UPDATES

ട്രെന്‍ഡിങ്ങ്

അങ്ങനെ ഐഎസ്എല്‍ കഴിഞ്ഞു; ഇനി ഈ വ്യവസായികളുടെ ഫുട്ബോള്‍ താത്പര്യം എന്താണെന്ന് കൂടി പറയൂ

ഐ.എസ്.എല്‍; കേരളത്തിന്‍റെ നീക്കി ബാക്കിയെന്ത്?

                       

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മൂന്നാം എഡീഷന്‍ അവസാനിച്ചു. ഏതാണ്ട് 80 ദിവസത്തോളം ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരങ്ങള്‍ക്കാണ് ഞായറാഴ്ച കൊച്ചിയില്‍ തിരശ്ശീല വീണത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ഫുട്ബോള്‍ മാമാങ്കം ഇവിടെ മുടങ്ങാതെ നടക്കുന്നുണ്ട്. ഫുട്ബോളിനെ പരിപൂര്‍ണ്ണമായും കച്ചവടവത്ക്കരിക്കുന്ന കാഴ്ചയാണ് മൂന്നു വര്‍ഷത്തെ അനുഭവത്തില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുന്നത്. മൂന്നാം എഡീഷന്‍ പൂര്‍ണ്ണ വിജയമാണെന്നാണ് സംഘാടകരും മുഖ്യധാര മാധ്യമങ്ങളും കാണികളായെത്തിയ പതിനായിരങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത്.

ആവശത്തിലാറാടിയ കൊച്ചിയിലെ കലാശക്കളിയില്‍ ആർത്തിരമ്പിയെത്തിയ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ സൃഷ്ടിച്ച മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഐഎസ് എല്‍ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്ത വിജയിച്ചു. ഷൂട്ടൗട്ടിലൂടെ 3-4നാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ കൊല്‍ക്കത്ത തോല്‍പ്പിച്ചത്.

കൊച്ചിയിലെ ഐ.എസ്.എല്‍. ഫൈനല്‍ കനത്ത സുരക്ഷവലയത്തിലാണ് നടന്നത്. സ്‌റ്റേഡിയത്തിനു അകത്തും പുറത്തുമായി വലിയ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ബാഗുകള്‍, ഹെല്‍മറ്റ്, വെള്ളക്കുപ്പികള്‍, വലിയ ഡ്രമ്മുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്‌റ്റേഡിയത്തിലേക്കു കടത്താന്‍ അനുവദിച്ചില്ല. മൂന്നു വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ടിക്കറ്റ് വേണമെന്നും 18 വയസിനു താഴെയുള്ള കുട്ടിക്കൊപ്പം ടിക്കറ്റുള്ള ഒരു രക്ഷിതാവ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൗരവ് ഗാംഗുലി, പ്രഫുല്‍ പട്ടേല്‍, നിത അംബാനി മുതലായ നിരവധി വി.ഐ.പികള്‍ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. നേരത്തേ കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കിടെ ആരാധകര്‍ അക്രമം നടത്തി നാശനഷ്ടം വരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പിന്നീടുള്ള മത്സരങ്ങള്‍ കര്‍ശന സുരക്ഷയിലാണ് നടന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്ബോളിന് പ്രത്യേകിച്ച് കേരളത്തിലെ കായിക രംഗത്തിനെന്ത് ബാക്കിവെയ്കുന്നുവെന്ന് പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്.

