UPDATES

വിദേശം

ഇൻഡോനേഷ്യ സ്വേച്ഛാധിപത്യത്തിലേക്ക് മടങ്ങില്ല; വീണ്ടും ജോകോ വിഡോഡോ അധികാരത്തിലെത്തുമെന്ന് സൂചന

പ്രബോവോ വിജയിച്ചാൽ ഇൻഡോനേഷ്യ പഴയ സ്വേച്ഛാധിപത്യ ഭരണകാലത്തിലേക്ക് തന്നെ മടങ്ങി പോകുമെന്ന് ഇൻഡോനേഷ്യയിലെ ചില ജനാധിപത്യവിശ്വാസികൾ ഭയക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

                       

ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ തിരഞ്ഞെടുപ്പ് എന്നറിയപ്പെടുന്ന ഇൻഡോനേഷ്യൻ പൊതുതിരഞ്ഞെടുപ്പിന്റെ അനൗദ്യോഗിക ഫലങ്ങൾ പുറത്ത് വരുമ്പോൾ നിലവിലെ പ്രസിഡണ്ട് ജോകോ വിഡോഡോയ്ക്ക് മുന്‍തൂക്കമെന്ന് സൂചന. പ്രസിഡന്റ്, പാർലമെന്റ്, പ്രാദേശിക ഭരണ സംവിധാനങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുകളെല്ലാം കൂടി ഒരുമിച്ച് നടത്തപ്പെടുന്ന ഈ ദിവസം ഇന്തോനേഷ്യയിൽ മത്സരം മുറുകുന്നത് 20000 -ത്തോളം സീറ്റുകൾക്കാണ്. വിവിധ ദ്വീപുകളിലായി വിശാലമായി പരന്നുകിടക്കുന്ന ഇന്തോനേഷ്യയിൽ 193 മില്യണിലധികം ആളുകൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിഡോഡോ ഇപ്പോൾ രണ്ടാം തവണയാണ് പ്രസിഡന്റാകാൻ ഒരുങ്ങുന്നത്. തന്റെ ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് ജോക്കോവി വോട്ട് പിടിച്ചത്. രാജ്യത്തുടനീളം ഇദ്ദേഹം നിർമ്മിച്ച റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ജനങ്ങളിൽ ഇദ്ദേഹത്തെ കുറിച്ച് ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും ആ മതിപ്പ് വോട്ടുകളായി മാറിയെന്നുമാണ് അനൗദ്യോഗികമായ വിലയിരുത്തൽ. ഇന്തോനേഷ്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം നൽകിക്കൊണ്ടാണ് 2014 ൽ ഇദ്ദേഹം പ്രസിഡന്റായി ജയിച്ചുകയറുന്നത്. ഇന്തോനേഷ്യയുടെ ദീർഘകാല ഭരണാധികാരിയായിരുന്ന സുഹാർട്ടോയുടെ മരുമകനും സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡറുമായിരുന്ന പ്രബോവോ ആണ് ജോക്കോവിയുടെ മുഖ്യ എതിരാളി.

പ്രബോവോ വിജയിച്ചാൽ ഇൻഡോനേഷ്യ പഴയ സ്വേച്ഛാധിപത്യ ഭരണകാലത്തിലേക്ക് തന്നെ മടങ്ങി പോകുമെന്ന് ഇൻഡോനേഷ്യയിലെ ജനാധിപത്യവിശ്വാസികൾ ഭയക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പും പാർലമെന്ററി തിരഞ്ഞെടുപ്പും മറ്റ് പ്രാദേശിക തെരഞ്ഞെടുപ്പുകളും ഒരുമിച്ച് വന്ന ഈ വർഷം തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കാനായി മാത്രം രംഗത്തിറങ്ങുന്നത് 6000000 പ്രവർത്തകരാണ്. 810000 പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായിരുന്നു. ഇൻഡോനേഷ്യ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യരാജ്യമാണ്.

Share on

മറ്റുവാര്‍ത്തകള്‍