UPDATES

വിദേശം

ട്രംപിനെ കാണാന്‍ വന്ന ആ ചൈനിസ് യുവതി ആരാണ്? അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി

അടിയന്തിരമായി മാർ എ ലോഗോയിൽ എത്താനും അവിടെയെത്തി ട്രംപിന്റെ അടുത്ത ആളുകളെ പരിചയപ്പെട്ട് ചൈനീസ് അമേരിക്കൻ സാമ്പത്തിക ബന്ധങ്ങളെകുറിച്ച് ചർച്ച ചെയ്യാനുമായിരുന്നു അജ്ഞാത സുഹൃത്തിൽ നിന്നും യുവതിക്ക് ലഭിച്ച നിർദ്ദേശം.

                       

കയ്യിൽ നാല് ഫോണുകൾ, രണ്ട് പാസ്സ്പോർട്ടുകൾ, മാൽ വെയറുള്ള മറ്റൊരു ഡിവൈസ്, അവ്യക്തമായ ചൈനീസ് ഭാഷയിൽ പരസ്പര വിരുദ്ധമായ ആവശ്യങ്ങളും  മറുപടികളും… ഇങ്ങനെ ഒരു ചൈനീസ് യുവതിയെ ഫ്ലോറിഡയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നു. എന്തിന് ഇങ്ങോട്ട് വന്നു എന്ന ചോദ്യത്തിന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മാർ എ ലോഗോ ക്ലബ്ബിൽ വെച്ച് നടക്കുന്ന പ്രൈവറ്റ് മീറ്റിങ്ങിൽ പങ്കെടുക്കാനാണെന്നാണ് മറുപടി. ദുരൂഹതകൾ അവിടെയും അവസാനിക്കുന്നില്ല. സ്വകാര്യ ചടങ്ങിലേക്ക് ആരാണ് നിങ്ങളെ ക്ഷണിച്ചതെന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചാൾസ് എന്ന ഒരു സുഹൃത്തെന്ന് മാത്രം ഉത്തരം. ഫ്ലോറിഡയിൽ നിന്നും പിടികൂടിയ ചൈനീസ് യുവതി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയാകുകയാണ്.

കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ യൂജിങ് സാങ് എന്ന മുപ്പത്തി രണ്ടുകാരിയെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നത്.  സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചൈനീസ് ഭാഷ അത്ര വശമില്ലാത്തതിനാൽ യുവതി പറയുന്നതെന്തെന്ന് ഉദ്യോഗസ്ഥർക്ക് അത്ര വ്യക്തമാകുന്നുണ്ടായിരുന്നില്ല. തെളിവിനായി യുവതി പാസ്സ്പോര്ട്ടും ചൈനീസ് ഭാഷയിൽ എഴുതിയ ചില രേഖകളും കാണിച്ചു. ട്രംപിന്റെ ക്ലബിലെ അംഗങ്ങളുടെ പട്ടികയില്‍ ഴാങിന്റെ പേരിന് സാമ്യമുള്ള വ്യക്തിയുണ്ടായിരുന്നു. ഇവരുടെ ബന്ധുവാണോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല.

എന്നാല്‍ ക്ലബ്ബിലെത്തിയ ഴാങ് അവിടുത്തെ റിസപ്‌ഷനിസ്റ്റിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. താൻ ഐക്യരാഷ്ട്രസഭയുടെ ചൈനീസ് അമേരിക്കൻ സംഘടനയുടെ പ്രതിനിധിയാണെന്നും സഭയുടെ യോഗത്തിനായാണ്  ക്ലബ്ബിലെത്തിയതെന്നുമായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ ക്ലബ്ബിൽ അന്നേ ദിവസം അങ്ങനെ ഒരു യോഗം നടക്കുന്നില്ലെന്ന് ക്ലബിലെ അധികൃതർ അറിയിച്ചപ്പോൾ മീറ്റിങ്ങ് അടുത്ത ദിവസമാണ്, താൻ ക്ലബ്ബും പരിസരങ്ങളുമായി ഒന്ന് പരിചയപ്പെടാനും സ്ഥലങ്ങൾ കാണാനും  നേരത്തെ എത്തിയെന്നേയുള്ളൂ എന്നാണ് ഇവർ മറുപടി പറഞ്ഞത്.

എന്നാല്‍ ഈ പറഞ്ഞതൊന്നുമല്ല, വീ ചാറ്റ് എന്ന ചാറ്റിങ് ആപ്പിലൂടെ മാത്രം പരിചയമുള്ള ചാൾസ് എന്ന സുഹൃത്ത് പറഞ്ഞത് കൊണ്ടാണ് യുവതി ഫ്ലോറിഡയിൽ എത്തിയതെന്നാണ് സൂചന. അടിയന്തിരമായി മാർ എ ലോഗോയിൽ എത്താനും അവിടെയെത്തി ട്രംപിന്റെ അടുത്ത ആളുകളെ പരിചയപ്പെട്ട് ചൈനീസ് അമേരിക്കൻ സാമ്പത്തിക ബന്ധങ്ങളെകുറിച്ച് ചർച്ച ചര്‍ച്ചചെയ്യാനുമായിരുന്നവത്രെ യുവതിക്ക് ലഭിച്ച നിര്‍ദ്ദേശം. ഇതനുസരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഏന്തായാലും അവരുടെ സുഹൃത്തിനെക്കുറിച്ചും അവരുടെ കൈയിലുണ്ടായിരുന്ന ഉപകരണത്തില്‍ കണ്ട മാല്‍വയറിനെക്കുറിച്ചും അന്വേഷിക്കുകയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ .

Share on

മറ്റുവാര്‍ത്തകള്‍