UPDATES

ഇന്ത്യ

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ ഋഷികുമാര്‍ ശുക്ല സിബിഐ ഡയറക്ടറാകുമ്പോള്‍

ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഡിജിപിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റിയത്.

                       

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇന്നലെ സിബിഐ ഡയറക്ടറായി നിയമിക്കപ്പെട്ട ഋഷികുമാര്‍ ശുക്ല. നിയമസഭ തിരഞ്ഞെടുപ്പ് നടക്കവേ ബൈപാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് അവധിയിലായിരുന്ന ഋഷികുമാര്‍ ശുക്ല ഡിസംബറിലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജനുവരി 30ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഡിജിപിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റിയത്.

ഋഷികുമാര്‍ ശുക്ലയെ സിബിഐ ഡയറക്ടറായി നിയമിച്ചത് സെലക്ഷന്‍ കമ്മിറ്റി അംഗമായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പോടെയാണ്. ശുക്ലയുടെ നിയമനം ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനും സുപ്രീംകോടതിയുടെ മുന്‍ വിധികള്‍ക്കും എതിരാണെന്നും ശുക്ലയ്ക്ക് അഴിമതിവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലെന്നും ഖാര്‍ഗെ പ്രധാനമന്ത്രിക്ക് നല്‍കിയ വിയോജനക്കുറിപ്പില്‍ പറയുന്നു.

1983ലെ മധ്യപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ് ശുക്ല. 1985ല്‍ റായ്പൂര്‍ എ എസ് പിയായാണ് ആദ്യ നിയമനം. 2008-09 കാലത്ത് മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റേയും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും തലവനായിരുന്നു. അതേസമയം മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവയ്പ് അടക്കം നടക്കുന്നത് ഋഷികുമാര്‍ ശുക്ല പൊലീസ് മേധാവിയായിരിക്കെയാണ്. 2017 ജൂണ്‍ ആറിന്. ആറ് കര്‍ഷകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് ശിവരാജ് സിംഗ് ചൗഹാന്റെ ബിജെപി സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയര്‍ത്തിയിരുന്നു. 2016 ഒക്ടോബറില്‍ വ്യാജ ഏറ്റമുട്ടലെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിവാദമായ ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരുടെ കൊലപാതകവും ശുക്ലയുടെ കാലത്താണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