UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

kaffeeklatsch

ഹരീഷ് ഖരെ

കോഹ്ലിയുടെ ആക്രമണവും ചേതന്‍ ഭഗത്തിന്റെ ഇംഗ്ലീഷും; ഹിന്ദു ദേശീയതയുടെ പുതിയ രൂപങ്ങള്‍

പുതിയ ഭരണാധികാരികള്‍ക്കൊപ്പം വന്ന ചില ജീവിത ശൈലികള്‍

                       

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 5-നു തുടങ്ങുകയാണ്. ഒരു വാണീജ്യ പരിപാടി എന്ന നിലയില്‍ ഐപി‌എല്‍ സംശയകരമായ ധാര്‍മികതയുള്ള ഒരു പദ്ധതിയാണ്. അതാകര്‍ഷിക്കുന്നത് ആര്‍ത്തിപിടിച്ച മൂലധനത്തെയാണ്. പക്ഷേ ഞാന്‍ ഈ പുതിയ കളിക്കാലത്തെ നോക്കുന്നതിന് വേറൊരു കാരണമുണ്ട്. ക്രിക്കറ്റിന്റെ മറവില്‍ നടക്കുന്ന ഈ വമ്പന്‍ വിനോദ പരിപാടി ഈയിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ദേശീയത, ക്രിക്കറ്റ് എന്ന വികാരത്തെ നമ്മില്‍ നിന്നും തട്ടിമാറ്റുന്നു. എന്തായാലും ഗവാസ്കര്‍-ബോര്‍ഡര്‍ ട്രോഫി നമ്മള്‍ നിലനിര്‍ത്തിയത് നമ്മളൊരു മഹത്തായ രാഷ്ട്രം ആയതുകൊണ്ടല്ല, നമ്മള്‍ ഓസ്ട്രേലിയക്കാരെക്കാള്‍ നന്നായി  ക്രിക്കറ്റ് കളിച്ചതുകൊണ്ടാണ്- കൂടുതല്‍ മത്സരക്ഷമത, കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യം.

പക്ഷേ തികച്ചും കച്ചവട കാരണങ്ങളാല്‍ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നമ്മുടെ ദേശീയതയെ ഊട്ടിയുറപ്പിക്കാനുള്ള ഒന്നായാണ് വിറ്റത്. കളിയിലേക്ക് തികച്ചും അനാവശ്യമായ ആക്രമണോത്സുകത കുത്തിക്കയറ്റി. ഇന്ത്യന്‍ നായകന്‍ തന്റെ വികാര പ്രകടനങ്ങള്‍ക്ക് വഴിപ്പെടുകയും അങ്ങനെ ബാറ്റ്സ്മാന്‍ എന്ന നിലയിലെ പ്രകടനം മോശമാക്കുകയും ചെയ്തു എന്ന സൌരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കും. ഡ്രെസ്സിംഗ് റൂമില്‍ കളി കാണുമ്പോഴും വിരാട് കൊഹ്ലിയുടെ വിപണി കാര്യസ്ഥന്‍മാര്‍ അയാളെ രൂക്ഷമായ ഭാവപ്രകടനങ്ങള്‍ക്ക് പരിശീലിപ്പിക്കുകയാവും എന്നറിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ആത്മവിശ്വാസം തുളുമ്പുന്ന ഒരു പുതിയ ഇന്ത്യയുടെ ഭാവമായാണ് കോഹ്ലിയുടെ ആക്രമണോത്സുകമായ രീതികളെ വിറ്റത്.

ഇവിടെയാണ് അത്യാവേശം കൊള്ളുന്ന ‘ദേശീയ’ വികാരങ്ങള്‍ക്ക് ഐപിഎല്‍ ഒരു മറുമരുന്നാകാനുള്ള സാധ്യതയുള്ളത്. ഇത് ടെലിവിഷന് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു പരിപാടിയാണ്- അതിന്റെ കാഴ്ച്ചക്കാരും പരസ്യ വരുമാനവും. ഇപ്പോള്‍ നമ്മള്‍ ഏതെങ്കിലും ‘നഗര’ ടീമിനുവേണ്ടിയാണ് ആര്‍പ്പുവിളിക്കുന്നത്. ചലച്ചിത്ര താരങ്ങളും മറ്റ് പ്രശസ്തരും ഇങ്ങനെയുള്ള ടീമുകളുടെ ‘വിശ്വസ്ത’രെ കൂട്ടാനായി രംഗത്തിറങ്ങും. ടീമുകള്‍ ഏതെങ്കിലും നഗരത്തിന്റെ പേരില്‍ അറിയപ്പെടും. ഇപ്പോള്‍ ഐപിഎല്ലില്‍ ഒരു സംഘം ഇന്ത്യന്‍-ഓസ്ട്രേലിയന്‍ കളിക്കാര്‍ മറ്റൊരു സംഘം ഇന്ത്യ-ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കെതിരെ തന്ത്രം മെനയുന്നതും കളിക്കുന്നതും നാം കാണും. പല ടീമുകളും ഓസ്ട്രേലിയന്‍ പരിശീലകരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തുന്നു. ഈ മിശ്രണം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കിടയില്‍ ഒരു സൌഹൃദ രസതന്ത്രം സൃഷ്ടിക്കുന്നു. കളിക്കാരാരും തങ്ങളുടെ ഭൂമിയുടെ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തിലല്ല. കനത്ത കരാര്‍ തുകയ്ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനുള്ള ആഗ്രഹം മാത്രമാണവരെ മുന്നോട്ട് നയിക്കുക.

