിക്ക് ഇതിന്‍റെ പോളിഷ്ഡ് വേര്‍ഷനും. ത്യാഗം, സമര്‍പ്പണം യഥാ യഥാ ഹി ലൈനില്‍ അവതാര പുരുഷനായാണ് ഇയാളെ മലയാളത്തില്‍ അവതരിപ്പിക്കുക.

അപരത്വങ്ങളെ അങ്ങനെ ഭയമില്ലയെങ്കിലും ഹിന്ദുക്കളെ എന്തില്‍ നിന്നൊക്കെയോ രക്ഷിക്കാന്‍ മലയാളി രാഷ്ട്രീയ/സാംസ്കാരിക ഹിന്ദുവിനും ഒരു വെപ്രാളം ഉണ്ട്. ‘അവര്‍’ മുന്നേറുന്നു ‘അവര്‍’ പെറ്റ് പെരുകുന്നു, ‘അവര്‍’ നമ്മളെ കൊല്ലുന്നു, ‘അവര്‍’ നമ്മുടെ സ്ത്രീകളെ ഉപദ്രവിക്കുന്നു തുടങ്ങിയ ഭയങ്ങള്‍ നമ്മുടെ നിഷ്കളങ്ക ഹിന്ദുക്കള്‍ക്കും ഉണ്ട്. യോഗിയുടെ വിരാട് പുരുഷ രൂപം ആഘോഷമാക്കിയാണ് മലയാളത്തില്‍ ഇതോടിക്കുക.

Grandiose Persona തനിക്കുണ്ടെന്ന് കരുതുന്ന നരേന്ദ്ര മോദി സ്വന്തം പേരൊക്കെ ഉടുപ്പ് മുഴുവന്‍ തുന്നി ഇട്ടതുകൊണ്ടും വിഡ്ഢിയെപ്പോലെ ഉലകം ചുറ്റി സെല്‍ഫി എടുത്തു നടന്നതുകൊണ്ടും ബുദ്ധിജീവിയായ സംഘി മലയാളിക്ക് ഒരു ചെറിയ ക്ഷീണം പറ്റിയിട്ടുണ്ട്, അത് പാടേ മാറുന്ന രൂപമാണ് കാഷായ വസ്ത്രത്തിലെ യോഗി അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ഹിന്ദു അടംപിടിച്ച് വയ്ക്കുന്ന സംഘിത്തം അല്ല ഇതര മതങ്ങളില്‍ ഉള്ള സംഘികളുടെ ലൈന്‍. രാഷ്ട്രീയമായി അല്ലെങ്കിലും സംഘിസം അതിന്‍റെ ഫാഷിസ്റ്റ്‌ രൂപത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഇതരമത സംഘികളും കേരളത്തില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കും ദഹിക്കും യോഗിയെ. സമൂഹത്തില്‍ പുരോഗമനം എന്ന അനാചാരം നടത്തുന്നവരെയൊക്കെ എതിര്‍ക്കാന്‍ ഒരു യോഗി – വേണ്ടത് തന്നെ എന്ന് ചിന്തിക്കാന്‍ എന്താണ് ബുദ്ധിമുട്ട്!

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, ജാതിയെ എതിര്‍ക്കല്‍, സദാചാരത്തെ എതിര്‍ക്കല്‍ ഇതൊക്കെ ലോകാവസാനമായി കാണുന്നത് ഹിന്ദുക്കള്‍ മാത്രമല്ല. സംഘിസം സകല ഇടങ്ങളിലും ഉണ്ട്. രാഷ്ട്രീയ സംഘിയുടെ വ്യത്യാസം എന്താണെന്ന് വച്ചാല്‍ അയാള്‍ കൂടുതലായും ഭാരതമെന്ന അബ്സ്ട്രാക്റ്റ് ആശയവും ഹിന്ദുവെന്ന ഐഡന്റിറ്റിയും മുന്നില്‍ നിര്‍ത്തിയാണ് യുദ്ധം ചെയ്യുന്നത് എന്നു മാത്രം.