isl5

എന്താണ് ഇന്ത്യല്‍ സൂപ്പര്‍ ലീഗ്?  ആരാണിതിന്‍റെ സംഘാടകര്‍?
ഐ.എം.ജി. എന്ന പേരില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയും റിലയന്‍സും ചേര്‍ന്നുള്ള ഒരു കൂട്ടുസംരംഭമാണ് രാജ്യത്ത് ഐ.എസ്.എല്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. സ്പോര്‍ട്സ് , ഫാഷന്‍ തുടങ്ങിയവ വ്യവസായികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഒരു വലിയ ഈവന്റ് മാനേജ്മെന്‍റ്  ഗ്രൂപ്പാണ് ഐ.എം.ജി. ഏതാണ്ട് 30 രാജ്യങ്ങളില്‍ ഈ കമ്പനി അവരുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത്-സൗത്ത് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആസ്ട്രേലിയ, ഏഷ്യാ പസഫിക്ക് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളെല്ലാം ഐ.എം.ജിയുടെ പ്രവര്‍ത്തന മേഖലകളില്‍പ്പെടുന്നു.

ഈ നാടുകളിലെല്ലാം ലാഭാധിഷ്ഠിതമായി വിവിധ തരത്തിലുള്ള കായികമേളകള്‍, ഫാഷന്‍ ഷോകള്‍, സൗന്ദര്യമത്സരങ്ങള്‍, ഇവന്‍റ്  മാനേജ്മെന്‍റ്  പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഐ.എം.ജി. നേതൃത്വം നല്‍കി വരുന്നു. കൂടാതെ കായിക പരിശീലനവും അതിന്‍റെ മാര്‍ക്കറ്റിങ്ങും ഈ കമ്പനിയുടെ മുഖ്യ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എം.ജിയും മുകേഷ് അംബാനിയുടെ റിലയന്‍സും ചേര്‍ന്നുകൊണ്ടുള്ള ഐ.എം.ജി – റിലയെന്‍സും മാധ്യമരംഗത്തെ അതികായരായ സ്റ്റാര്‍ ഇന്ത്യയും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൈകോര്‍ക്കുമ്പോള്‍ അതിന്‍റ കച്ചവടതാത്പര്യങ്ങള്‍ എങ്ങനെയാണ് പൂര്‍ണ്ണമാകുന്നുവെന്നത് നമുക്ക് കാണാം. മുന്‍ വ്യോമയാനമന്ത്രിയും എന്‍.സി.പി നേതാവും വലിയ വ്യവസായിയുമായ പ്രഫുല്‍ പട്ടേല്‍ എം.പി.യുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും ഐ.എസ്.എല്‍. സംഘടനത്തിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കുന്നുണ്ട്. 2014ലാണ് ഐ.എസ്.എല്‍. ആരംഭിക്കുന്നത്. ഇപ്പോള്‍ മൂന്ന് സീസണ്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ഇന്ത്യല്‍ സൂപ്പര്‍ ലീഗ്  കളിക്കുന്ന ടീമുകളെകുറിച്ച്
എട്ട് ടീമുകളാണ് ഐ.എസ്.എല്‍ കളിക്കുന്നത്. റിലയന്‍സ് പോലെ അത്ര വമ്പന്‍മാരല്ലെങ്കിലും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരന്മാരാണ് ഈ ടീമുകളുടെ പ്രമോട്ടര്‍മാര്‍. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന വലിയ കമ്പനികളാണ് ടീമുകളെ  സംഘടിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും. രാജ്യത്തെ പ്രധാനപ്പെട്ട 8 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ മെട്രോ നഗരങ്ങളുടെ പേരിലാണ് ഈ ടീമുകള്‍ രൂപീകരിച്ചിരിക്കുന്നത്. അത് ഈ ടീമുകള്‍ക്ക് ആവേശം പകരുന്ന കാണികളേയും ആരാധകരേയും സൃഷ്ടിക്കുന്നതിനായി ബോധപൂര്‍വം ചെയ്തിട്ടുള്ളതാണെന്നും നമുക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല.

