പല കവികളും തങ്ങളുടെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന അനുഭവങ്ങള്‍ക്കായി യാത്രകള്‍ ചെയ്യാറുണ്ട്. ഒരു കവി നടത്തിയ അത്തരമൊരു യാത്ര തട്ടിക്കൊണ്ടുപോകലിലേക്കും ആശങ്കകള്‍ക്കൊടുവില്‍ മോചനത്തിലേക്കും നയിച്ച വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ചാരനാണെന്ന സംശയത്തിന്റെ പേരില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ് നാഗലിം- ഖാപ്ലാംഗ് സംഘടനയുടെ യുങ്-ആങ് (എന്‍ എസ്.സി.എന്‍-കെ (വൈ.എ )) വിഭാഗം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയ ചേതന്‍ രഹേജയുടെ മോചനവാര്‍ത്ത ആശ്വാസം പകരുന്നതാണെങ്കിലും, മരണത്തെ മുഖാമുഖം കണ്ട രഹേജ കഷ്ടിച്ചാണ് രക്ഷപെട്ടതെന്ന വസ്തുതയാണ് കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വെളിപ്പെടുന്നത്.
ബംഗളൂരുവില്‍ നിന്നുള്ള പുതുതലമുറ കവിയായ രഹേജ ഓഗസ്റ്റിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പുറപ്പെട്ടത്. നാഗാലാന്റിലുള്ള ഇന്‍ഡോ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വളരെ അടുത്തെത്തിയ അദ്ദേഹം, ഇന്ത്യന്‍ പട്ടാള ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു മുന്നോട്ടു പോകുകയും കൃത്യമായി വേര്‍തിരിച്ചിട്ടില്ലാത്ത അതിര്‍ത്തിപ്രദേശം കടന്നു മ്യാന്മറില്‍ എത്തുകയുമായിരുന്നു. അവിടെവെച്ച് അദ്ദേഹം നാഗാ വിമത വിഭാഗത്തിന്റെ പിടിയില്‍ അകപ്പെട്ടു. പിന്നീട് ഇന്ത്യന്‍ ഗോത്ര വര്‍ഗ നേതാക്കളും മ്യാന്മാര്‍ വിമത വിഭാഗവും നടത്തിയ ഇടപെടലുകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് രഹേജയെ മോചിപ്പിക്കാന്‍ ധാരണയായത്.
ഓഗസ്റ്റ് 23നു ആണ് രഹേജ തന്റെ യാത്രയുടെ ഭാഗമായി, ഇന്‍ഡോ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ നിന്നും വെറും 6 കിലോമീറ്റര്‍ ദൂരത്തുള്ള, കിഴക്കന്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുള്ള ലോങ്വ ഗ്രാമത്തിലെത്തുന്നത്. അന്ന് രാത്രി, മോറുങ് എന്ന് ആ ഭാഗങ്ങളില്‍ അറിയപ്പെടുന്ന, പുരുഷന്മാര്‍ക്കായുള്ള ഒരു ഹോസ്റ്റലില്‍ താമസിച്ചു. ലോങ്വയില്‍ വച്ച് അസം റൈഫിള്‍സിലെ പട്ടാളക്കാരുമായി സംസാരിച്ച രഹേജ അവരോടു അതിര്‍ത്തി കടക്കുന്നത് എങ്ങനെയെന്നു അന്വേഷിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വാണിജ്യാവശ്യങ്ങള്‍ക്കുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്നു വ്യസ്തമായി, പ്രദേശവാസികള്‍ക്ക് മാത്രമേ ഈ ഭാഗത്തുള്ള അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളു. അത് കൊണ്ട് തന്നെ ആ പട്ടാളക്കാര്‍ രഹേജയെ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
തനിക്കു കിട്ടിയ നിര്‍ദേശങ്ങള്‍ എല്ലാം അവഗണിച്ചു തുടര്‍ന്നും കിഴക്കോട്ടു സഞ്ചരിച്ച രഹേജയെ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലുള്ള പട്ടാളക്കാരും തടയാന്‍ ശ്രമിച്ചു. എന്നാല്‍, ഇന്ത്യയിലെയും മ്യാന്മാറിലെയും പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന മോണ്‍-ലോങ്വ റോഡിലൂടെ രഹേജ മുന്നോട്ടു പോയി. അന്താരാഷ്ട്ര അതിര്‍ത്തി കൃത്യമായി അതിരു കെട്ടി വേര്‍തിരിക്കാതെ കിടക്കുന്ന പ്രദേശമാണ് ലോങ്വ. ഗ്രാമത്തലവന്റെ വസതി പോലും അതിര്‍ത്തിയ്ക്കു ഇരുപുറവുമായാണ് നില്‍ക്കുന്നത്. അത്തരത്തിലുള്ള ഈ പ്രദേശത്തു കൂടെ സഞ്ചരിക്കവേ എവിടെയോ വച്ച് അറിയാതെ രഹേജ അതിര്‍ത്തി കടന്നു മ്യാന്മാറിലെത്തി.