രാഷ്ട്രീയ സംഘിക്ക് കലാപങ്ങളില്‍ മുസ്ലീങ്ങള്‍ മരിക്കുന്നത് ഒരു വിഷയമല്ല, അവര്‍ വണ്ടിക്കടിയില്‍ പെട്ട് പോകുന്ന നായ്ക്കള്‍ ആണ്. പട്ടിണിയും പോഷകാഹാരക്കുറവും ബാലവിവാഹവും മൂലം മരിക്കുന്ന കുഞ്ഞുങ്ങള്‍ അവരുടെ ശ്രദ്ധയേ ആകര്‍ഷിക്കുന്നില്ല. പകരം അവരുടെ പ്രശ്നങ്ങള്‍ ദേശീയഗാനം സിനിമാ തിയേറ്ററില്‍ കേള്‍പ്പിച്ചാല്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ്. പശുവിനു സ്ഥാനം മനുഷ്യനും മുകളിലാണ്, പശുവിനെ കൊല്ലുന്നുവെന്ന ആരോപണം മാത്രം മതി കൂട്ടം കൂടി മനുഷ്യരെ കശാപ്പ് ചെയ്യാന്‍. ഒരു ടാറ്റൂ കുത്തിയതിന്റെ പേരിലോ അസമയത്ത് ഇറങ്ങി നടന്നു എന്ന പേരിലോ ആണും പെണ്ണും ഒരുമിച്ചിരുന്നു എന്ന പേരിലോ നടുവഴിയില്‍ മനുഷ്യന്‍ അടിമേടിക്കുന്നതിനെ അവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും, അതേ പെരുവഴിയില്‍ നില്‍ക്കുന്ന ഒരു പശുവിനെ നിങ്ങളൊരു വടിയെടുത്ത് തല്ലി നോക്കൂ സൈഡിലേയ്ക്ക് മാറ്റി നിര്‍ത്താന്‍, ഇന്നത്തെ ഇന്ത്യയില്‍ നിങ്ങളുടെ മരണം തന്നെ ഇതുറപ്പിക്കും, പശുവിനു സ്ഥാനം മനുഷ്യനും മുകളിലാണ്.

ഗംഗയും യമുനയും എന്ന നദികള്‍ക്ക് മനുഷ്യന്‍റെ സ്ഥാനമാണ്, അല്ലെങ്കില്‍ മനുഷ്യനെ എങ്ങനെ പരിഗണിക്കണമോ അതുപോലെയാണ് ഇതിനെയോക്കെ പരിഗണിക്കുന്നത്. പകരം മനുഷ്യനെ എന്തുചെയ്യുന്നു – നോട്ടു റദ്ദാക്കിയും ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിച്ചും ദുരിതം മാത്രം കൊടുക്കുകയും ജീവന്‍ തന്നെ അപഹരിക്കുകയുമാണ് ചെയ്യുന്നത്. ഭാരതത്തെ മാതാവായി കണ്ടു സാരിയുടുപ്പിക്കും, പട്ടു സാരി ഉടുപ്പിക്കാത്ത ചിത്രങ്ങള്‍ പോലും അവര്‍ വെച്ച്പൊറുപ്പിക്കില്ല. ദേവീ രൂപങ്ങളെ വരച്ചാല്‍ പട്ടിന്റെയോ സ്വര്‍ണ്ണത്തിന്റെയോ അളവില്‍ കുറഞ്ഞാല്‍ അവര് ആര്‍ട്ട് ഗ്യാലറികള്‍ നശിപ്പിക്കും, ചിത്രകാരനെ നാടുകടത്തും. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യ സ്ത്രീകളെ അവരെന്ത് ചെയ്യും, ഇരുട്ടിലും മറവിലും കടന്നു പിടിക്കും, ബലാത്സംഗം ചെയ്യും, അതിനായി പൊതുവേദികളില്‍ ആഹ്വാനങ്ങള്‍ നടത്തും. ഇന്ത്യയില്‍ ഇന്നും ആര്‍ത്തവസമയത്ത് ചോര തടഞ്ഞു വെയ്ക്കാന്‍ പച്ചിലകള്‍ പെറുക്കിയെടുക്കുന്ന സ്ത്രീകള്‍ ജീവനോടുണ്ട്. ഭാരതാംബയെന്ന ആശയത്തെ പട്ടുസാരി ഉടുപ്പിക്കുന്നതിലാണ് പക്ഷേ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവന്‍. പട്ടിണി മാറ്റാം, ദാരിദ്യം മാറ്റം എന്നൊക്കെയുള്ള തിരഞ്ഞെടുപ്പ് പത്രികകള്‍ക്ക് വേണ്ടത്ര വോട്ടുകള്‍ എത്തിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാരം വളരെ പണ്ടേ അറിഞ്ഞതാണ്. അവര്‍ക്ക് നട്ട് വളര്‍ത്താന്‍ ഉള്ളത് വലതുപക്ഷ മതാധിഷ്ഠിത രാഷ്ട്രീയമാണ്. മതാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ വരുന്ന രൂപം, ഒരു മതത്തിന് അധികാരം പൂര്‍ണ്ണമായും കൈയ്യില്‍ കിട്ടും എന്നതാണ്.