കളിക്കാര്‍ അവരുടെ ‘ദേശീയ’വികാരങ്ങളെ അലിയിച്ചുകളയുന്നതിനെക്കാള്‍ ഏറെ, കാണികളുടെ ആള്‍ക്കൂട്ട വികാരങ്ങളെയാണ് ഇത് സ്വാധീനിക്കുക. വിവിധ രാജ്യക്കാരായ കളിക്കാര്‍ ഇന്ത്യന്‍ ലീഗില്‍ ഇന്ത്യന്‍ സംവിധാനത്തില്‍ കളിക്കുന്നത് കുറച്ചുകൂടി അയഞ്ഞിരുന്നു കളി കാണാന്‍ നമ്മെ സഹായിക്കും. പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ കളിപ്പിക്കാതിരിക്കാന്‍ നാം സകല പയറ്റും നടത്തുന്നത് വെറുതെയല്ല.

യുഎസിലെ ഇല്ലിനോയ്സില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ചെറുപ്പക്കാരിയായ ഗവേഷകയാണ് മനീഷ ബസു. അവര്‍ ഗംഭീരമായൊരു പുസ്തകം എഴുതിയിരിക്കുന്നു, ‘The Rhetoric of Hindu India”. പുസ്തകത്തില്‍ അക്കാദമികമായ ചില ക്ലിഷ്ടതകള്‍ ഉണ്ടെങ്കിലും ഹിന്ദുത്വ ശക്തികളുടെ ഉയര്‍ച്ച സാധ്യമാക്കിയ സാംസ്കാരിക ആഖ്യാനത്തെക്കുറിച്ച് അതൊരു പുതിയ ബോധം തരുന്നു. കഴിഞ്ഞ പത്തു-പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ‘മെട്രോപ്പോലിറ്റന്‍ ഹിന്ദുത്വം’ എങ്ങനെയാണ് മധ്യവര്‍ഗത്തിന് ഇത്രയും സ്വീകാര്യമായത് എന്നത് ബസു വിശദമാക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഈ ഇന്ത്യയിലാകമാനമുള്ള വ്യാപനത്തിനുള്ള നിര്‍ണായക കാരണം ഈ ‘പുതിയ രാഷ്ട്രീയ ഭാഷ’യാണ്. ഈ ഭാഷയാണ് വലിയ വിഭാഗം ഉപരി, മധ്യവര്‍ഗക്കാരെയും കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അര്‍ദ്ധ സാക്ഷരരായ ജനങ്ങളെയും ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാക്കിയത്.

ബസുവിന്റെ ശേഷിയെ വ്യത്യസ്തമാക്കുന്നത് ‘പുതിയ ഇന്ത്യ’യുടെ എഴുത്തുകാരായ ചേതന്‍ ഭഗത്തിനെയും അമീഷ് ത്രിപാഠിയെയും വേര്‍പിരിച്ചെടുക്കുന്നതിന് കാണിച്ച കഴിവാണ്. ചേതന്‍ ഭഗത് ഒരു നന്നായി വില്‍ക്കുന്ന എഴുത്തുകാരന്‍ മാത്രമല്ല, ഒരു ‘വിപണി പ്രതിഭാസം’ കൂടിയാണ്. പഴയ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, അരവിന്ദ് അഡിഗ തുടങ്ങിയവരെയൊക്കെ വായനക്കാര്‍ അല്പം ക്ലിഷ്ടതയോടെയാണ് കണ്ടത്. എന്നാല്‍ ചേതന്‍ ഭഗത് പുത്തന്‍ തലമുറ ‘കോള്‍ സെന്‍റര്‍’ ഇംഗ്ലീഷ് വായനക്കാര്‍ക്കായി എഴുതി. ബസു പറയുന്നു, ‘ഭഗത്തിന്റെ വായനക്കാര്‍ അധികവും യുവാക്കളാണ്. ഒരു പ്രത്യേക തരം ഇംഗ്ലീഷ് നോവല്‍ വായിക്കുന്നത് ചില പ്രത്യേകതരം ജോലികള്‍ കിട്ടാന്‍ സഹായിക്കുമെന്ന ആശയത്തോട് ആദ്യമായി തിരിച്ചറിഞ്ഞവര്‍.’