താഴെ പറയുന്ന ടീമുകളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരേയും അവരുടെ തട്ടകങ്ങളെക്കുറിച്ചും പരിശോധിക്കുമ്പോള്‍ ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഈ ടീമുകളെ ഫുട്ബോള്‍ ക്ലബ്ബ് എന്ന് വിളിക്കുന്നതില്‍  അര്‍ഥമില്ല, പൂര്‍ണ്ണമായും ലാഭം പ്രതീക്ഷിച്ച് നടത്തുന്ന കമ്പനികള്‍ തന്നെയാണിവയെല്ലാം.

isl6

അത്ലറ്റിക്കൊ ഡി കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ദാദയെന്നറിയപ്പെടുന്ന പ്രമുഖ ക്രിക്കറ്ററായ സൗരവ് ഗാംഗുലിയാണ് ഈ ഫുട്ബോള്‍ കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ സ്പാനീഷ് ഫുട്ബോളിലെ അതികായകരായ ആല്‍ഡ്രിഡോ മാര്‍ഡ്രിഡ് എന്ന  ക്ലബ്ബ്, രാജ്യത്താകമാനം വ്യാപിച്ചു കിടക്കുന്ന ബിസിനസ് ഗ്രൂപ്പായ അംബുജ നോട്ടിയ ഗ്രുപ്പിന്‍റെ തലവന്‍ ഹര്‍ഷവര്‍ദ്ധനന്‍ നോട്ടിയ, ബിസിനസ് മാഗ്നറ്റുകളായ സജ്ജീവ് ഗോയങ്കെ (പ്രധാന വ്യവസായം – ഊര്‍ജ്ജോത്പാദനം-വിതരണം,  രാജ്യവ്യാപകമായി റിട്ടെയില്‍ വ്യാപാര ശൃഖല മുതലായവ), ഉത്സവ് പ്രകാശ് (ഷെയര്‍-കാപ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ബാങ്കിങ്ങ് വ്യവസായി) എന്നിവരെല്ലാമാണ് പശ്ചിമ ബംഗാളിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടിയെന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ള അറ്റ്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഉടമസ്ഥര്‍. അറ്റ്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ മുഴുവന്‍ പാര്‍ട്ണര്‍മാരും ശതകോടികള്‍ മൂലധനമുള്ള വമ്പന്‍ വ്യവസായ ശൃംഖലകളുടെ സി.ഇ.ഒമാരോ ഡയറക്ടര്‍മാരോ ആണെന്നും നമുക്കറിയാം.

ചെന്നൈ ഫുട്ബോള്‍ ക്ലബ്ബ്: പേര് സൂചിപ്പിക്കും വിധം ചെന്നൈ കേന്ദ്രമായുള്ള കമ്പനി. ബിഗ് ബിയുടെ പ്രിയപുത്രന്‍ അഭിഷേക് ബച്ചനാണ് പ്രധാന പ്രമോട്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റര്‍ മുന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി, ഏഷ്യന്‍ പെയിന്‍റ്സ് ഉടമ വിറ്റ ദാനി എന്നിവരാണ് ഈ ഫുട്ബോള്‍ കമ്പനിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

ഡല്‍ഹി ഡൈനാമോസ് എഫ്.സി: രാജ്യത്താകമാനം വിവര വിനിമയ ശൃംഖലകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ഡെന്‍ ഗ്രൂപ്പ് മേധാവി സമീര്‍ മാന്‍ചന്ദയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഡല്‍ഹി ഡൈനാമോസ്. 200-ല്‍ പരം നഗരങ്ങളടക്കം രാജ്യത്തെ 13 മില്യണ്‍ വീടുകളില്‍ ഡെന്‍ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ പരിപാടികള്‍ എത്തിക്കുന്നുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബ്രോഡ്ബാന്‍റ് സംവിധാനവും ഇദ്ദേഹത്തിന്റെ കമ്പനി – ഡെന്‍ നെറ്റ് വര്‍ക്ക് (ലി) നാട്ടിലെമ്പാടും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ പുത്തന്‍ ശതകോടീശ്വരന്‍മാരിലൊരാള്‍.