പട്ടിണികിടക്കുന്ന വോട്ടര്‍മ്മാര്‍ കുറവാണ്, മധ്യവര്‍ഗ്ഗ വോട്ടര്‍മ്മാര്‍ക്ക് ആണ് ഡിമാന്‍ഡ്. അവരെ വലവീശിപ്പിടിക്കണം എങ്കില്‍ അവരുടെ ഉള്ളില്‍ അന്തര്‍ലീനമായ ചിലതിനെയൊക്കെ അഴിച്ചു വിടണം. ഉദാഹരണത്തിന് ജാതിയുടെ പേരിലുള്ള സംവരണം. അതിനെക്കുറിച്ച് മുറുമുറുപ്പ് ഇല്ലാത്ത മധ്യവര്‍ഗ്ഗ മലയാളികള്‍ എണ്ണത്തില്‍ തീരെ കുറവായിരിക്കും. കഴിവുള്ളവര്‍ മാത്രം മതി എന്നതാണ് അവരുടെ വാദം, ഈ കഴിവ് സാമൂഹ്യ സാമ്പത്തിക ഭദ്രതയില്‍ കൈവരുന്ന ഒന്നാണെന്ന് അവര്‍ക്ക് ചിന്തിക്കണ്ട ആവശ്യം തന്നെയില്ല. അതുപോലെയാണ് നമ്മുടെ മതം എന്ന വികാരം, അല്ലെങ്കില്‍ നമ്മുടെ സമുദായം. വാട്ട്സ്ആപ്പ് എന്ന ദുരന്തം കൊണ്ടുവരുന്ന പ്രളയമായിരിക്കും കേരളത്തില്‍ ബിജെപിയുടെ വക്താക്കള്‍ വിജയിക്കുന്നത്. അതിനകത്ത് വരുന്ന മേസേജുകളുടെ അപകടം എത്രയാണെന്ന് നമ്മള്‍ കാത്തിരുന്നു കാണണം. അപകടം വരും ഉറപ്പായും വരും. നമ്മുടെ മതം – അവര് – തകര്‍ക്കാന്‍ വരുന്നു എന്ന രീതിയിലെ സന്ദേശങ്ങള്‍ എല്ലാ മതസ്ഥരും പ്രചരിപ്പിക്കുന്നുണ്ട്! സ്വന്തം പൊട്ടക്കിണറ്റിലുള്ള കളകള്‍ മാത്രം കാണുന്നവര്‍ക്ക് ഇത് തന്നെയാണ് അപ്പുറത്തെ കിണറ്റിലും എന്ന് തിരിച്ചറിയാന്‍ കഴിയില്ല, അല്ലെങ്കില്‍ അതിന്‍റെ ആവശ്യമില്ല.

