UPDATES

കായികം

കുതിച്ച് പാഞ്ഞ് ഇന്ത്യ

മലയാളികളടക്കമുള്ള റിലേ ടീം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍, ഏഷ്യന്‍ റെക്കോര്‍ഡ്

                       

4x 400 റിലേയില്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ച് മലയാളി താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ പുരുഷ റിലേ ടീം. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2023-ന്റെ ഫൈനലിനും പ്രവേശനം നേടി. ഹീറ്റ്-1 ല്‍ ഒമ്പത് രാജ്യങ്ങള്‍ വേഗം പരീക്ഷിച്ച മത്സരത്തില്‍ യു എസ് എ-യ്ക്ക് പിന്നിലായി 2.59.05 സെക്കന്റിലായാണ് ഇന്ത്യ കുതിച്ചെത്തിയത്. 2: 58, 47 സെക്കന്റ് സമയത്തിലാണ് യു എസ് എ ഒന്നാമതായി ഓടിയെത്തിയത്. ഹീറ്റ് 1 ല്‍ നിന്നും ബ്രിട്ടനും(2:59.42) ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. രണ്ട് ഹീറ്റുകളിലുമായി വേഗമേറിയ രണ്ടാമത്തെ ടീമായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ലോക അത്‌ലറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസമായ ഞായറാഴ്ച്ചയാണ് 4×400 റിലേ ഫൈനല്‍.

മുഹമ്മദ് അനസ് യഹ്യ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ വരിയത്തൊടി, രാജേഷ് രമേഷ് എന്നിവരുടെ ടീമാണ് ഇന്ത്യയുടെ അഭിമാനതാരങ്ങളായത്. രണ്ട് ഹീറ്റുകളില്‍ ആദ്യ മൂന്നുസ്ഥാനങ്ങളില്‍ വരുന്നവരും, മികച്ച സമയം കണ്ടെത്തിയ മറ്റു രണ്ടു ടീമുകളുമാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.

2022-ലെ ഒറിഗോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍ ടീം നേടിയ 2: 59.51 സെക്കന്റ് എന്ന ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യ പുതിയ വേഗ രാജാക്കന്മാരായത്. ഇതിനൊപ്പം ദേശീയ റെക്കോര്‍ഡും അവര്‍ തങ്ങളുടെ പേരിലാക്കിയിട്ടുണ്ട്. മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ 2020 ലെ ടോക്യോ ഒളിമ്പിക്‌സില്‍ കുറിച്ച 3:00.25 എന്ന സമയമാണ് തകര്‍ന്നു വീണത്.

ട്രാക്കില്‍ ആറാമത്തെ പൊസിഷനില്‍ നിന്ന് ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയായ മുഹമ്മദ് അനസ് ആണ് ഇന്ത്യയുടെ കുതിപ്പിന് തുടക്കമിട്ടത്. അമോജ് ജേക്കബിലൂടെ വേഗം കൈവരിച്ചു. മുഹമ്മദ് അജ്മലും തന്റെ റോള്‍ പൂര്‍ണതയോടെ ചെയ്തതോടെ അവസാന ലാപ്പില്‍ രാജേഷ് രമേഷ് ഒരുഘട്ടത്തില്‍ തന്റെ യുഎസ് എതിരാളിയെ കീഴടക്കുമെന്ന ആവേശം സൃഷ്ടിച്ചുകൊണ്ടാണ് പാഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്നിലായെങ്കിലും ഒട്ടും നിരാശയില്ല, അവര്‍ നാലുപേരും രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