‘അബ്രഹാമിന്റെ സന്തതികള്‍” എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച ആന്‍സന്‍ പോള്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി ഗ്യാംബ്ലര്‍. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന് ശേഷം ടോം എമ്മാട്ടി കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ അനു ചന്ദ്രയുമായി പങ്കു വയ്ക്കുകയാണ് സംവിധായകന്‍ ടോം എമ്മാട്ടി.
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണവുമായാണല്ലോ ദി ഗ്യാംബ്ലര്‍ തീയേറ്ററുകളില്‍ എത്തുന്നത്?
വാസ്തവത്തില്‍ ദി ഗ്യാംബ്ലര്‍ എന്ന സിനിമ ഒരിയ്ക്കലും ഒരു സൂപ്പര്‍ ഹീറോ മൂവി അല്ല. ഒരു കുടുംബചിത്രം മാത്രമാണ്. മാധ്യമങ്ങള്‍ വിവരങ്ങള്‍ കേട്ട് കഴിഞ്ഞു ഓരോന്നു എഴുതിപ്പിടിപ്പിക്കുക മാത്രമാണ് സത്യത്തില്‍ ഉണ്ടായത്. സൂപ്പര്‍ ഹീറോയുടെ ഒരു ഡ്രീം സീക്വന്‍സ് മാത്രമാണ് ഈ സിനിമയില്‍ വരുന്നത്. അതായത് ആന്‍സന്‍ ചെയ്യുന്ന കഥാപാത്രം സൂപ്പര്‍ ഹീറോ ആയി ഒരു ഡ്രീം സീക്വന്‍സില്‍ കടന്നു വരുന്നുണ്ട്. വാസ്തവത്തില്‍ നമ്മള്‍ ഈ സിനിമയിലൂടെ ഗെയിം ആപ്പ്‌ളിക്കേഷന്‍ introduce ചെയ്യുന്നുണ്ട്. io ഗെയിം എന്ന അപ്പ്‌ളിക്കേഷന്‍ ആണത്. അത് android epw playstore ലും ലഭ്യമാണ്. അതിന്റെ ഇന്‍ട്രോ ആയിട്ടുള്ള ചെറിയ ഒരു സീക്വന്‍സ് ആണ് നമ്മള്‍ ഈ സിനിമയില്‍ കൊടുത്തിട്ടുള്ളത്. പിന്നെ ലൈഫ് ഗ്യാംബ്‌ളിങ് ആണെന്നുള്ള ഒരു കണ്‍സപ്റ്റിലൂടെ ആണ് നമ്മള്‍ ഈ സിനിമ മുന്‍പോട്ട് കൊണ്ട് പോയിട്ടുള്ളത്. ഒരു അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രത പറയുന്ന ഒരു സിനിമ തന്നെയാണ് ഇത്.
ആന്‍സന്‍ പോളിന്റെ ആറു വയസുകാരന്‍ മകനായി താങ്കളുടെ മകന്‍ ജോര്‍ജ് എമ്മാട്ടി അഭിനയിക്കുന്നുവല്ലോ ഈ ചിത്രത്തില്‍?
ഈ സിനിമയ്ക്കും മുന്‍പേ തന്നെ മമ്മുക്ക നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ ആന്‍സന്‍ പോളിന്റെ ബാല്യം കൈകാര്യം ചെയ്ത ബാലനടന്‍ കൂടിയാണ് ജോര്‍ജ് എമ്മാട്ടി. ആ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഹനീഫ് അദേനി മോനെ വിളിക്കുന്നത്. അവിടെ വെച്ചു ആന്‍സന്റെ കുട്ടിക്കാലം അവന്‍ ചെയ്തു. പിന്നെ അതിന് ശേഷം ഞാനും ആന്‍സനും തമ്മില്‍ ഈ സിനിമയുടെ കഥ ഡിസ്‌കസ് ചെയുന്ന സമയത്ത് ആന്‍സന്റെ കുട്ടിക്കാലമായി വളരെ സ്വഭാവികമെന്ന നിലയില്‍ ജോര്‍ജിന്റെ മുഖമാണ് മനസില്‍ വന്നത്.
അച്ഛന്‍ സംവിധാനം മകന്‍ അഭിനയം. ആ അനുഭവം?