ശരിക്കും കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് എന്താണ് ജീവനും സ്വത്തിനും ഭീഷണി? ഭൂപരിഷ്കരണ നിയമം വന്നതുകൊണ്ട് ബുദ്ധിമുട്ടിപ്പോയ ചില ഉപരിവര്‍ഗ്ഗ നായന്മാരുടെ വിലാപങ്ങള്‍ ഫെസ്ബുക്കിലും മറ്റും കണ്ടിട്ടുണ്ട്. മുസ്ലീങ്ങള്‍ കൊല്ലാന്‍ വരുന്നു, ക്രിസ്ത്യാനികള്‍ മതം മാറ്റാന്‍ വരുന്നു, ലവ് ജിഹാദ് വരുന്നു മുതലായ യാതൊരു അടിസ്ഥാനവുമില്ലാത്ത വിലാപങ്ങള്‍ അല്ലാതെ ശരിക്കും കേരളത്തില്‍ മധ്യവര്‍ഗ്ഗ ഹിന്ദുവിന് എന്തിനാണ് ഒരു മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടി? എന്നാലോ ഹിന്ദു മതം എന്താണെന്നോ ഹൈന്ദവ ദൈവങ്ങള്‍ ഏതാണെന്നോ ഹൈന്ദവ മതഗ്രന്ഥങ്ങള്‍ ഏതാണെന്നോ എന്നതിനൊന്നും ഒരു തിട്ടവുമില്ല. ഭഗവത് ഗീതയും വേദങ്ങളും ഉപനിഷത്തുകളും ബ്രാഹ്മണന്റെയാണ്, ഹിന്ദു എന്ന പൊതുവര്‍ഗ്ഗത്തിന്‍റെതല്ല. അതങ്ങനെ, എല്ലാവര്‍ക്കും സംസ്കൃതേതര ഭാഷകളില്‍ ഇക്കാര്യങ്ങളൊക്കെ കിട്ടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. താന്ത്രിക് സംസ്കാരത്തിന്‍റെ ഭാഗമായ അഥര്‍വ്വവേദം ബുദ്ധസന്യാസിമാരും സന്യാസിനിമാരുമാണ് കൂടുതലും ഉപയോഗിച്ചിരുന്നത് എന്ന് ടിബറ്റ്യന്‍ ബുദ്ധമത ചരിത്രം വായിച്ചാല്‍ മനസ്സിലാകും. ഇതൊക്കെ വച്ചിട്ട് എവിടെയാണ് ഹിന്ദു എന്നൊരു മതം തന്നെ!

കേരളത്തില്‍, ഇന്ത്യയിലും, ഹിന്ദുമതമല്ല ഉള്ളത്, ബ്രാഹ്മണ മതഗ്രന്ഥങ്ങള്‍ പ്രകാരമുള്ള ജാതി ശ്രേണികള്‍ ആണുള്ളത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉച്ഛനീചത്വങ്ങളും ഉള്ള ശ്രേണികള്‍. അത് കൃത്യമായും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉണ്ട് താനും. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വ്യാപകമായ മതപരിവര്‍ത്തനം ഒന്നും കേരളത്തില്‍ സംഭവിക്കുന്നില്ല. ഹിന്ദു എന്ന ഐഡന്റിറ്റിക്ക്, അതെന്തിന്റെ പേരില്‍ നിലനിര്‍ത്തുന്നതായാലും യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല, നിലവില്‍ ഉള്ള മെച്ചങ്ങളൊക്കെ അതുപോലെയുണ്ട്. പിന്നെ എന്തു കാണിച്ചാണ് അവര് നിങ്ങളെ ഭയപ്പെടുത്തുന്നത്? ഇടതും വലതും മാറി മാറി ഭരിച്ചിട്ട് കേരളം എവിടെയെത്തി എന്നാണു ചോദ്യം. എന്നോടത് ചോദിച്ചാല്‍ ശബരിമലയില്‍ പോകാനുള്ള ഭക്തന്മാര്‍ക്ക് എയര്‍പ്പോര്‍ട്ട് വരുന്നത് വരെ എത്തി എന്നാണു പറയാന്‍ ഉണ്ടാവുക. ഇടതും വലതും അല്ലാത്ത മറ്റെന്തോ ആണ് സംഘപരിവാരം എന്നും വാദമുണ്ട്, അത് ശരിയല്ല. മതാധിഷ്ഠിത രാഷ്ട്രീയം എന്നും വലതുപക്ഷം തന്നെയാണ്, തീവ്രവലതുപക്ഷം. അപ്പോപ്പിന്നെ ഇടതും വലതും അല്ലാത്ത വിശേഷ്യാല്‍ ഉള്ള പാല്‍പ്പായസം അല്ല സംഘപരിവാര്‍.

