ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറിയൻ സന്ദർശനത്തിനെത്തിയ മോദി ഇന്ത്യ-കൊറിയ ബിസിനസ് സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യ 5 ട്രില്യൺ യുഎസ് ഡോളർ സാമ്പത്തിക വ്യവസ്ഥയായി പരിണമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കൂടുതൽ തുറന്ന സാമ്പത്തിക വ്യവസ്ഥയായി മാറിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 250 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.
ബിസിനസ്സ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 77ാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുള്ളത്. അടുത്ത ഒരു വർഷത്തിനുള്ളിൽ 50ാം സ്ഥാനത്തെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പ്രസ്താവിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ദക്ഷിണ കൊറിയയിലെത്തിയിരിക്കുന്നത്.
പ്രസിഡണ്ട് മൂൺ ജേ ഇന്നിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി കൊറിയയിലെത്തിയിരിക്കുന്നത്.
സിയോൾ സമാധാന സമ്മാനം
1990ല്‍ സിയോളിൽ സംഘടിപ്പിച്ച ഇരുപത്തിനാലാമത് സമ്മർ ഒളിമ്പിക്സിന്റെ വിജയത്തിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ സമാധാന സമ്മാനമാണ് സിയോൾ പീസ് പ്രൈസ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഈ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സ്വീകരിക്കാൻ കൂടിയാണ് മോദി സിയോളിലെത്തിയിരിക്കുന്നത്.
വിഖ്യാതമായ യോൻസി സർവ്വകലാശാലയിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.
Highlighting relevance of Bapu’s message in today’s world.
PM @narendramodi unveiling the bust of Mahatma Gandhi at the prestigious Yonsei University, Seoul in the presence of President @moonriver365, 1st lady Kim Jung-sook & former UN Secretary General Ban Ki-moon. #Gandhi150 pic.twitter.com/6rq1COcBgd
— Raveesh Kumar (@MEAIndia) February 21, 2019
ഇന്ത്യൻ-കൊറിയൻ സംരംഭകത്വത്തിന് പിന്തുണ നല്‍കാനായി ‘സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവ സംരംഭകരെ ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി. ഇന്ത്യ അവസരങ്ങളുടെ മണ്ണായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബിസിനസ്സുകാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെ പറഞ്ഞു. ദക്ഷിണ കൊറിയ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ദക്ഷിണ കൊറിയ ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറയുകയുണ്ടായി. ഇന്നു രാവിലെ കൊറിയൻ തലസ്ഥാനമായ സിയോളിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിനെത്തിനെത്തുന്നതിന് തൊട്ടു മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മോദി പറഞ്ഞത്. മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ക്ലീൻ ഇന്ത്യ എന്നീ പദ്ധതികളിലെ സുപ്രധാന പങ്കാളി കൂടിയാണ് കൊറിയയെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.