ശരിക്കും ഒരു വലിയ വില്‍പ്പനയുള്ള ആദ്യത്തെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനാണ് ചേതന്‍ ഭഗത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അയാളുടെ പുസ്തകങ്ങള്‍ ഭഗല്‍പ്പൂര്‍ മുതല്‍ ഭട്ടിന്‍ഡ വരെ ഏത് തീവണ്ടി സ്റ്റേഷനിലും കിട്ടും. ഇന്ത്യന്‍ ദേശീയ ഭാഷയുടെ പ്രതീകമായി ഒരു തരം കോള്‍ സെന്‍റര്‍ ഇംഗ്ലീഷിനെ തെരഞ്ഞെടുത്ത ചേതന്‍ ഭഗത് മിടുക്ക് കാണിച്ചു എന്ന് ബസു പറയുന്നു. ഈ പുതിയ, ദേശീയമായി സ്വീകാര്യമായ, സൈബര്‍ പ്രിയമുള്ള, സ്വീകാര്യമായ ഇംഗ്ലീഷാണ് നഗരങ്ങളെയും പുറമ്പ്രദേശങ്ങളെയും ‘പുതിയ ഹിന്ദു ഇന്ത്യ’യുടെ സേവനത്തിനായി ഒന്നിപ്പിക്കുന്നത്.

ചേതന്‍ ഭാഗത്തിനെ കുറിച്ചുള്ള ബസുവിന്റെ വിലയിരുത്തല്‍ വായിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയത്. നോട്ട് പിന്‍വലിക്കല്‍ വലിയ നീക്കമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ‘ഹാര്‍വാര്‍ഡ്’ അല്ല ‘കഠിനശ്രമ’മാണ് (hard work) വിജയത്തിലേക്കുള്ള നിര്‍ണായക ഘടകമെന്ന് മോദി പറഞ്ഞു. ഗ്രാമീണ ഇന്ത്യയോട്, സ്വയം പ്രധാനികളായ പുറത്തുനിന്നുള്ളവരെയും അവരുടെ വിമര്‍ശനങ്ങളെയും അവഗണിക്കാനും അതേസമയം ഹാര്‍വാര്‍ഡ് സംഘങ്ങളുടെ വിമര്‍ശനം ഗൌരവമായി എടുക്കേണ്ടതില്ലെന്ന് തന്റെ നഗര ഭക്തന്മാരോടും പറയുകയായിരുന്നു മോദി.

ബസു പറയുന്നത് ചേതന്‍ ഭഗത്തിന്റെ വിജയം, ‘മെട്രോപൊലിറ്റന്‍ ഇന്ത്യയുടെ ഓര്‍മ്മകളില്ലാത്ത തരം മാധ്യമ എഴുത്തു ശൈലി’ അവതരിപ്പിച്ചതിലാണ്. പുതിയ ചരിത്രം ഓര്‍മ്മകളില്ലാത്തതാണ്. അതുകൊണ്ട് ‘ഒന്നും’ സംഭവിച്ചിട്ടില്ല, നെഹ്റുവിന്റെ ഇന്ത്യയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഭഗത് ആഗ്രഹിക്കുന്നത് ഒരു ‘പോസിറ്റീവ് ഹിന്ദുയിസം’ ആണ്. ‘ആധുനികം, സുരക്ഷിതം, സ്വാതന്ത്രം, ഉദാരം പിന്നെ… നല്ല മൂല്യങ്ങളും’. ഭഗത് മോദിയെ അംഗീകരിക്കുകയും ഫെയ്സ്ബുകില്‍ കുറിക്കുകയും ചെയ്തു, ‘നമോയെ കണ്ടു. ഇത്ര ദീര്‍ഘമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും എന്നിട്ടും ഒരു സെല്‍ഫിയെടുക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരാള്‍ യുവാക്കളുടെ തുടിപ്പറിയാവുന്ന ഒരു നേതാവാണെന്ന് നിങ്ങള്‍ക്ക് മനസിലാകും’. പഴയ ഹിന്ദുത്വ പദ്ധതിയിലേക്ക്  ഒരു പുതിയ യുവ ഊര്‍ജം കുത്തിവെക്കുന്ന പുതിയ വിശ്വാസി സംഘമായാണ് ബസു, ചേതന്‍ ഭഗത്തിനെയും അമീഷ് ത്രിപാഠിയെയും കാണുന്നത്. അര്‍ദ്ധസാക്ഷരരായ പുതു തലമുറയ്ക്ക് എളുപ്പം മനസിലാകുന്ന ഒരു ഭാഷയിലൂടെയാണത്.