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ആദിത്യനാഥ് യോഗിയെ പോലൊരു അവതാരത്തിന്റെ ആവശ്യമില്ല. അത് സംഘപരിവാരത്തിനും അറിയായ്കയല്ല. അതുകൊണ്ട് ഇവിടെ അവരുടെ അവതാരം മറ്റു രൂപങ്ങളില്‍ ആയിരിക്കും. ക്ഷേത്രഭരണം പിടിച്ചെടുക്കുന്ന സിപിഎം എന്ന ശത്രു, ദേവസ്വം വക ഹിന്ദുക്കളുടെ കാശ് സര്‍ക്കാരിലേക്ക് പോകുന്നു എന്ന ആരോപണം, മുതലാളിമാര്‍ക്ക് കുടപിടിച്ച് കൊടുക്കുന്ന യുഡിഎഫ് എന്ന ദേശദ്രോഹികള്‍, ദൈവങ്ങളേയും സംസ്കാരവും നശിപ്പിക്കുന്ന പുരോഗമനവാദികള്‍ എന്ന കഞ്ചന്മാരും, അയ്യപ്പസ്വാമിയുടെയും അഗസ്ത്യമുനിയുടെയും ശുദ്ധി കളയാന്‍ നടക്കുന്ന  അഴിഞ്ഞാട്ടക്കാരികളും – ഇതൊക്കെയാവും കേരളത്തിലെ സംഘപരിവാരത്തിന്റെ അപരത്വങ്ങള്‍.

വലതുപക്ഷ രാഷ്ട്രീയം – മതാധിഷ്ഠിത രാഷ്ട്രീയവും ഭരണകൂടവും – ഒരു സമൂഹത്തിനു ഒരിക്കലും ഗുണം ചെയ്യുകയില്ല. അവര്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിപത്ത് മാത്രമാകും വിതയ്ക്കുക, കൊയ്തെടുക്കുന്നത് നിരപരാധികളുടെ ജീവനും ജീവിതവും. കാലഹരണപ്പെട്ട മാര്‍ക്സിസ്റ്റ്‌ തിയറികള്‍ എന്നാണ് അവര്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ആരോപിക്കുന്നത് . ഇതേ കാലഹരണപ്പെട്ട വാദത്തില്‍ ഊന്നിയതാണ് സകല മനുഷ്യനും ജന്മാവകാശമായി ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ലഭിക്കണം എന്നത്. അതിനു നിങ്ങള്‍ എതിരാണോ? അതൊരു കാലഹരണപ്പെട്ട ആവശ്യമാണോ? അതുപോലും ഇതുവരെ എത്തിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് കഴിയാത്തത് ഇതേ ജാതിമത ശക്തികള്‍ ഇടനില കളിക്കുന്നത് കൊണ്ടാണ്.

മതം എന്ന ആശയത്തില്‍ എല്ലാവരും തുല്യരല്ല. സ്ത്രീ പുരുഷന്‍റെ താഴെയാണ്, ഇതര ലിംഗങ്ങള്‍ മനുഷ്യരേ അല്ല, ജാതി ശ്രേണിയായാണ്‌, തുല്യമായല്ല, മറ്റു മതസ്ഥര്‍, അവിശ്വാസികള്‍ എന്നവര്‍ അവനവന്‍റെ മതത്തിലുള്ളവരെ പോലെ തുല്യരല്ല – ഇതാണ് വലതുപക്ഷ രാഷ്ട്രീയം. ഇതിന്‍റെ വക്താക്കള്‍ ആയി എത്തിയ മോദിയോ യോഗിയോ ഒന്നും സമൂഹത്തിനു വേണ്ടുന്ന ഒന്നല്ല, വേണ്ടാത്തതാണെന്ന് ഏതാണ്ട് ഉറപ്പായതും ആണ്. സ്വയം കത്തി നശിക്കുന്ന പാകിസ്ഥാനും കാശ്മീരും ഒക്കെ ഓണമുണ്ട്, വിഷുകണ്ട് കഴിയുന്ന മലയാളിയുടെ ജീവിതത്തില്‍ എവിടെയാണ് ബാധിക്കാന്‍ പോകുന്നത്, ഭീഷണിയാകുന്നത്?