ഫുട്ബോള്‍ ക്ലബ്ബ് ഗോവ: ഗോവയില്‍ നിലവിലുണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട ഫുട്ബോള്‍ ക്ലബ്ബുകളായ സല്‍ഗോക്കര്‍, ഡെമ്പോ കൂടാതെ വിഡിയോകോണ്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇരുമ്പ് അയിര്‍ ഖനനം, ഷിപ്പിങ്ങ്, ഹോട്ടല്‍ വ്യവസായം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ദത്തരാജ് സല്‍ഗോക്കറാണ് നേരത്തെ തന്നെ സല്‍ഗോക്കര്‍ ക്ലബ്ബിന് പണം മുടക്കിയിരുന്നത്. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട ഖനനവ്യവസായ ഗ്രൂപ്പായ ഡെമ്പോ മൈനിങ്ങ് കോര്‍പ്പറേഷന്‍ (ലി) ആണ് ഡെമ്പോ ക്ലബ്ബിന്‍റെ ഉടമസ്ഥര്‍.

ഫുട്ബോള്‍ ക്ലബ്ബ് പൂനെ സിറ്റി: പ്രമുഖ ബോളിവുഡ് നടന്‍  ഹൃത്വിക് റോഷനാണ് ഈ ടീമിന്‍റെ ഒരു പ്രധാനപ്പെട്ട പ്രമോട്ടര്‍. ബാങ്കിങ്ങ്, ഹോട്ടല്‍ വ്യവസായം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ പണം മുടക്കി വ്യവസായം നടത്തുന്ന രാജേഷ് വര്‍ദ്ധമാന്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥരായ കപില്‍ വര്‍ദ്ധമാന്‍, ധീരജ് വര്‍ദ്ധമാന്‍ എന്നിവരാണ് മറ്റ് രണ്ട് പാര്‍ട്ടണേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ഫുഡ്ബോള്‍ ക്ലബ്ബ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും നിരവധി വ്യവസായ സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കുമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ പ്രമോട്ടറായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇന്ത്യന്‍ മാധ്യമ രംഗത്തെ കുത്തക മുതലാളിയും വലിയതോതില്‍ കലാ-സാംസ്കാരിക വ്യവസായം നടത്തുന്ന ആളുമായ പ്രസാദ് വി. പൊട്ലൂരിയാണ് ഈ മേഖലയില്‍ സച്ചിന്‍റെ പ്രധാന ബിസിനസ് പങ്കാളി. ഐ.പി.എളില്‍ ഹൈദ്രബാദ് ടീമിനായി പണം മുടക്കിയിട്ടുള്ള വ്യവസായ ഗ്രൂപ്പാണ് പൊട്ലൂരിയുടേത്. പിന്നീട് തെലുങ്കു നടന്മാരായ ചിരംജീവി, നാഗാര്‍ജ്ജുന എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യത്തിന് പൊട്ലൂരി തന്‍റെ ഷെയറുകള്‍ വിറ്റു.

മുംബൈ സിറ്റി ഫുട്ബോള്‍ ക്ലബ്ബ്: മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ടാമത്തെ ഐ.എസ്.എല്‍. ക്ലബ്ബാണ് മുബൈ സിറ്റി ഫുട്ബോള്‍ ക്ലബ്ബ്. മുബൈയിലാണ് ഹോം ഗ്രൗണ്ട്. ഹോളിവുഡ് ആക്ടറും വ്യവസായിയുമായ രണ്‍ബീര്‍ കപൂറാണ് ഫുട്ബോള്‍ ടീമിന്‍റെ മുഖ്യ പ്രമോട്ടര്‍. ഇദ്ദേഹത്തിന്‍റെ പാര്‍ട്ണര്‍ മുംബൈയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ബിമല്‍പ്രകാശാണ്. ഇദ്ദേഹത്തിനും വിവിധ വ്യവസായ സംഭങ്ങളില്‍ പങ്കളിത്തം ഉണ്ട്.