മ്യാന്മറിലേയ്ക് കടന്ന രഹേജ ഒടുവില്‍ എത്തിയത് എന്‍ എസ്.സി.എന്‍-കെ (വൈ.എ ) വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന മേഖലയായ ചെന്‍ ലോയ്-എ ഗ്രാമത്തിലാണ്. കോണ്യാക് നാഗാ വിഭാഗത്തില്‍ പെട്ട അവിടത്തെ ഗ്രാമവാസികള്‍ രഹേജയോട് ഗ്രാമത്തിലെ പാസ്റ്ററുടെ വീട്ടില്‍ അഭയം തേടാന്‍ നിര്‍ദേശിച്ചു. പാസ്റ്ററാകട്ടെ രഹേജയെ സ്വീകരിക്കുകയും രാത്രി തന്റെ വീട്ടില്‍ തങ്ങാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ, എന്‍ എസ്.സി.എന്‍-കെ (വൈ.എ) യിലെ ആയുധധാരികളായ പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വീട്ടിലെത്തി. രഹേജ ഇന്ത്യന്‍ സര്‍ക്കാര്‍ അയച്ച ചാരനാണോ എന്നതായിരുന്നു അവരുടെ സംശയം.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍, നാഗാ മേഖലയില്‍ പ്രത്യേകിച്ചും, ഉള്ള നിരവധി വിമത വിഭാഗങ്ങളില്‍ ഒന്നു മാത്രമാണ് എന്‍ എസ്.സി.എന്‍-കെ (വൈ.എ ). പക്ഷെ, ശക്തരായ മൂന്നു എതിരാളികളോട് പൊരുതിയാണ് അവരുടെ പ്രവര്‍ത്തനം. മ്യാന്മാര്‍ ആസ്ഥാനമാക്കി സംഘടിച്ച എന്‍ എസ്.സി.എന്‍-ഖാപ്ലാംഗ് വിഭാഗം 2018 ല്‍ അതിന്റെ നേതാവായിരുന്ന എസ്. എസ് ഖാപ്ലാംഗിന്റെ മരണത്തോടെ രണ്ടായി പിളര്‍ന്നു. അതിലൊന്നായ ഖാന്‍ഗോ വിഭാഗം ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാകുകയും ക്രമേണ പ്രവര്‍ത്തനം ഇന്ത്യയിലേയ്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വൈ.എ വിഭാഗം മ്യാന്മറില്‍ തന്നെ തുടര്‍ന്നു. പിന്നീട് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ ഖാന്‍ഗോ വിഭാഗത്തിന്റെയും ഇന്ത്യന്‍ പട്ടാളത്തിന്റെയും കണ്ണിലെ കരടായി മാറിയ ഈ സംഘം മ്യാന്മാര്‍ പട്ടാളത്തിന്റെയും നോട്ടപ്പുള്ളികളായി.