മലപ്പുറം പാകിസ്താന്‍ പോലെയാണ് എന്നൊക്കെയാണ് സുബ്രഹ്മണ്യ സ്വാമി ഉള്‍പ്പടെ ഉള്ളവര്‍ പ്രചാരണം നടത്തുന്നത്. തലയ്ക്കു മുകളില്‍ എപ്പോള്‍ ട്രോണ്‍ പെയ്തു പൊട്ടിത്തെറിക്കും എന്ന് പേടിച്ച് കരണ്ടും വെള്ളവും ഗ്യാസും വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ഒന്നുമില്ലാതെ കഴിയുന്ന ശരാശരി പാകിസ്ഥാനിയുടെ അവസ്ഥയാണോ മലപ്പുറത്തെ മലയാളിക്ക്! അവര്‍ സ്വപ്നം കാണുന്ന സ്വര്‍ഗ്ഗ സമാനമാണ് മലപ്പുറത്തെയൊക്കെ എല്ലാ മതത്തിലും പെട്ട മലയാളികളുടെയും ജീവിത നിലവാരവും സമാധാനവും. യുദ്ധങ്ങള്‍ ഒരു രാജ്യത്തിലെ എല്ലാ പൌരന്മാരും ആഗ്രഹിച്ച് നടത്തുന്ന ഒന്നാണോ? അല്ലെങ്കില്‍ ഇതാര്‍ക്ക് വേണ്ടിയാണ്, പട്ടാളം എന്ന ഫോഴ്സ് ആരുടെ ഇച്ഛകള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് സുസജ്ജമായുള്ളത്? പട്ടിണി കിടന്നും കൊടും ശൈത്യം ഏറ്റും വെടിയുണ്ട കൊണ്ടും മറ്റും ചെറുപ്പകാരുടെ ജീവിതങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് ബലികഴിക്കപ്പെടുന്നത്? ഇവരെ ഗ്രാമങ്ങളിലേയ്ക്ക് അഴിച്ചു വിട്ടു സ്ത്രീകളെ ചവച്ചു തുപ്പുന്നതൊക്കെ ആരുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കാനാണ്? ഇന്ത്യയിലെ പ്രകൃതിസമ്പത്ത് ആരാണ് കൊള്ളയടിക്കുന്നത് ഇന്ന്?

ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്‌ വേണ്ടത് മോദിയോ യോഗിയോ എന്തിന് ഒരു കുമ്മനമോ പോലുമല്ല. കേരളത്തിന്‌ വേണ്ടത് വാട്സ്ആപ്പ് മെസേജുകള്‍ തൊണ്ടതൊടാതെ വിഴുങ്ങാത്ത, വിവേചനബുദ്ധിയുള്ള, യുക്തിബോധമുള്ള ഒരു പൊതുസമൂഹമാണ്. ദുഷ്പ്രചരണങ്ങള്‍ പടര്‍ത്തി അന്തകന്മാര്‍ ആകാത്ത പൌരന്മാര്‍ ആണ്. സ്വന്തം പ്രതിനിധികളെ കഴിവും രാഷ്ട്രീയവും നോക്കി തിരഞ്ഞെടുക്കുന്ന ജനാധിപത്യമാണ്.

മേല്‍പ്പറഞ്ഞ ദുരന്തങ്ങള്‍ ഒക്കെയുള്ള, അസമത്വം മാത്രം നടപ്പിലാക്കാന്‍ കഴിവുള്ള വലതുപക്ഷ രാഷ്ട്രീയമാണോ നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ നില്‍ക്കുന്നത്? ഹിന്ദുവിന് ഹിന്ദുവായി ജീവിച്ചു മരിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കേരളത്തില്‍, ഭീതി ഉളവാക്കുന്ന സംഘപരിവാരത്തെ ആണോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