നോര്‍ത്ത്- ഈസ്റ്റ് യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് : അസമിലെ ഗുവാഹത്തിയാണ് ടീം നടത്തുന്ന കമ്പനിയുടെ ആസ്ഥാനം. പ്രമുഖ മോഡലും ഹോളിവുഡ് ആക്ടറും സിനിമാ നിര്‍മ്മാതാവുമായ ജോണ്‍ അബ്രഹാമാണ് ഈ ടീമിനായി പണമെറിഞ്ഞിട്ടുള്ള ഒരാള്‍. നേരത്തെ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗിനായി ഷില്ലോങ്ങ് കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ക്ലബ്ബായ ഷില്ലോങ്ങ് ലാജോങ്ങ് ആണ് മറ്റൊരു പ്രമോട്ടര്‍. പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എയര്‍സെല്ലും സ്പോര്‍ട്ടസ് ഗുഡ്സ് നിര്‍മ്മാതാക്കളായ അഡിഡാസുമാണ് ഷില്ലോങ്ങ് ലാജോങ്ങ് ക്ലബ്ബിന് നേതൃത്വം നല്‍കിയിരുന്നത്.

isl

ഐ.എസ്.എലിനേയും കമ്പനിയേയും നിയന്ത്രിക്കുന്നത് അംബാനി കുടുബം
മുകേഷ് അംബാനിയുടെ സഹധര്‍മ്മിണി നിത അംബാനിയാണ് ഐ.എസ്.എല്‍. സംഘാടനത്തിനായി ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനിയായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവലപ്പ്മെന്‍റ്  ലിമിറ്റഡിന്‍റെ സ്ഥാപകയും ചെയര്‍പേഴ്സണും. കമ്പനിയുടെ മുഖ്യഓഹരി വിഹിതം അംബാനി കുടുംബം കൈവശം വെച്ചിരിക്കുന്നു. കൂട്ടത്തില്‍ മറ്റ് ഇന്ത്യന്‍ കുത്തകകള്‍ക്കും കമ്പനിയില്‍ ഷെയര്‍ വിഹിതമുണ്ട്.

റിലയന്‍സിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഇപ്പോള്‍ നിത അംബാനി. ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ്  ലിമിറ്റഡ് 2014-ല്‍ രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ്. മുംബൈ കേന്ദ്രമാക്കി ഐ.എം.ജി. – റിലയന്‍സ് എന്ന വ്യവസായിക സ്ഥാപനമാണ് ഈ കമ്പനിക്ക് രൂപം കൊടുക്കുന്നത്. സ്റ്റാര്‍ ഇന്ത്യ എന്ന സ്ഥാപനവും ഈ കൂട്ടുകച്ചവടത്തില്‍ ഒന്നിച്ചിരിക്കുന്നു.

നമ്മുടെ രാജ്യത്തേയും വിദേശത്തേയും ദശലക്ഷക്കണക്കിന് ആളുകളെ ഓരേ വര്‍ഷവും ഏതാണ്ട് രണ്ട്-രണ്ടര മാസക്കാലം ആവേശത്തോടെ നിര്‍ത്തി ടെലിവിഷന് മുന്നിലും സ്റ്റേഡിയങ്ങളിലും എത്തിച്ച് പണം കൊയ്യുന്ന ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ്  ലിമിറ്റഡ് എന്ന  ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ആരെല്ലാമുണ്ടെന്ന കാര്യം പരിശോധിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാവും.

