UPDATES

ട്രെന്‍ഡിങ്ങ്

ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല

ഈ ജനങ്ങള്‍ അര്‍ഹിക്കുന്നത് നിങ്ങളെയല്ല അഫ്‌സപയാണ് എന്ന് തോന്നിപ്പോകുന്നു. അവര്‍ നിങ്ങളെ മാത്രമല്ല വഞ്ചിച്ചത്. അവര്‍ അവരെക്കൂടിയാണ് വഞ്ചിച്ചത്. ഈ ആത്മവഞ്ചനയ്ക്ക് ചരിത്രം മാപ്പ് നല്‍കാനിടയില്ല.

                       

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിളയ്ക്ക് ലഭിച്ചിരിക്കുന്നത് വെറും 90 വോട്ടാണ്. നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ ഇറോമിന് കെട്ടിവച്ച പണം പോലും നഷ്ടമാകുന്ന അതിദയനീയ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു തോല്‍വി തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഏറെ ദു:ഖകരം തന്നെയാണ്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും അത് ശരിയേയോ തെറ്റിനേയോ നന്മയേയോ തിന്മയേയോ നിര്‍ണയിക്കാന്‍ കഴിയുന്നതല്ലെന്നും നമുക്കറിയാം. ചരിത്രത്തില്‍ അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ജനവിധിയെ മാനിക്കുമ്പോള്‍ തന്നെയും വെറും 90 പേര്‍ മാത്രമാണ് ഇറോം ശര്‍മ്മിളയെന്ന മണിപ്പൂരിന്റെ സമാനതകളില്ലാത്ത പോരാട്ട നായികയ്ക്ക് വോട്ട് ചെയ്തത് എന്നത് തീര്‍ത്തും നിരാശാജനകമായ കാര്യമാണ്.

ജീവിതത്തിലെ 16 വര്‍ഷം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി, സ്വതന്ത്രമായ അതിജീവനത്തിന് വേണ്ടി, തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളും സുഖസൗകര്യങ്ങളും മാറ്റിവച്ച് മരിക്കാന്‍ സന്നദ്ധയായി പൊരുതിയ വ്യക്തിയാണ് ഇറോം ശര്‍മ്മിള. 2000 നവംബറില്‍ മണിപ്പൂരിലെ മാലോമില്‍ ബസ് കാത്തുനിന്ന സാധാരണക്കാരെ ആസാം റൈഫിള്‍സ് സൈനികര്‍ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) അഥവാ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഇറോം ശര്‍മ്മിളയുടെ ഐതിഹാസിക സമര കാലത്തിനിടയില്‍ മണിപ്പൂരിലും ഇന്ത്യയിലും ലോകത്തും ഒട്ടേറെ സംഭവങ്ങളുണ്ടായി. മണിപ്പൂരില്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലകളും ബലാത്സംഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ബാധം തുടര്‍ന്നു. മനോരമ ദേവിയടക്കം നിരവധി പേര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പൈശാചികതയ്ക്ക് ഇരയായി കൊല്ലപ്പെട്ടു. ഇംഫാലിലെ ആസാം റൈഫിള്‍സ് ആസ്ഥാനത്ത് ഇന്ത്യന്‍ ആര്‍മി, റേപ്പ് അസ് എന്ന് പറഞ്ഞ് മണിപ്പൂരിലെ അമ്മമാര്‍ പൂര്‍ണനഗ്നരായി പ്രകടനം നടത്തുകയും മനസാക്ഷിയുളളവരേയും ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരേയും അത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇറോം തന്റെ ഐതിഹാസിക പോരാട്ടം തുടര്‍ന്നു. അവര്‍ മണിപ്പൂരിന്റെ ഉരുക്ക് വനിതയായി. മണിപ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന പേരും മുഖവും അവരുടേതായി. അങ്ങനെയുള്ള ഇറോം ശര്‍മ്മിള തങ്ങള്‍ക്ക് ആരുമല്ലെന്നാണ് തൌബാല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെങ്കിലും പറഞ്ഞിരിക്കുന്നത്.