ക്ലിഷ്ടമായ പുസ്തകമാണ്, പക്ഷേ ഉള്‍ക്കാഴ്ച്ചയുള്ള വായന.

ചേതന്‍ ഭഗത്തിന്റെ പുതിയ തരം ഇംഗ്ലീഷിന്റെ ജനപ്രിയത അപഗ്രഥിച്ചുകൊണ്ടിരിക്കെ ഒരു സുഹൃത്ത് എനിക്കൊരു തമാശ അയച്ചുതന്നു.

“KILLER ENGLISH BY TEACHERS’

PT teacher: You three of you, stand together separately.
Geography teacher: Will you hang that map or else I’ll hang myself?
Principal: Tomorrow call your parents, especially Mother and Father.
And the terrific one
English teacher: Why are you looking at the monkeys outside when I’m in the class!

ചേതന്‍ ഭഗത്തിന് മുമ്പുള്ള കാലത്ത് ശരിക്കുള്ള ഇംഗ്ലീഷ് അറിയുന്നു എന്നു പറഞ്ഞിരുന്നവര്‍ പുതിയ ‘ഇംഗ്ലീഷ് പറയുന്ന വിഭാഗ’ത്തിന്റെ ചെലവില്‍ ആസ്വദിച്ചിരുന്ന തമാശകളാണ് ഇതൊക്കെ എന്നെനിക്കപ്പോള്‍ തോന്നി.

ചേതന്‍ ഭഗത് ചെയ്തത് ഇംഗ്ലീഷ് വലിയ പരിചയമില്ല എന്ന നമ്മുടെ അപകര്‍ഷത ബോധത്തെ മറികടക്കാന്‍ സഹായിക്കുകയാണ്. എന്തുകൊണ്ടാണ് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ എല്ലാ വര്‍ഷവും നൂറുകണക്കിനു കോടി രൂപ തങ്ങളുടെ മക്കളെ ഈ ‘ഇംഗ്ലീഷ് മീഡിയം’ സ്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ചെലവാക്കുന്നത് എന്നതിന് നമുക്ക് കാരണം കിട്ടുന്നു. വലുതും ചെറുതുമായ നഗരങ്ങളില്‍ ഒരു ‘tinker-bell’ നഴ്സറി സ്കൂളെങ്കിലും ഓരോ തെരുവിലും കാണും.

ഈ ഇന്ത്യന്‍-ഇംഗ്ലീഷ് തലമുറയാണ് ‘Harvard’- ‘Hard work’ പരാമര്‍ശത്തില്‍ സംതൃപ്തരായി ചിരിക്കുന്നത്.

പെട്ടെന്ന് ഈ ഉത്സവ കാലത്ത് സകലരും വകഭേദങ്ങളോടെ 9 ദിവസത്തെ നവരാത്രി ഉപവാസമെടുക്കുന്നു എന്നു ഞാന്‍ കാണുന്നു. ഒരുപക്ഷേ നമ്മുടെ പുതിയ ഭരണാധികാരികള്‍ക്കൊപ്പം വന്ന പുതിയ ജീവിത ശൈലിയായിരിക്കും ഇത്. പക്ഷേ ഉപവാസത്തിനനുകൂലമായി വളരെ യുക്തിസഹമായ രണ്ടു കാരണങ്ങളാണ് ഞാന്‍ കേട്ടത്. ഒന്ന്, അത് ശരീരത്തിലെ ‘മാലിന്യ’ങ്ങളെ കളഞ്ഞ് വിഷവിമുക്തമാക്കുന്നു. ഉപവസിക്കുന്നയാള്‍ക്ക് മതാനുഭൂതിയും ലഭിക്കുന്നു. രണ്ടാമത്തെ വിശദീകരണം കൂടുതല്‍ യുക്തിയുള്ളതാണ്; കാലങ്ങളായി ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ്. ഒരിക്കലും ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നില്ല. മാര്‍ച്ചിലും ഒക്ടോബറിലുമായി നവരാത്രികളില്‍ 18 ദിവസം ഉപവസിക്കുമ്പോള്‍ സ്വാഭാവികമായും 18 ദിവസത്തെ ഗോതമ്പും പരിപ്പുമാണ് സമ്പാദ്യം.

എന്തായാലും ഉപവാസത്തില്‍ കാപ്പിക്ക് വിലക്കൊന്നുമില്ല എന്നത് നല്ല കാര്യം. വരൂ, ഒരു കാപ്പി കുടിക്കാം.

 

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

Share on

മറ്റുവാര്‍ത്തകള്‍