നിത അംബാനി ചെയര്‍പേഴ്സനായുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ വ്യവസായ പ്രമുഖരായ അഷു ജിന്‍റാല്‍ (ജിന്‍റാല്‍ ഗ്രൂപ്പ് – ഖനന വ്യവസായി), സജ്ജയ് ഗുപ്ത (സ്റ്റാര്‍ സ്പോര്‍ട്ട്സ്, മാധ്യമ വ്യവസായി), ദിലീപ് റസിക് ലാല്‍ ദോഷി (എന്‍ട്രാക്ക് ഗ്രൂപ്പ്, അന്താരാഷ്ട്ര വ്യാപാരം, ഹോട്ടല്‍, സ്പോര്‍ട്ട്സ് വ്യാപാരം ), സജ്ജയ് ജയ്ന്‍ (ടെലിവിഷന്‍, വ്യോമയാനം, സ്പോര്‍ട്ട് ഗുഡ്സ് ഉത്പാദനവും വിപണനവും), ലളിത് ബാഷിന്‍ (പെട്രോകെമിക്കല്‍സ്, ഹോട്ടല്‍, മദ്യം, വിദ്യാഭ്യാസം കച്ചവടം) എന്നിവരാണുള്ളത്. ഇവരുടെയെല്ലാം സ്പോര്‍ട്ട്സ് താല്‍പര്യമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു.

നൂറുകണക്കിന് കോടി മുതല്‍ മുടക്കും അതിനേക്കളേറെ വിറ്റുവരവും ഉള്ള വമ്പന്‍ വ്യവസായമാണ് ഇന്ന് ഐ.എസ്.എല്‍. ഓരോ സീസണിലും കമേഴ്സ്യല്‍ സ്പോണ്‍സര്‍ഷിപ്പ് (ടെലിവിഷന്‍ പകര്‍പ്പവകാശം, മാച്ച് സംഘാടനം, ടിക്കറ്റിങ്ങ്, മാച്ച് നടക്കുമ്പോഴും അതിന് മുന്‍പും ശേഷവുമുള്ള പരസ്യം, സമ്മാനങ്ങള്‍ മുതലായവ) തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കോടികളാണ് ഈ വ്യവസായികള്‍ കൊണ്ടുപോകുന്നത്. നാട്ടിലേയും വിദശത്തെയും കുറച്ച് കളിക്കാര്‍ക്ക് പണം ലഭിക്കുന്നതിനപ്പുറത്ത് നമ്മുടെ നാട്ടിലെ കായിക വികസനത്തിന് ഇവര്‍ എന്ത് സേവനമാണ് ചെയ്യുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഐ.പി.എല്‍. വഴി ക്രിക്കറ്റിനേയും ഐ.എസ്.എല്‍.വഴി ഫുട്ബോളിനേയും ലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഒരു കൂട്ടമാളുകള്‍ മാറ്റിക്കഴിഞ്ഞിരിക്കുന്നു.

isl1

ഐ.എസ്.എല്‍. കേരളത്തിന്‍റെ നീക്കി ബാക്കി
1973-ൽ കേരളം ആദ്യമായി സന്തോഷ്‌ട്രോഫി നേടുന്നത് ഏലൂരിലെ ഫാക്ടിലെ തൊഴിലാളിയായ മണിയുടെ നേതൃത്വത്തിലാണ്. പിന്നീട് പലതവണ കേരളം ട്രോഫി നേടി. രാജ്യാന്തര മത്സരങ്ങളിൽ ശോഭിച്ച നിരവധി കളിക്കാരെ കേരളം വാര്‍ത്തെടുത്തു. പക്ഷെ അവർക്കൊന്നും കിട്ടാത്ത താരപരിവേഷമാണ് ഇപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമുള്ള ടീമിന് ലഭിക്കുന്നത്. വ്യവസായികള്‍ പ്രമോട്ട് ചെയ്യുന്ന കളിയിലെ കേമത്തം, കേവലം ഒരു വില്പനച്ചരക്കായി മാത്രം മാറുന്ന സംഘത്തിന് ലഭിക്കുന്ന ഒന്നുമാത്രമാണ്. ഈ സംഘത്തെ എന്തിനാണ് മലയാളികൾ നെഞ്ചിലേറ്റി നടക്കുന്നത്? ഇതു സംഘടിപ്പിക്കുന്ന ഇന്ത്യയെത്തന്നെ വില്പനച്ചരക്കായി മാറ്റിയ കോര്‍പ്പറേറ്റുകളും സച്ചിനടക്കമുള്ള താരരാജാക്കന്മാരും കേരളത്തിലെ പാവപ്പെട്ട കളിക്കാരുടെ വളർച്ചക്ക് എന്തെങ്കിലും സംഭാവന ചെയ്യുമെന്നു ആരെങ്കിലും കരുതുന്നുണ്ടോ? താരസുന്ദരിമാരും സുന്ദരന്മാരും അവർ ലേലത്തില്‍ പിടിക്കുമ്പോള്‍ മാത്രം കേട്ടറിഞ്ഞ കുറെ കൂലിക്കളിക്കാർക്കു വേണ്ടികൂക്കി വിളിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന കാഴ്ച്ച ദയനീയമാണ്.

