UPDATES

ഇന്ത്യ

രാജ്‌നാഥ് സിംഗിന് വീണ്ടും ആഭ്യന്തരം? അമിത് ഷായ്ക്ക് ധനം? സ്മൃതി ഇറാനിയ്ക്ക് പ്രധാന വകുപ്പ്? മോദി സര്‍ക്കാരിലെ വകുപ്പുകള്‍ ഇന്നറിയാം

രാജ്‌നാഥ് സിംഗിന് ഇത്തവണയും ആഭ്യന്തരം തന്നെ കിട്ടിയിലും മോദി കഴിഞ്ഞാല്‍ എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയുന്ന രണ്ടാമന്‍ അമിത് ഷാ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

                       

പ്രധാനമന്ത്രി നരേന്ദ്ര മോദിയും 57 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ എന്തായിരിക്കും എന്നത് സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍ 25 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിലുണ്ടായിരുന്ന രാജ്‌നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, ആദ്യമായി കേന്ദ്ര മന്ത്രിഭയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ക്ക് സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത. രാജ്‌നാഥ് സിംഗിന് ആഭ്യന്തരം തന്നെ ഇത്തവണയും ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഇന്നലെ പ്രധാനമന്ത്രിക്ക് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്‌നാഥ് സിംഗിന് ഇത്തവണയും ആഭ്യന്തരം തന്നെ കിട്ടിയിലും മോദി കഴിഞ്ഞാല്‍ എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയുന്ന രണ്ടാമന്‍ അമിത് ഷാ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ധനകാര്യമോ പ്രതിരോധമോ അമിത് ഷായ്ക്ക് ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 5.30നാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ചേരുന്നത്.

മോദിക്കും രാജ്‌നാഥ് സിംഗിനും അമിത് ഷായ്ക്കും ശേഷം നാലാമത് സത്യപ്രതിജ്ഞ ചെയ്തത് ബിജെപി മുന്‍ അധ്യക്ഷനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മോദി-ഷാ നേതൃത്വത്തിനെതിരെ ഒളി അമ്പുകള്‍ എയ്യുകയും ചെയ്ത നിതിന്‍ ഗഡ്കരിയാണ്. മോദിക്ക് പകരം ആര്‍എസ്എസ് കണ്ടുവച്ചിരിക്കുന്ന റിസര്‍വ് പ്രധാനമന്ത്രി എന്നാണ് ഗഡ്കരി അറിയപ്പെട്ടിരുന്നത്. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം നേടി അധികാരത്തുടര്‍ച്ച നേടിയതോടെ ബിജെപിയിലെ മോദി – ഷാ നേതൃത്വം ചോദ്യം ചെയ്യപ്പെടാത്തതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗഡ്കരിക്ക് പ്രധാന വകുപ്പ് നല്‍കുമോ എന്ന ചോദ്യമുണ്ട്. അതേസമയം മോദിയുമായും ഷായുമായും നേരിട്ടുള്ള ഏറ്റുമുട്ടലിന് ഗഡ്കരി ഇതുവരെ തയ്യാറായിട്ടില്ല.

ALSO READ: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവരുടെ അഭാവം രണ്ട് സുപ്രധാന വകുപ്പുകളില്‍ ആര് വരും എന്ന ചോദ്യമുയര്‍ത്തുന്നു. ധനകാര്യം അമിത് ഷായും വിദേശകാര്യം മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും കൈകാര്യം ചെയ്‌തേക്കാം. അമിത് ഷാ ധന മന്ത്രിയാവുകയാണ് എങ്കില്‍ നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പില്‍ തുടര്‍ന്നേക്കും. ആഭ്യന്തര വകുപ്പ് അമിത് ഷാ ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനം വീതം മാത്രം നല്‍കിയാല്‍ മതി എന്നാണ് തീരുമാനം. ഇത് അംഗീകരിച്ച ശിവസേന അരവിന്ദ് സാവന്തിനെ മന്ത്രിയാക്കി. എന്നാല്‍ മൂന്ന് മന്ത്രിമാര്‍ വേണം എന്ന് ആവശ്യപ്പെട്ട ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഒരു മന്ത്രി മാത്രമെന്ന ബിജെപി നിലപാടിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ ചേരണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഒരു എംപി മാത്രമുള്ള എഐഎഡിഎംകെയും മന്ത്രി സഭയില്‍ ചേര്‍ന്നിട്ടില്ല. അതേസമയം എഐഎഡിഎകെയിലെ വിഭാഗീയത മൂലമാണ് അവര്‍ക്ക് തങ്ങളുടെ മന്ത്രി ആരാകണം എന്ന് നിശ്ചിയിക്കാന്‍ കഴിയാത്തത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നയിക്കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് തീരുമാനം നീളാന്‍ കാരണം. യുപിയിലെ സഖ്യകക്ഷി അപ്‌നദളിന് ഇത്തവണ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അപ്‌നാ ദള്‍ നേതാവും കഴിഞ്ഞ മന്ത്രിസഭയിലെ അംഗവുമായിരുന്ന അനുപ്രിയ പട്ടേല്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍, ശിവസേനയുടെ അരവിന്ദ് സാവന്ത്, അകാലി ദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ മാത്രമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

ഒരു മന്ത്രി എന്ന ബിജെപി നിലപാട് അംഗീകരിക്കാനാവില്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍ പറഞ്ഞു. പ്രതീകാത്മക പ്രാതിനിധ്യത്തേക്കാള്‍ ആനുപാതിക പ്രാതിനിധ്യമാണ് വേണ്ടത് – നിതീഷ് പറഞ്ഞു. ബിഹാറില്‍ ഇത്തവണ 17 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് എല്ലാ സീറ്റിലും ജയിച്ചു. 17 സീറ്റില്‍ തന്നെ മത്സരിച്ച, സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ജെഡിയുവിന് ജെഡിയു 16 സീറ്റും നേടിയിരുന്നു.

ALSO READ: പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍

Share on

മറ്റുവാര്‍ത്തകള്‍