ലോകത്തിലെ ഏറ്റവും ധനികരായ ദമ്പതികൾ എന്നറിയപ്പെട്ടിരുന്ന ജെഫ് ബെസോസും മകെൻസി ബെസോസും തങ്ങളുടെ വിവാഹമോചന ഉടമ്പടികൾ പരസ്യപ്പെടുത്തി. ആമസോൺ കമ്പനിയുടെ മാതാപിതാക്കൾ എന്നറിയപ്പെട്ടിരുന്ന ഇവരുടെ വിവാഹമോചനത്തോടെ കമ്പനിയുടെ ഭാവി എന്താകുമെന്നതിനെപ്പറ്റി പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവിൽ രണ്ട് പേരും ട്വിറ്ററിലൂടെയാണ് വിവാഹമോചനത്തെ സംബന്ധിച്ചും തുടർന്നുള്ള പങ്കാളിത്തത്തെപ്പറ്റിയും വ്യക്തത വരുത്തിയത്. കമ്പനിയുടെ 75 ശതമാനത്തോളം ഓഹരിയും വോട്ടവകാശങ്ങളും ജെഫ് ബെസോസിന് മാത്രം ഏല്പിച്ചുകൊണ്ടാണ് വിവാഹ മോചിതയാകുന്നതെന്ന് മകെൻസി ട്വീറ്റ് ചെയ്തു.
ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആണെങ്കിലും മക്കെൻസിയാണ് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന് പറയാനാകില്ല. 143 മില്യൺ ഡോളർ ആസ്തിയുള്ള ഇരുവരും ലോകത്തിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള ദമ്പതികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹ മോചനത്തെ തുടർന്ന് ജെഫിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ് എന്ന മാധ്യമസ്ഥാപനത്തിന്റെ മേലുള്ള അവകാശങ്ങളെല്ലാം മക്കെൻസി ജെഫിനെ ഏൽപ്പിക്കും.
ആമസോൺ കമ്പനിയെ ഇനി പൂർണ്ണമായും ജെഫ് ബെസോസ് തന്നെയായിരിക്കും നയിക്കുക. 1994 ൽ ഓൺലൈൻ പുസ്തക കച്ചവട സ്ഥാപനമായാണ് ആമസോൺ ആരംഭിക്കുന്നത്. പിന്നീട് എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന വലിയ ഒരു സ്ഥാപനമായി ആമസോൺ വളരുകയായിരുന്നു. ആമസോൺ കമ്പനിയുടെ ഏറ്റവുമധികം ഓഹരികളുടെ ഉടമ ബെസോസ് തന്നെയാണ്.
ജനുവരി മാസം മുതൽ തന്നെ ഈ ധനിക ദമ്പതികൾ വിവാഹ മോചനത്തെക്കുറിച്ച് ആലോചിച്ച് വരികയായിരുന്നു. വേർപിരിഞ്ഞ് താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും തുടർന്നും ഏറ്റവുമടുത്ത സുഹൃത്തുക്കളായി തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ജെഫുമായി വേര്പിരിയുകയാണെന്നും ഇത്രയും വർഷങ്ങൾ തങ്ങളെ രണ്ടാളെയും പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നുമായിരുന്നു മക്കെൻസിയുടെ പുതിയ ട്വീറ്റ്.