ആ പ്രോസസ് വലിയ കുഴപ്പമില്ലാത്ത രീതിയില്‍ മുന്‍പോട്ട് പോയിട്ടുണ്ട്. പിന്നെ ഞാന്‍ പണ്ട് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ അവന്‍ ആയിരുന്നു അഭിനയിച്ചിരുന്നത്. അന്ന് അവനെ അഭിനയിപ്പിച്ചെടുത്തപ്പോള്‍ അവന്‍ കുഴപ്പമില്ലാതെ പെര്‍ഫോം ചെയ്യുന്നതായി എനിക്ക് തോന്നി. പിന്നെ അബ്രാമിന്റെ സന്തതികളില്‍ ആണെങ്കിലും അവന്‍ തരക്കേടില്ലാത്ത പെര്‍ഫോം ചെയ്തു എന്നാണ് എന്റെ അഭിപ്രായം. പിന്നെ രാവിലെയും രാത്രിയിലും എല്ലാം ഈ സിനിമയില്‍ അവന് ഷൂട്ട് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ളതിനാല്‍ വര്‍ക്ക് ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് ഇല്ലാതെ മുന്‍പോട്ട് പോയി. പിന്നെ മകനും അച്ഛനും തമ്മിലുള്ള ആത്മബന്ധം പറയുന്ന ഈ ചിത്രം പോലും ഒരു റിയല്‍ ലൈഫ് ആയി പോവുകയാണ് ഇവിടെ ചെയ്യുന്നത്. തീര്‍ച്ചയായും ഈ കഥയിലോ സിനിമയിലോ ഞങ്ങളുടെ ജീവിതവും സ്വാധീനിച്ചിരിക്കണം.
മെക്‌സിക്കന്‍ അപാരതക്ക് ശേഷം ടോം എമ്മാട്ടി-പ്രകാശ് വേലായുധന്‍ കൂട്ടുക്കെട്ട് വീണ്ടും സംഭവിക്കുകയാണല്ലോ ഈ സിനിമയിലൂടെ?
മെക്‌സിക്കന്‍ അപാരത ആണ് എന്റെ ആദ്യ സിനിമ. അതിനു ശേഷം പിന്നീട് ചെയുന്ന സിനിമയാണ് ഇത്. ഈ രണ്ട് സിനിമയിലും ഛായാഗ്രാഹകന്‍ പ്രകാശ് വേലായുധന്‍ ആണ്. ഞാന്‍ പരസ്യങ്ങള്‍ ഒക്കെ ചെയുന്ന കാലത്ത് പ്രകാശ് ആയിരുന്നു ക്യാമറ ചെയ്തിരുന്നത്. അക്കാലങ്ങളില്‍ തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല കെമിസ്ട്രി വര്‍ക്ക് ഔട്ട് ആയിരുന്നു. ഞാന്‍ ആവശ്യപ്പെടുന്ന ഔട്ട് അല്ലെങ്കില്‍ അതില്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ഔട്ട് തരാന്‍ ആള്‍ക്ക് കഴിഞ്ഞിരുന്നു. പിന്നെ നമ്മള്‍ പറയുന്ന പരീക്ഷണാത്മകമായ ശ്രമങ്ങള്‍ക്കൊപ്പവും ആള്‍ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്നു എന്നതാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ഏറെ തൃപ്തികരം. മെക്‌സിക്കന്‍ അപാരത ചെയ്ത സമയത്ത് യൂണിറ്റ് ഒന്നും ഇല്ലാതെ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ക്യാമറ എടുത്തു അവൈലബിള്‍ ലൈറ്റില്‍ മാത്രമാണ് ഷൂട്ട് ചെയ്തത്. അത്തരം ഒരു ശ്രമത്തിനും ആള്‍ കൂടെ നിന്നു. നമ്മള്‍ പറഞ്ഞ രീതിയില്‍ അത് ചെയ്തു തന്നു. മറ്റു ക്യാമറമാന്‍മാര്‍ എത്രത്തോളം ഇത്തരത്തിലൊന്നിന് സഹകരിക്കും എന്ന് എനിക്കറിയില്ല.
നായികയായി പുതുമുഖം ആണല്ലോ എത്തുന്നത്?
ഡയാന ഹമീദ് എന്നാണ് നായികയായി വരുന്ന കുട്ടിയുടെ പേര്. നമ്മള്‍ ഇതില്‍ ക്രിയേറ്റ് ചെയുന്നത് റിയലിസ്റ്റിക് മൂഡില്‍ ഉള്ള ഒരു ഫാമിലി ആണ്. അതിന് നിലവിലുള്ള നായികമാരെ കൊണ്ട് വരുന്നതിനെക്കാള്‍ കുറച്ചു കൂടി നല്ലത് ഒരു പുതുമുഖ നായിക ആണെന്ന് തോന്നി.
സിനിമയുടെ മറ്റു വിശേഷങ്ങള്‍?
ഇത് ഒരിക്കലും ഒരു സൂപ്പര്‍ ഹീറോ മൂവി അല്ല. ഒരു ഫാമിലി entertainer ആണ്. എല്ലാവരും സിനിമ കാണുക.