ദിവസങ്ങൾക്ക് മുൻപ് വിറ്റഴിഞ്ഞ ടിക്കറ്റുകളിലൂടെ സ്വരൂപിക്കപ്പെടുന്ന പണത്തിന്റെ ഏതെങ്കിലും ഭാഗം കേരളത്തിലെ ഫുട്ബാൾ സംസ്കാരം വളർത്തിയെടുക്കാന്‍ ഇവര്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ? നമ്മുടെ ചെറുപ്പക്കാര്‍ കൂലിക്കളിക്കാരായി അധഃപതിക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കുകയും സ്വന്തം കഴിവുകൾ നമ്മുടെയിടയിൽ തന്നെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നല്‍കിക്കൊണ്ട് പൂര്‍ണ്ണ വ്യക്തികളായി മാറാനുള്ള അവസരമൊരുക്കാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോ? അതോ കോർപ്പറേറ്റുകളുടെ ഊഹക്കച്ചവടത്തിന്റെ സ്വഭാവമുള്ള ആനന്ദോത്സവങ്ങൾക്ക് കുറെ (അവരുടെ കണ്ണിൽ) മന്ദബുദ്ധികളായ മലയാളികളായ ഫുട്ബാൾ പ്രേമികളെ പങ്കെടുപ്പിക്കാനും അവരുടെ പോക്കറ്റുകൾ കൊള്ളയടിക്കാനുമുള്ള തന്ത്രങ്ങളാണോ അരങ്ങേറുന്നത്? ഇത്തരം മാമാങ്കങ്ങളിലൂടെ എത്ര കള്ളപ്പണമാണ് ഒഴുകുന്നതെന്നു കള്ളപ്പണവേട്ടക്കാർ ശ്രദ്ധിക്കുമോ? (പ്രത്യേകിച്ച് ബി.സി.സി.ഐയെ പൊതിഞ്ഞിരിക്കുന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ)

ഈ കൊള്ളക്കായി ഇത്തരക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത് ജനങ്ങളുടെ ദേശസ്നേഹമാണെന്നത് തീര്‍ത്തും വിരോധാഭാസമാണ്. ഒരുതരം പരിഹാസത്തോടുകൂടിയാണെങ്കിലും ഇങ്ങനെയിത്  പറയേണ്ടിവരുന്നത് കഷ്ടമാണ്. ജനകീയ സര്‍ക്കാരുകളെന്ന പേരില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഒരുതരം ക്രോണി കാപ്പിറ്റലിസത്തിന്‍റെ പതിപ്പായി അരങ്ങേറുന്ന മാമാങ്കങ്ങള്‍ക്കാവശ്യമായ  മുഴുവന്‍ ഒത്താശയും ചെയതുകൊടുക്കുന്നത് തീര്‍ത്തും ജുഗുപ്സാവഹമായ ഒന്നാണെന്നും ഇവിടെ പറയാതെ വയ്യ. അപ്രിയമെങ്കിലും ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയാന്‍ നാം തയ്യാറാകേണ്ടതുണ്ട്

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

Avatar

മനോജ് വി കൊടുങ്ങല്ലൂര്‍

അദ്ധ്യാപകന്‍, സാമൂഹ്യനിരീക്ഷകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