ഇറോമിന്റെ പ്രശസ്തിയും മാധ്യമ ശ്രദ്ധയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ചുറ്റുമുള്ള പലരും ഉപയോഗിച്ചു. രക്തസാക്ഷിയാവാന്‍ തയ്യാറുള്ള ഇറോമിനെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണമായിരുന്നു. എന്നാല്‍ ജീവിച്ച് കൊണ്ട് പുതിയ പോരാട്ട പാത തുറക്കാന്‍ താല്‍പര്യപ്പെടുന്ന ഇറോമിനെ ആര്‍ക്കും വേണ്ട. ഇറോമിന്റെ വ്യക്തി ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും അവരുടെ പ്രണയവും സമുദായ താല്‍പര്യങ്ങളും ഒക്കെയായിരുന്നു അവര്‍ക്ക് ചുറ്റുമുളള നന്ദികെട്ട മനുഷ്യരുടെ പ്രധാന പ്രശ്‌നങ്ങള്‍. നിരാഹാരസമരം അവസാനിപ്പിച്ച് പുതിയ പോരാട്ട വഴികളിലേയ്ക്ക് കടക്കുമ്പോള്‍ വലിയ പ്രത്യാശയാണ് ഇറോം പങ്കുവച്ചത്. പിന്നീട് ഇറോം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ ഒറ്റപ്പെടുകയും അധിക്ഷേപിക്കപ്പെടുകയുമാണ് എന്ന വാര്‍ത്തകള്‍ വന്നു. ആരാലും പരിഗണിക്കപ്പെടാതെ ഒരു സൈക്കിള്‍ ഓടിച്ചു പോകുന്ന നിസഹായയായ ഇറോം ശര്‍മ്മിള വേദനിപ്പിക്കുന്ന കാഴ്ചയായി. ഞാന്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകാനാണ് മത്സരിക്കുന്നത് എന്നാണ് ഇറോം ഒരിക്കല്‍ പറഞ്ഞത്. മണിപ്പൂരിന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെ തന്നെയാണ് അവര്‍ ജനവിധി തേടിയതും. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്നോ മുഖ്യമന്ത്രിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നോ അവര്‍ വിചാരിച്ചിരുന്നോ എന്ന് അറിയില്ല. മറ്റാരും അത് പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. എന്നാല്‍ വെറും 90 പേര്‍ മാത്രമേ അവര്‍ക്ക് വോട്ട് ചെയ്തൂള്ളൂ എന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്.

Also Read: ഇറോം ശര്‍മ്മിളയ്ക്ക് സ്‌നേഹപൂര്‍വ്വം

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്ന പാര്‍ട്ടി മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ സമീപകാലത്ത് എന്തെങ്കിലും ചലനമുണ്ടാക്കുമെന്ന് തോന്നുന്നില്ല. നിലവില്‍ തിരഞ്ഞെടുപ്പ്
രാഷ്ട്രീയത്തില്‍ ആ പാര്‍ട്ടി അപ്രസക്തമാണ്. ഇറോം ശര്‍മ്മിള എന്ന ഒറ്റ വ്യക്തിക്ക് അതിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഈ ജനങ്ങള്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല ഇറോം, നന്ദികെട്ട ജനത എന്ന് വിളിച്ചാല്‍ അത് അല്‍പ്പം പോലും അധിക്ഷേപമാവില്ല. പക്ഷെ അവര്‍ നിങ്ങളെ മാത്രമല്ല വഞ്ചിച്ചത്. അവര്‍ അവരെക്കൂടിയാണ് വഞ്ചിച്ചത്. ഈ ആത്മവഞ്ചനയ്ക്ക് ചരിത്രം മാപ്പ് നല്‍കാനിടയില്ല. അതേസമയം ഇറോം ശര്‍മ്മിള എന്ന പോരാട്ടം ഇതോടെ അവസാനിക്കുമെന്ന് കരുതാനാവില്ല. പ്രതീക്ഷകളെ അങ്ങനെ കുഴിച്ചുമൂടാന്‍ അവര്‍ക്ക് കഴിയില്ല. താന്‍ രാഷ്ട്രീയമോ തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ വ്യക്തമാക്കിയിടുണ്ട്. ഈ തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും 2019ലെ ലോക്സ്ഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ഇറോം ശര്‍മ്മിള പറഞ്ഞിരിക്കുന്നു. “ജനങ്ങളുടെ നിലപാട് എല്ലാക്കാലത്തും ഒരു പോലെ ആയിക്കോളണമെന്നില്ല. പണവും അധികാരശക്തിയുമെല്ലാം തിരഞ്ഞെടുപ്പുകളെ ബാധിക്കുന്നുണ്ട്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കുള്ള മാറ്റമാണ് അധികാരത്തിലൂടെ നേടേണ്ടത്” – ഇറോം ശര്‍മ്മിള പറഞ്ഞു.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