ചേതന്‍ രഹേജയെ ബന്ദിയാക്കിയ എന്‍.എസ്.സി.എന്‍-കെ (വൈ.എ) പ്രവര്‍ത്തകര്‍ അയാളെ ചോദ്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയി. തങ്ങളുടെ പ്രദേശത്ത് ഒരു അപരിചിതന്റെ സാനിധ്യം ചെന്‍ ലോയ്-എ ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വിവരമറിഞ്ഞ ഇന്ത്യന്‍ സൈന്യം മധ്യസ്ഥര്‍ വഴി രഹേജയുടെ മോചനത്തിന് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ ചാരന്‍ എന്ന സംശയിക്കപ്പെട്ട രഹേജ എന്‍.എസ്.സി.എന്‍-കെ (വൈ.എ) പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടാന്‍ വരെ സാധ്യത ഉണ്ടായിരുന്നെന്ന് വിവിധ റിപോര്‍ട്ടുകള്‍ പറയുന്നു.
സ്ഥിതി ഗൗരവമായി തുടരുന്നതിനിടെ, ഇന്ത്യന്‍ പട്ടാളം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ജീവിക്കുന്ന കോണ്യാക് നാഗകളുടെ പ്രധാന സംഘടനയായ കോണ്യാക് യൂണിയനോട് സഹായം അഭ്യര്‍ത്ഥിച്ചു. കോണ്യാക് യൂണിയന്‍ മ്യാന്മറിലുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ ബന്ധപ്പെടുകയും രഹേജയുടെ മോചനത്തിനായി മുന്‍കയ്യെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രഹേജ ഇന്ത്യന്‍ ചാരനല്ലെന്നും വെറുമൊരു സഞ്ചാരി മാത്രമെന്നും തെളിയിക്കാന്‍ യൂണിയന്റെ രണ്ടു രാജ്യത്തുള്ള നേതാക്കളും ശ്രമിച്ചു കൊണ്ടിരുന്നു.
ഈ ശ്രമങ്ങളുടെ ഫലമായി, അഞ്ചു ദിവസത്തെ തടവിനു ശേഷം ഓഗസ്റ്റ് 29നു രഹേജയെ മോചിപ്പിച്ചു. ഇതോടൊപ്പം എന്‍ എസ്.സി.എന്‍-കെ (വൈ.എ) ഒരു സന്ദേശവും പുറത്തു വിട്ടു. ‘മേഖലയില്‍ സമാധാനവും ഐക്യവും പുലരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രഹേജയെ കൊല്ലാനോ അല്ലെങ്കില്‍ അയാളെ മുന്‍നിര്‍ത്തി വേറെ ആവശ്യങ്ങള്‍ നേടിയെടുക്കാനോ ഞങ്ങള്ക് നിഷ്പ്രയാസം കഴിയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ അത്തരം കാര്യങ്ങളൊന്നും ചെയ്യുന്നില്ല. ബംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് നാഗാ വിഭാഗക്കാര്‍ ജീവിക്കുന്നുണ്ട്. സമാധാനപ്രിയരായ ഒരു ജനതയായി അവരെ പരിഗണിക്കാനും കോണ്യാക് നാഗകളുടെ വിശിഷ്ട സ്വഭാവം ലോകത്തിനു ബോധ്യപ്പെടാനും ഈ നടപടി വഴിയൊരുക്കുമെന്ന് ഞങ്ങള്‍ ആശിക്കുന്നു.’
എന്‍ എസ്.സി.എന്‍-കെ (വൈ.എ) അതിര്‍ത്തിയ്ക്കപ്പുറത്തു നിന്നുള്ളവരെ സംശയത്തോടെയാണ് കാണുന്നതെന്ന് മ്യാന്‍മറിലെ ഗ്രാമവാസികള്‍ പറയുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ രഹേജയെ മോണ്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ വച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.