UPDATES

ഇന്ത്യ

ജിദ്ദയില്‍ 2016ല്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ ഇന്ത്യക്കാരനെന്ന് ഡിഎന്‍എ ഫലം

മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് കാഗ്‌സി. പൂനെയിലെ രണ്ട് സ്‌ഫോടനങ്ങള്‍ക്ക് (2010ലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം, 2012ലെ ജെഎം റോഡ് സ്‌ഫോടനം) പിന്നിലും കാഗ്‌സി ആണ് എന്നാണ് എന്‍ഐഎയുടെ നിഗമനം.

                       

സൗദി അറേബ്യയിലെ ജിദ്ദയില്‍ 2016 ജൂലായ് നാലിന് ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയത് ഇന്ത്യക്കാരനെന്ന് ഡിഎന്‍എ പരിശോധന ഫലം. ലഷ്‌കര്‍ ഇ തയിബ പ്രവര്‍ത്തകനായ ഫയാസ് കാഗ്‌സി ആണ് ചാവേര്‍ എന്നാണ് വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് കാഗ്‌സി. പൂനെയിലെ രണ്ട് സ്‌ഫോടനങ്ങള്‍ക്ക് (2010ലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം, 2012ലെ ജെഎം റോഡ് സ്‌ഫോടനം) പിന്നിലും കാഗ്‌സി ആണ് എന്നാണ് എന്‍ഐഎയുടെ നിഗമനം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് കോണ്‍സുലേറ്റിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ഔറംഗബാദ് ആയുധ കടത്ത് കേസിലടക്കം അന്വേഷണ ഏജന്‍സികള്‍ തേടിയിരുന്നയാളാണ് കാഗ്‌സി. സിബിഐയുടെയും ഇന്റര്‍പോളിന്റേയും പിടികിട്ടാപ്പുള്ളി പട്ടികയിലുള്ളയാള്‍. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ അജ്മല്‍ കസബ് അടക്കമുള്ളവരുമായി കാഗ്‌സി ബന്ധപ്പെട്ടിരുന്നതായും പറയുന്നു. ജിദ്ദ സ്‌ഫോടനത്തിന് പിന്നിലെ ചാവേറിന്റേതെന്ന് പറഞ്ഞ് സൗദി പുറത്തുവിട്ട ഫോട്ടോകള്‍ കാഗ്‌സിയുമായി സാദൃശ്യമുയെണ്ടന്ന് കണ്ടതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര എടിഎസ് (ഭീകരവിരുദ്ധ സ്‌ക്വാഡ്) കാഗ്‌സിയുടെ ഡിഎന്‍എ കഴിഞ്ഞ ഓഗസ്റ്റില്‍ സൗദിക്ക് അയച്ചുകൊടുത്തത്.

2006ലാണ് കാഗ്‌സി ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്കും അവിടെ നിന്ന് പാകിസ്ഥാനിലേയ്ക്കും കടന്നതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പിന്നീട് ഇന്ത്യക്കാരെ ലഷ്‌കറിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയിലേയ്ക്ക് മാറി. 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് കാഗ്‌സി തിരിഞ്ഞിരുന്നതായും സൂചനകളുണ്ട്. 2016 നാലിന് സൗദിയിലുണ്ടായ മൂന്ന് ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു ജിദ്ദ സ്‌ഫോടനം. ഖാത്തിഫിലെ ഷിയ പള്ളിക്ക് മുന്നിലും മദീനയിലെ മസ്ജിദ് ഇ നാബ്വിക്ക് മുന്നിലും സ്‌ഫോടനങ്ങളുണ്ടായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