UPDATES

ഇന്ത്യ

കൊണാര്‍ക് സൂര്യക്ഷേത്രത്തെ പറ്റി ട്വിറ്ററില്‍ തമാശ: ഡല്‍ഹി സ്വദേശി ഒഡീഷ ജയിലില്‍; ജാമ്യമില്ല, ഇപ്പോള്‍ ആശുപത്രിയില്‍

ഒഡീഷ സംസ്‌കാരത്തേയും ജനങ്ങളേയും പുരി ജഗന്നാഥനേയും അശ്ലീല തമാശയിലൂടെ അധിക്ഷേപിച്ചു എന്നാണ് അഭിജിത്തിന് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.

                       

പുരിയിലെ കൊണാര്‍ക് സൂര്യക്ഷേത്രത്തെക്കുറിച്ച് ട്വിറ്ററില്‍ തമാശ വീഡിയോ ട്വീറ്റ് ഇട്ടതിന് ഡല്‍ഹി സ്വദേശിയെ ഒഡീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അനലിസ്റ്റ് ആയ അഭിജിത് അയ്യര്‍ മിത്രയാണ് അറസ്റ്റിലായത്. അഭിജിത്തിന് കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ആറാഴ്ച ജാമ്യമില്ലാതെ ജയിലില്‍ കിടന്ന അഭിജിതിനെ അസുഖത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദ വയര്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഡീഷ സംസ്‌കാരത്തേയും ജനങ്ങളേയും പുരി ജഗന്നാഥനേയും അശ്ലീല തമാശയിലൂടെ അധിക്ഷേപിച്ചു എന്നാണ് അഭിജിത്തിന് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.

പുരി ജില്ലയിലെ കൊണാര്‍ക് പൊലീസ് സ്റ്റേഷനിലും ഖുര്‍ദ ജില്ലയിലെ ഷഹീദ് നഗര്‍ പൊലീസ് സ്റ്റേഷനിലുമായി രണ്ട് കേസുകളാണ് അഭിജിത്തിന്റെ പേരിലുള്ളത്. ഒഡീഷ പൊലീസിന്റെ ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യം തള്ളിയ ഡല്‍ഹി കോടതി അഭിജിത്തിന് ജാമ്യം (ലിമിറ്റഡ് ബെയ്ല്‍) അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ അഭിജിത്തിനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അഭിജിത് സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം ഒക്ടോബര്‍ നാലിന് ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജീവന് ഭീഷണിയുണ്ടെങ്കില്‍ നല്ലത് ജയിലില്‍ കഴിയുകയാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. അഭിജിത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല എന്നാണ് അഭിഭാഷകന്‍ പറയുന്നത്.

അഭിജിത് മിത്രയുടെ കേസില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നവംബറില്‍ ഝാര്‍പദ ജയിലിലെ വിചാരണക്കിടെ അഭിജിത്തിന് അഭിഭാഷകനെ അനുവദിച്ചില്ല എന്ന് പരാതിയുണ്ട്. ഒഡീഷ നിയമസഭ കമ്മിറ്റിക്ക് മുന്നില്‍ ഒക്ടോബര്‍ 23ന് ഹാജരായ അഭിജിത് മിത്ര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ട്വിറ്റര്‍ തമാശയ്ക്ക് പുറമെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചിലിക തടാകത്തിന് മുകളില്‍ ഒരു ഹെലികോപ്റ്ററില്‍ വളരെ താഴ്ന്നുപറന്നു എന്ന ആരോപണവുമുണ്ട്. സുഹൃത്തായ ബിജെഡി എംപി ബൈജയന്ത് പാണ്ഡയ്‌ക്കൊപ്പമാണ് അഭിജിത്ത് ഇവിടെ സഞ്ചരിച്ചത്. അഭിജിത്തിനെ മോചിപ്പിക്കണമെന്ന് ബൈജയന്ത് പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നിശിത വിമര്‍ശകനാണ് ബൈജയന്ത്. ഈ സാഹചര്യത്തില്‍ അഭിജിത്തിന് യാതൊരു ഇളവും ഒഡീഷ സര്‍ക്കാര്‍ നല്‍കില്ലെന്നാണ് സൂചന.

Related news


Share on

മറ്റുവാര്‍ത്തകള്‍